തളിപ്പറമ്പ് ∙ നഗരത്തിലെ കെവി കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്സ് ക്രോ ചെരുപ്പ് കടയുടമ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കെവി കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹൈവേയിലെ ട്രാൻസ്ഫോമറിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്ന് സംശയിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
- Also Read സാമ്പത്തിക പ്രതിസന്ധി മാറാൻ കേന്ദ്ര സഹായം വേണം; എയിംസ് അനുവദിക്കണം: പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
തളിപ്പറമ്പ് തീപിടിത്തവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടക്കുകയാണ്. പൊലീസ്, ഫൊറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, അഗ്നിരക്ഷാ സേന തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചക്ക് എം.വി.ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. അതേസമയം, സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് സ്ഥലം സന്ദർശിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. തീപിടിത്തത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നഗരമധ്യത്തിലെ കെവി കോംപ്ലക്സിൽ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിലെ അമ്പതോളം കടകളാണ് കത്തിനശിച്ചത്. കാസർകോട് ജില്ലയിൽ നിന്നുൾപ്പെടെ അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. തീ പടർന്നപ്പോൾ തന്നെ ആളുകൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. യഥാസമയം അഗ്നിരക്ഷാ സേനയ്ക്ക് തീയണയ്ക്കാൻ സാധിക്കാതെ വന്നതാണ് കനത്ത നാശമുണ്ടാകാൻ കാരണമെന്നും ആരോപണമുണ്ട്. English Summary:
Taliparamba fire accident: A major fire broke out at the KV Complex in Taliparamba, resulting in an estimated loss of 50 crore rupees. Police have registered a case and are investigating the cause, with a suspected short circuit in a nearby transformer. |