ആലപ്പുഴ ∙ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ സംസ്ഥാനത്തു ശരാശരി താപനില താരതമ്യേന കുറവായിരുന്നെന്നാണു കണക്ക്. ഒരു ദിവസം മാത്രമാണു 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 7 ദിവസവും 2024 ഫെബ്രുവരിയിൽ 17 ദിവസവും അന്തരീക്ഷ താപനില 35 ഡിഗ്രി കടന്നിരുന്നു. 2023ലാകട്ടെ ഫെബ്രുവരിയിൽ എല്ലാം ദിവസവും 35 ഡിഗ്രിയിലേറെ ചൂട് ഉണ്ടായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലാണ് ഇത്തവണത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്– 38.4 ഡിഗ്രി. മൂന്നാർ, കോന്നി, പുനലൂർ, ചെങ്ങന്നൂർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ അൾട്രാ വയലറ്റ് സൂചിക അപകടകരമായി ഉയരുന്ന സ്ഥിതിയുമുണ്ടായി.
കഴിഞ്ഞ രണ്ടു മാസം സംസ്ഥാനത്ത് ലഭിച്ചത് ഇരട്ടിയിലേറെ മഴ
ആലപ്പുഴ ∙ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിൽ ലഭിച്ചത് പതിവിലും ഇരട്ടിയിലേറെ മഴ. മുൻവർഷങ്ങളിലെ ശരാശരി മഴയുടെ അളവ് 21.1 മില്ലിമീറ്റർ ആയിരുന്നു. ഇത്തവണ കിട്ടിയതാകട്ടെ 45.6 മില്ലിമീറ്റർ മഴ. വടക്കൻ ജില്ലകളിലാണു വലിയ തോതിൽ മഴ കൂടിയത്. കോഴിക്കോട് 12 മടങ്ങ് മഴയാണു പെയ്തത്. ശരാശരി 5.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇവിടെ പെയ്തത് 67.3 മില്ലിമീറ്റർ മഴ. ചക്രവാതച്ചുഴി ഉൾപ്പെടെ രൂപപ്പെട്ടതാണു മഴ കൂടാൻ കാരണം. കൊല്ലം ജില്ലയിൽ മാത്രമാണു ശരാശരിയിലും താഴെ മഴ ലഭിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 116% അധികമഴയാണു ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ 1219%, കണ്ണൂർ 565%, പാലക്കാട് 348%, തൃശൂർ 256%, വയനാട് 234% എന്നിങ്ങനെയാണു മഴ ലഭിച്ചത്. കൊല്ലം ജില്ലയിൽ 41.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 36.8 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. തിരുവനന്തപുരം (17%), മലപ്പുറം (19%) എന്നിവിടങ്ങളിലാണു ശരാശരിയോട് അടുത്തു മഴ പെയ്തത്. ആലപ്പുഴയിൽ 75% അധികമഴയാണു ലഭിച്ചത്. 39.1 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് 68.3 മില്ലിമീറ്റർ മഴയാണു പെയ്തത്. ADVERTISEMENT Go AD-FREE
ജനുവരിയിൽ പതിവു പോലെ മഴ കുറവായിരുന്നെങ്കിലും ഫെബ്രുവരിയിൽ ബംഗാൾ ഉൾക്കടലിൽ രണ്ടു ന്യൂനമർദങ്ങൾ രൂപപ്പെട്ടതോടെയാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. ചില പ്രദേശങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ 50 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു. മഴ ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. പതിവ് വേനൽ മഴ ഈ മാസം ലഭിക്കുമെന്നാണു വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ പകൽ താപനില പതിവിലേറെ കൂടാനിടയുണ്ട്. English Summary:
Kerala weather experienced a notable shift with February temperatures being lower than previous years, while rainfall saw a significant increase exceeding double the usual amount, especially in northern districts like Kozhikode. The India Meteorological Department\“s data highlights these climatic variations, with implications for upcoming summer rains and daytime temperatures across the state. |