കൊല്ലം ∙ ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദേവസ്വം ബോര്‍ഡിന്‍റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. സ്മാര്‍ട്ട് ക്രിയേഷന്‍സിനു നല്‍കിയ സ്വര്‍ണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു.
- Also Read ‘ശബരിമലയിൽ കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്; ഇന്ന് യുഡിഎഫിന് വലിയ കണ്ണുനീർ’
‘‘2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കു വിട്ടു നൽകിയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കു സ്വർണപ്പാളികൾ കൈമാറരുത് എന്നത് എന്റെ നിർദ്ദേശമായിരുന്നു. 2024ൽ വേറെ തിരുവാഭരണ കമ്മിഷണർ ആയിരുന്നു. അദ്ദേഹത്തിനുണ്ടായ ആശയക്കുഴപ്പമാണ് കാരണം. ആ പിശക് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ നടത്തിയിട്ടുള്ളത്. ആരുടെയെങ്കിലും ഇഷ്ടപ്രകാരം പാളികൾ കൊടുക്കാൻ പാടില്ലെന്ന നിലപാടാണ് ഞാൻ എടുത്തത്. 2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ബോർഡിനാണ്. ഇപ്രാവശ്യം പക്ഷേ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിൽ ആക്കേണ്ട ആവശ്യമില്ല’’ – പി.എസ്.പ്രശാന്ത് പറഞ്ഞു.
- Also Read ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡും പ്രതി; അംഗങ്ങളുടെ അറിവോടെ സ്വർണം മാറ്റി, കേസെടുത്ത് ക്രൈംബ്രാഞ്ച്
‘‘തിരുവാഭരണ കമ്മിഷണർക്ക് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. 1998ൽ വിജയ് മല്യ സ്വർണംപൂശിയ കാര്യങ്ങൾ മുതൽ അന്വേഷിക്കട്ടെ. സ്പോൺസറെ മാറ്റിയത് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. പുരാവസ്തുവിന്റെ മൂല്യം നിർണയിക്കാൻ ഒരു ഏജൻസി വരണം. അത്തരം കാര്യങ്ങളിൽ തീരുമാനം വരട്ടെ. നഷ്ടപ്പെട്ട സ്വർണം എല്ലാം തിരിച്ചുപിടിക്കുക എന്നതാണ് ബോർഡിന്റെ നിലപാട്. ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ല. പ്രത്യേക അന്വേഷണസംഘം ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. നിലവിൽ തിരുവാഭരണ കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. ഈ മാസം 14ന് ദേവസ്വം ബോർഡ് യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. സംഭവത്തിൽ മുരാരി ബാബു മാത്രമല്ല കുറ്റക്കാരൻ. നിലവിൽ സർവീസിൽ ഉള്ള രണ്ടുപേരാണ് പ്രതി പട്ടിയിലുള്ളത്’’ – പി.എസ്. പ്രശാന്ത് പറഞ്ഞു. English Summary:
Travancore Devaswom Board President Demands Investigation: Board President PS Prasanth calls for a thorough investigation into decisions dating back to 1998 and emphasizes the commitment to recovering any lost gold, ensuring transparency, and holding those responsible accountable. |