തിരുവനന്തപുരം ∙ ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്രോൾ. തിരുവനന്തപുരത്ത് നോർക്ക ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സദസ്സിനെ ചിരിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രയോഗം. കഴിഞ്ഞ ദിവസം നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിലെ ആളൊഴിഞ്ഞ കസേരകൾ വലിയ വാർത്തയായിരുന്നു. ഇതിനെ എഐ നിർമിതമെന്നു പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടിയും ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക പരിപാടിയിലെ നിറഞ്ഞ സദ്ദസ്സിനെ നോക്കി ഇത്തരത്തിൽ സംസാരിച്ചത്. നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വിജയമാണ് സദസ്സിലെ നിറഞ്ഞ കസേരകളെന്നും പിണറായി വിജയൻ പറഞ്ഞു.
ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണു നിറവേറ്റപ്പെടുന്നതെന്നും പ്രവാസികൾക്കു സർക്കാർ നൽകുന്ന സംരക്ഷണത്തിന്‍റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് ലഭിക്കുക. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകർഷണീയതയെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 16,000 ലധികം ആശുപത്രികളിൽ ക്യാഷ് ലെസ് ചികിത്സ ലഭ്യമാകുമെന്നും പറഞ്ഞു. English Summary:
Pinarayi Vijayan takes a Jibe on Criticism Against Ayyappa Sangamam: His Troll focuses on a humorous jab at recent criticisms regarding empty seats. The Kerala Chief Minister highlighted the success of the Norka Insurance Scheme, referencing the fully occupied venue as a testament to its value. The insurance scheme provides health and accident coverage for overseas Keralites. |