ഇസ്രയേല്‍ യുഎസ് ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതാണ് ഇന്നത്തെ പ്രധാനവാർത്ത. ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലടക്കം ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖമനയിയുടെ പിൻഗാമി ആരാകുമെന്നതിലും വ്യക്തത വന്നിട്ടില്ല. അതേസമയം വയനാട്–മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിതര്‍ക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചതും ഇന്നത്തെ പ്രധാനവാർത്തയാണ്.
ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ അറിയിച്ചു.
ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് ഇനിയെത്തുക ആരെന്ന ചോദ്യത്തിന് ഉത്തരം കാക്കുകയാണു ലോകം. 1989 ൽ, ആയത്തുല്ല ഖുമൈനിയുടെ പിൻഗാമിയായി പരമോന്നത നേതൃപദവിയിലെത്തിയ ഖമനയിയുടെ കയ്യിലായിരുന്നു സൈന്യത്തിന്റെയും പ്രതിരോധ സംവിധാനത്തിന്റെയും വിദേശനയരൂപീകരണത്തിന്റെയും അടക്കം നിയന്ത്രണം. അതുകൊണ്ടുതന്നെ, ഖമനയിയുടെ മരണശേഷം ഭരണകൂടത്തിന്റെ നിയന്ത്രണം ആരിലെക്കെത്തും എന്നതു പ്രധാനമാണ്.
ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം താറുമാറായി. ആയിരക്കണക്കിന് യാത്രക്കാരെയും പ്രധാന രാജ്യാന്തര റൂട്ടുകളെയും ഇത് ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിച്ചു. നിലവിലെ സെക്രട്ടറി വി. ജോയ്‌യെ വര്‍ക്കലയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് എ.എ.റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം.
മുതിര്‍ന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ.അജിത്ത് ബിജെപിയില്‍. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് അജിത്ത് അംഗത്വം ഏറ്റുവാങ്ങി. 2006, 2011 വര്‍ഷങ്ങളിൽ വിജയിച്ച് തുടര്‍ച്ചയായി രണ്ടുതവണ വൈക്കം എംഎല്‍എ ആയിരുന്നു. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ ചേർന്നു.
JUST IN
-
27 SECONDS AGO ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; രൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ –പ്രധാനവാർത്തകൾ Latest News
-
43 MINUTES AGO IRAN-ISRAEL CONFLICT ഖമനയിയുടെ വിശ്വസ്തൻ, നിർമിത ബുദ്ധിയുടെ പ്രചാരകൻ; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി Latest News
-
1 HOUR 32 MINUTES AGO എൻഎച്ച് 66: സ്വന്തം നിലയിൽ ആറുവരിപ്പാതയിൽ പ്രവേശിച്ച് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; വിലക്ക് ഇങ്ങനെ Kollam
VIEW MORE
English Summary:
Today\“s Recap 1-3-2026 |