കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ച് തലയ്ക്ക് വെട്ടേറ്റ ഡോ. ടി.പി.വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തിന് സർജറി ചെയ്തിരുന്നു. ഡോക്ടർക്ക് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
- Also Read അമീബിക് മസ്തിഷ്ക ജ്വരം: കൊല്ലം സ്വദേശി മരിച്ചു, ഈ മാസത്തെ മൂന്നാമത്തെ മരണം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയുടെ പിതാവ് ആനപ്പാറപൊയിൽ സനൂപാണ് (40) ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോ.വിപിനെ തലയിൽ കൊടുവാൾ കൊണ്ട് വെട്ടിയത്. മകൾക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ചായിരുന്നു സനൂപ് അതിക്രമം നടത്തിയത്. സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇതിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി. അതേസമയം, ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം ശനിയാഴ്ച പിൻവലിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറും കലക്ടറും കെജിഎംഒഎ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും വരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ചർച്ചയിൽ തീരുമാനമായി.
- Also Read ഷാഫിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി, ഐസിയുവിൽ തുടരും; മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്
കെജിഎംഒഎ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കലക്ടറും ഡിഎംഒയുമായി സംഘടന നടത്തിയ നടന്ന ചർച്ചയിൽ വിവിധ തീരുമാനങ്ങളെടുത്തു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അടിയന്തരമായി ട്രയാജ് സംവിധാനങ്ങൾ ആരംഭിക്കാനുള്ള നിർദേശം ഡിഎംഒ ആശുപത്രി സൂപ്രണ്ടിന് നൽകും. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകളിൽ അഡ്ഹോക്ക് നിയമനം എത്രയും വേഗം നടത്താൻ നടപടികൾ സ്വീകരിക്കും. അക്രമ സംഭവത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉണ്ടായ ഉത്കണ്ഠയും മനോവിഷമവും പൂർണ്ണമായും ഉൾക്കൊണ്ട്, മറ്റ് അനുബന്ധ പ്രശ്നങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാനുള്ള ഇടപെടൽ ജില്ലാ മെഡിക്കൽ ഓഫിസർ നടത്തും. ഡ്യൂട്ടിക്കിടെ വധശ്രമത്തിനിരയായ ഡോക്ടർ വിപിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. English Summary:
Doctor TP Vipin Discharged After Thamarassery Hospital Attack: Doctor TP Vipin was discharged from the hospital after being attacked. He was undergoing treatment at a private hospital in Kozhikode and was discharged on Saturday afternoon. The doctor was attacked by a man who claimed his daughter did not receive proper treatment. |
|