കൊല്ലം ∙ ആറുവരി പാത നിർമാണം പൂർത്തിയാകുന്നതോടെ കല്ലുംതാഴം ജംക്‌ഷനിൽ സർവീസ് റോഡുകളുടെ വഴിയടയും. സർവീസ് റോഡുകൾ റെയിൽവേ പാളത്തിൽ അവസാനിക്കുന്ന ഇവിടെ കെപി റോഡ് (കൊല്ലം – പെരിനാട് റോഡ്) മൺമതിൽ കെട്ടിയടച്ചു. കുറ്റിച്ചിറയിൽ നിന്നു കല്ലുംതാഴത്ത് എത്തുന്ന റോഡും ഉടൻ അടയ്ക്കും. യാത്രക്കാർ വട്ടം കറങ്ങി വലയും. ദേശീയപാത –66, കൊല്ലം– തിരുമംഗലം ദേശീയപാത (എൻഎച്ച്–744) എന്നിവ സംഗമിക്കുന്ന കല്ലുംതാഴത്ത് എത്തുന്ന യാത്രക്കാർ, കിലോമീറ്റർ അകലെയുള്ള കൊല്ലം – തേനി ദേശീയപാതയിൽ പോയി തിരിച്ചു വരുന്ന വിധത്തിലാണ് റോഡ് വികസനം അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്.
കുറ്റിച്ചിറ റോഡ് വരെ അടയ്ക്കുന്ന വിധത്തിലാണ് നിർമാണം. ബസ് സ്റ്റോപ്പ് ഇല്ലാതാകും. ഒരു വീടോ കടയോ നിർമിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. റോഡ് വികസനത്തിന് ഇതൊന്നും ബാധകമല്ലേ? രൂപരേഖ കിട്ടിയപ്പോൾ ജനപ്രതിനിധികൾ എന്തുകൊണ്ട് മിണ്ടിയില്ല.
കെ.ഹെറൂൺ, കല്ലുംതാഴം
പ്രാക്കുളത്ത് നിന്നാണ് കശുവണ്ടി പരിപ്പിന്റെ ജോലിക്കു കല്ലുതാഴത്ത് വരുന്നത്. യാത്ര വലിയ ബുദ്ധിമുട്ടായി മാറുകയാണ്. ബസ് സ്റ്റോപ് ഇല്ലാതായാൽ പാലത്തറയിൽ പോയി തിരികെ വരേണ്ടി വരും.
പി.വിമല, പ്രാക്കുളം
സ്വകാര്യ, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന 2 പ്രധാന പാതകൾ അടയുകയും ചെയ്യും. മേവറം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്് പോലും ഇല്ലാതാകുന്ന വിധത്തിലാണ് വികസനം. രൂപരേഖ തയാറാക്കിയതിലെ ഗുരുതരമായ പിഴവാണ് ജനങ്ങളെ വട്ടം കറക്കുന്നത്. കടവൂരിൽ നിന്ന് മേവറത്തേക്കുള്ള സർവീസ് റോഡ് കല്ലുംതാഴം റെയിൽ പാത വരെ മാത്രമേയുള്ളു. സർവീസ് റോഡുകൾ തുടർച്ചയില്ലാതെ മുറിഞ്ഞു നിൽക്കുന്നതു വലിയ ദുരിതത്തിനു കാരണമാകും. അയത്തിൽ –പാലത്തറ–മേവറം മേഖലയിൽ മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ പ്രധാന ആശുപത്രികളുണ്ട്. ഇവിടെയെത്തുന്ന രോഗികൾ ഉൾപ്പെടെ ചുറ്റിക്കറങ്ങി വലയുന്നതിനു പുറമേ അടിയന്തര ചികിത്സ നൽകുന്നതിനുള്ള കാലതാമസം ജീവൻ നഷ്ടപ്പെടാനും ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേഖലയിൽ ഏറെയുണ്ട്.
കൊട്ടാരക്കര നിന്ന്
കൊട്ടാരക്കര–കുണ്ടറ –കരിക്കോട് മേഖലയിൽ നിന്നുള്ള വാഹനങ്ങൾക്ക് കല്ലുംതാഴത്ത് നിന്നു സർവീസ് റോഡ് വഴി മേവറത്തേക്ക് വരാൻ കഴിയില്ല. കല്ലുംതാഴത്തുള്ള അടിപ്പാത വഴി മറുവശത്തെത്തി കടവൂർ ഭാഗത്തേക്ക് പോകണം. ഇടത്തരം– ചെറിയ വാഹനങ്ങൾക്ക് മങ്ങാട് ശങ്കരനാരായണ ക്ഷേത്രത്തിനു സമീപത്ത് അടിപ്പാത വഴി മറുവശത്ത് സർവീസ് റോഡിൽ കടന്ന് പ്രധാന പാതയിൽ കയറി മേവറം ഭാഗത്തേക്ക് പോകാനേ കഴിയൂ. വലിയ വാഹനങ്ങൾ കടവൂർ ഒറ്റക്കല്ല് ജംക്‌ഷനിലെത്തി അടിപ്പാത വഴി മറുവശത്തെ സർവീസ് റോഡിൽ കടന്ന്, പ്രധാന പാതയിൽ പ്രവേശിച്ചു മേവറം ഭാഗത്തേക്കു പോകാനേ കഴിയുകയുള്ളൂ. കല്ലുംതാഴത്ത് തറ നിരപ്പിനെക്കാൾ നാല് അടി ഉയരത്തിൽ ഓട നിർമിക്കുകയും ചെയ്തിട്ടുണ്ട്.
മൺമതിലിനെക്കാൾ വലിയ പ്രശ്നമാണ് കെപി റോഡ് അടച്ചതും സർവീസ് റോഡിന് തുടർച്ച ഇല്ലാത്തതും. ബസ് സർവീസ് നടക്കുന്ന റോഡ് മറ്റൊരിടത്തും ഇങ്ങനെ കെട്ടിയടച്ചിട്ടില്ല. ഇവിടെ അടിപ്പാത നിർമിച്ച് റോഡ് തുറക്കണം. റെയിൽപാതയ്ക്കു കുറുകെ പാലം നിർമിച്ച് സർവീസ് റോഡിന് കണക്ടിവിറ്റി ഉണ്ടാക്കണം.
കോതേത്തു ഭാസുരൻ, കിളികൊല്ലൂർ
ചിന്നക്കടയിൽ നിന്ന്
ചിന്നക്കട മേഖലയിൽ നിന്നു കല്ലുംതാഴം, അയത്തിൽ, മേവറം വഴി പോകേണ്ട യാത്രക്കാർക്ക് കല്ലുംതാഴത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മങ്ങാട് അടിപ്പാത വഴിയോ കടവൂർ ഒറ്റക്കല്ല് വഴിയോ മറുവശത്തെ സർവീസ് റോഡിൽ കടന്നെങ്കിലേ പ്രധാന പാതയിൽ കയറാൻ കഴിയുകയുള്ളൂ. ADVERTISEMENT Go AD-FREE
കൊട്ടിയത്ത് നിന്ന്
മേവറത്തു നിന്നുള്ള സർവീസ് റോഡ് കല്ലുംതാഴം റെയിൽ പാളത്തിൽ അവസാനിക്കും. പാൽക്കുളങ്ങരയിൽ, സർവീസ് റോഡിൽ നിന്നു പ്രധാന പാതയിലേക്ക് കയറാമെങ്കിലും സർവീസ് റോഡിലേക്ക് ഇറങ്ങണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. കൊട്ടിയം മേഖലയിൽ നിന്ന് കല്ലുംതാഴം, കിളികൊല്ലൂർ കടപ്പാക്കട ഭാഗത്തേക്കോ, കരിക്കോട്– കുണ്ടറ മേഖലയിലേക്കോ പോകുന്നവർ ചുറ്റിക്കറങ്ങണം. മങ്ങാട്, കടവൂർ എന്നിവിടങ്ങളിൽ മാത്രമേ പ്രധാന പാതയിൽ നിന്നു സർവീസ് റോഡിലേക്ക് ഇറങ്ങാനാകൂ. ഈ വാഹനങ്ങൾ കല്ലുംതാഴത്ത് തിരിച്ചെത്തി വേണം ചിന്നക്കടയിലേക്കോ കരിക്കോട് – കുണ്ടറ മേഖലയിലേക്കോ പോകേണ്ടത്. 8 കിലോമീറ്റർ ആണ് അധികം സഞ്ചരിക്കേണ്ടി വരുന്നത്.
നിലവിലെ വഴിയില്ലാതായാൽ പിന്നെ എങ്ങനെയാണ് പോകുന്നത്. പാലത്തറ ഭാഗത്തേക്ക് പോകണമെങ്കിൽ കടവൂർ പോയി തിരികെ വരേണ്ട അവസ്ഥയാണ്. ഇങ്ങനെയാണോ റോഡ് നിർമിക്കേണ്ടത്.
ജമീലാബീവി, കുറ്റിച്ചിറ
കെപി റോഡ്
കല്ലുതാഴം ജംക്‌ഷനു സമീപത്തു നിന്നു മങ്ങാട് വഴി കടന്നു പോകുന്ന കെപി റോഡിന് 140 വർഷം പഴക്കമുണ്ട്. കെഎസ്ആർടിസി ആദ്യകാലം മുതൽ ഇതുവഴി സർവീസ് നടത്തുന്നു. സ്വകാര്യ ബസ് സർവീസും ഉണ്ടായിരുന്നു. ബൈപാസ് റോഡ് കുറുകെ കടന്നായിരുന്നു ഈ റോഡ്. കല്ലുംതാഴം ഫ്ലൈ ഓവറിന് ഉയരപ്പാത നിർമിച്ചതോടെ കെപി റോഡ് അടഞ്ഞു. 36 അടി ഉയരത്തിലാണ് ഇവിടെ മൺ മതിൽ നിർമിച്ചത്. ഇവിടെ അടിപ്പാത നിർമിച്ചിരുന്നെങ്കിൽ റോഡ് അടയുമായിരുന്നില്ല. ADVERTISEMENT Go AD-FREE
കുറ്റിച്ചിറ റോഡ്
കുറ്റിച്ചിറ ഭാഗത്ത് നിന്നുള്ള റോഡ് കല്ലുംതാഴത്ത് സംഗമിക്കുന്ന സ്ഥലത്ത് ആർഇ പാനൽ ഉപയോഗിച്ചു ഉയരപ്പാത നിർമാണം തുടങ്ങുകയാണ്. ഇതോടെ ഈ വഴിയും അടയും. നിലവിലുള്ള ഫ്ലൈഓവറിൽ നിന്നു കുറ്റിച്ചിറ റോഡ് സംഗമിക്കുന്ന ഭാഗം വരെ 100 മീറ്റർ പോലും അകലമില്ല. ഇവിടെ ആർഇ പാനൽ സ്ഥാപിച്ച് മൺമതിൽ നിർമിക്കുന്നത് ഒഴിവാക്കി തൂണുകളിൽ പാലം നിർമിച്ചാൽ വഴിയടയില്ല. കുറ്റിച്ചിറ റോഡ് കല്ലുംതാഴം ജംക്‌ഷനിലൂടെ കടന്നു പോകുന്നു. ദേശീയപാത മണ്ണിട്ട് ഉയർത്തുന്നതോടെ കുറ്റിച്ചിറ റോഡ് ഇവിടെ അവസാനിക്കും. ചിത്രം: മനോരമ
ഗതാഗതം കുരുങ്ങും
അശാസ്ത്രീയമായ നിർമാണം മൂലം കല്ലുംതാഴം മുതൽ കടവൂർ വരെയുള്ള ഇരുവശത്തേയും സർവീസ് റോഡിൽ വലിയ ഗതാഗതത്തിരക്ക് ഉണ്ടാകും. ഇന്ധനച്ചെലവ് ഉയരും. സമയ നഷ്ടം ഉണ്ടാകും. സർവീസ് റോഡിൽ നിന്നു പ്രധാന പാതയിലേക്ക് കടക്കുന്നതിന് വഴി ഒരുക്കുകയോ റെയിൽ പാതയ്ക്ക് കുറുകെ സർവീസ് റോഡ് കടന്നു പോകുന്നതിന് പാലം നിൽക്കുകയോ ചെയ്താൽ പ്രതിസന്ധി ഒഴിവാകും. ADVERTISEMENT GO AD-FREE English Summary:
Kallumthazham junction is facing significant traffic issues due to the ongoing construction of a six-lane highway. The closure of service roads is causing considerable inconvenience and long detours for commuters, impacting access to essential services and creating safety concerns for emergency response. |