കോഴിക്കോട്∙ ലോക പൊലീസ് ചമഞ്ഞ് അമേരിക്ക ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ഇടപെടലുകൾ ആഗോള സമാധാനത്തിന് വലിയ ഭീഷണിയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലോക പൊലീസ് ചമയുന്ന അമേരിക്ക വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോഴിക്കോട് മുതലക്കുളത്ത് എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
What you should read next
‘അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം’: പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ലെന്ന് മുഖ്യമന്ത്രി Latest News
‘‘സാമ്രാജ്യത്വം എക്കാലത്തും യുദ്ധവെറി കാണിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഏടുകൾ പോലും അമേരിക്കൻ സാമ്രാജ്യത്വം പണിതിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം വിജയകരമായി സമാപിക്കുന്ന ഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെയും മറ്റും ശക്തമായ ഇടപെടലിൽ ജപ്പാൻ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതിനിടെയാണു ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കൻ സാമ്രാജ്യത്വം ആറ്റംബോംബിടാൻ തീരുമാനിച്ചത്. തീയിൽ പാറ്റകൾ വന്നു വീഴുന്നത് പോലെയാണ് മനുഷ്യർ അന്ന് അതിനിരയായത്. ആ ഒരു ഘട്ടത്തിൽ അങ്ങനെ ഒരു കാര്യം എന്തിനാണ് ചെയ്തത് എന്നതിന് അന്നും അതിനുശേഷവും ഉത്തരമില്ല. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ശേഷം അമേരിക്കൻ സാമ്രാജ്യത്വം ലോക പൊലീസ് ചമഞ്ഞാണ് കാര്യങ്ങൾ നിറവേറ്റുന്നത്. വിവിധ രാജ്യങ്ങളിൽ ഇടപെടുകയും ആ രാജ്യങ്ങളുടെ ഭരണവ്യവസ്ഥ അട്ടിമറിക്കുകയും ചെയ്തു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു പൊരുത്തവുമില്ല. ജനാധിപത്യം ശരിയായി പുലരുന്നിടത്ത് ആ ജനാധിപത്യ വ്യവസ്ഥയെ തകർത്തു വർഗീയതയ്ക്കും മതമൗലിക ശക്തികൾക്കും മുൻതൂക്കം കൊടുക്കുന്ന നടപടികൾ അമേരിക്കയുടെ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സർക്കാർ ജനാധിപത്യ രീതിയിലായിരുന്നു കാര്യങ്ങൾ നിർവഹിച്ചു വന്നത്. അവിടെ താലിബാനെ സൃഷ്ടിച്ചതും മതമൗലിക ശക്തികളെ വളർത്തിയതും അമേരിക്കൻ സാമ്രാജ്യത്വമാണ്’’ – പിണറായി വിജയൻ പറഞ്ഞു.
1979ൽ ഷാ ഭരണകൂടത്തെ ഇറക്കി പുതിയ ഭരണവ്യവസ്ഥ നിലവിൽ വന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന് രുചിക്കാത്ത ഒന്നായിരുന്നു. ഏറ്റവും അവസാനം രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ഒരു യുദ്ധം അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ അവിടെ നടത്തി. അന്ന് ഇസ്രയേൽ അവകാശപ്പെട്ടത് ഇറാന്റെ കയ്യിലുള്ള എല്ലാ ആണവായുധ ശേഖരവും നശിപ്പിച്ചു എന്നാണ്. ആ ഇറാനു നേരെ വീണ്ടും ആക്രമണത്തിന് പുറപ്പെട്ട സാഹചര്യം നാം നോക്കണം. എല്ലാം സമാധാനപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒമാന്റെ നേതൃത്വത്തിൽ ഒരു ചർച്ച നടക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇറാനും മറ്റൊരു ഭാഗത്ത് ഇസ്രയേലും അമേരിക്കയും. ആരോഗ്യകരമായ ചർച്ചയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നു പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇറാന് നേരെ ആക്രമണം ആരംഭിച്ചു. ഇവിടെ ആക്രമണം നേരത്തേ തീരുമാനിച്ച രീതിയിൽ നടത്തുകയായിരുന്നു. ഒരുതരം വന്യമൃഗനീതിയാണ് നടപ്പാക്കുന്നത്.
ഞങ്ങൾക്ക് ആക്രമണ ശേഷിയുണ്ട് അതിനാൽ എന്തുംചെയ്യും എന്ന സ്ഥിതി. കൂടുതൽ ആണവായുധങ്ങൾ കയ്യിൽ സൂക്ഷിച്ച അമേരിക്കയാണ് ഇറാൻ ആണവശക്തിയായി മാറുന്നു എന്ന് പറഞ്ഞ് ഭീതി പരത്താൻ നോക്കുന്നത്. ആയത്തുല്ല അലി ഖമനയിയെ കുടുംബസമേതമാണ് കൊലപ്പെടുത്തിയത്. ഏതെങ്കിലും തരത്തിൽ രാഷ്ട്ര മര്യാദയ്ക്ക് ചേർന്നതാണോ ഇതെന്നത് പരിശോധിക്കണം. ഖമനയിയുടെ അനന്തരാവകാശിയായി ആരും വന്നാലും അദ്ദേഹത്തെയും കൊലപ്പെടുത്തും എന്നാണ് ഇസ്രയേൽ പറയുന്നത്. എന്തു ചെയ്താലും അമേരിക്കയുടെ പിന്തുണയുണ്ട് എന്ന് ഇസ്രയേലിന് ഉറപ്പുള്ളതിനാലാണ് ലോക പൊതുജനാഭിപ്രായം തള്ളിക്കൊണ്ടുള്ള നിലപാട് ഇസ്രയേൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO ‘ലോക പൊലീസ് ചമഞ്ഞ് അമേരിക്ക ജനാധിപത്യത്തെ തകർക്കുന്നു; ഇറാനിൽ നടത്തുന്നത് വന്യമൃഗനീതി’ Latest News
6 MINUTES AGO 28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു Latest News
17 MINUTES AGO സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; എത്തിയത് പരാതി നൽകാൻ Latest News
VIEW MORE
English Summary:
Pinarayi Vijayan Anti-war rally: Chief Minister Pinarayi Vijayan stated that America, by posing as the world police, is destroying the democratic system. He added that such interventions are a great threat to global peace. He was speaking at the inauguration of an anti-war rally organized by the LDF at Muthalakulam in Kozhikode.