search

ആദ്യം ഉപരോധയുദ്ധം; ഇറാനെ ‘മുറുക്കി’ ട്രംപ്, ചൈനയ്ക്കായി എണ്ണവില താഴ്ത്തി റഷ്യയും ഇറാനും, യുദ്ധമുറപ്പിച്ചോ സൗദി? ഇന്ത്യ-ഇസ്രയേൽ ഒറ്റക്കെട്ടെന്ന് മോദി

deltin33 3 hour(s) ago views 980
  

  



സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇന്നു വീണ്ടും സമവായ ചർച്ച നടക്കാനിരിക്കേ, ഇറാനുമേൽ ഉപരോധയുദ്ധം വീണ്ടും കടുപ്പിച്ച് യുഎസ്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വികസനം, ഡ്രോൺ നിർമാണം എന്നിവയിൽ പങ്കുവഹിക്കുന്ന കമ്പനികൾക്കും ഇറാനിയൻ എണ്ണയുടെ വിൽപന നടത്തുന്ന ചിലർക്കുമാണ് പുതിയ ഉപരോധം. ജനീവയിലെ ചർച്ചയ്ക്ക് മുൻപേ ഇറാനെ കൂടുതൽ സമ്മർദത്തിലാക്കുകയാണ് യുഎസ് ലക്ഷ്യം.

ഇറാൻ ലോകത്തെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർ ആണെന്നും ഒരുകാരണവശാലും ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ഇന്നലെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ആണവ ഡീലിൽ ഏർപ്പെടുന്നതിനായി സമ്മർദത്തിലാക്കുകയാണ് യുഎസ് പുതിയ ഉപരോധത്തിലൂടെയും ഉദ്ദേശിക്കുന്നത്.  

യുദ്ധത്തിന് മുൻപേ സൗദിയുടെ തന്ത്രം

മറുവശത്ത് ഇറാനെതിരെ യുദ്ധത്തിനുള്ള സജ്ജീകരണങ്ങളും യുഎസ് സജീവമാക്കുന്നതും സമ്മർദതന്ത്രമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഏത് ആക്രമണത്തെയും അതേനാണയത്തിൽ തിരിച്ചടിക്കുമെന്നും അത് കൂടുതൽ കലുഷിതമായിരിക്കുമെന്നും ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഏതുനിമിഷവും യുഎസ്-ഇറാൻ യുദ്ധമുണ്ടായേക്കാമെന്ന വിലയിരുത്തലിൽ എണ്ണ ഉൽപാദനം സൗദി അറേബ്യ വർധിപ്പിച്ചതായി സൂചനയുണ്ട്.  

ഫെബ്രുവരി ഒന്നുമുതൽ 24 വരെയുള്ള തീയതികളിലായി സൗദിയുടെ എണ്ണകയറ്റുമതി പ്രതിദിനം 73 ലക്ഷം ബാരലിലേക്ക് ഉയർന്നു. 2023 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.

ഇറാനുമേൽ ‘നിയന്ത്രിത’ ആക്രമണം നടത്തുമെന്ന സൂചന നേരത്തേ ട്രംപ് നൽകിയിരുന്നു. യുദ്ധമുണ്ടായാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്നതാണ് ഗൾഫ് രാഷ്ട്രങ്ങളുടെ പ്രധാന ആശങ്ക. ഉൽപാദനത്തെയും ബാധിച്ചേക്കും. ഇത് എണ്ണവില കത്തിക്കയറാനും ഇടവരുത്തും. യുഎസ്-ഇറാൻ സംഘർഷം നീണ്ടാൽ എണ്ണവില നിലവിലെ ബാരലിന് 70 ഡോളർ എന്ന നിലയിൽ നിന്ന് 100 ഡോളറിലേക്ക് എത്തിയാലും അതിശയിക്കേണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.

ഇന്ത്യ കൈവിട്ടപ്പോൾ ‘ലോട്ടറി’ ചൈനയ്ക്ക്

ഇതിനിടെ, ചൈനയെ ഉന്നമിട്ട് റഷ്യയും ഇറാനും എണ്ണവില വീണ്ടും വെട്ടിക്കുറച്ചു. യുഎസ് സമ്മർദം മൂലം ഇന്ത്യ എണ്ണ ഇറക്കുമതി ഏറക്കുറെ നിർത്തിയതാണ് റഷ്യയെ ചൈനയോട് കൂടുതൽ അടുപ്പിക്കുന്നത്. യുഎസ് ഉപരോധമുള്ളതിനാൽ മറ്റു രാജ്യങ്ങൾ എണ്ണ വാങ്ങാത്തതാണ് വില കുറയ്ക്കാൻ ഇറാനെയും നിർബന്ധിതരാക്കിയത്. നിലവിൽ ഇരു രാജ്യങ്ങളുടെയും എണ്ണ യുഎസിന്റെ ഉപരോധം വകവയ്ക്കാതെ ഏറ്റവുമധികം വാങ്ങുന്നതും ചൈനയാണ്.

ഇന്ത്യ വലിയതോതിൽ വാങ്ങിയിരുന്ന യൂറൽസ് ഗ്രേഡ് എണ്ണയ്ക്ക് ജനുവരിയിൽ ബാരലിന് 10 ഡോളർ വീതം ഡിസ്കൗണ്ടാണ് ചൈനയ്ക്ക് റഷ്യ നൽകിയിരുന്നത്. ഫെബ്രുവരിയിൽ ഇത് 12 ഡോളറാക്കി. ഡിസംബറിലെ 8-9 ഡോളറിൽ നിന്ന് 11 ഡോളറിലേക്കാണ് ഇറാനും ചൈനയ്ക്കുള്ള ഡിസ്കൗണ്ട് ഉയർത്തിയത്.

റെക്കോർഡിലെത്തിച്ച് ചൈനയുടെ പ്രത്യുപകാരം

ചൈന റഷ്യൻ എണ്ണ വാങ്ങുന്നത് റെക്കോർഡ് ഉയരത്തിലും എത്തിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിദിനം 17.2 ലക്ഷം ബാരലായിരുന്നു വാങ്ങിയതെങ്കിൽ ഫെബ്രുവരിയിൽ ഇത് സർവകാല ഉയരമായ 20.9 ലക്ഷത്തിലെത്തി. ഇതിനിടെ ഏപ്രിൽ മുതൽ പ്രതിദിനം 1.37 ലക്ഷം ബാരൽ വീതം ഉൽപാദനം കൂട്ടാൻ ഒപെക് തീരുമാനിച്ചേക്കുമെന്നും സൂചനകളുണ്ട്. ഈ പശ്ചാത്തലത്തിലും പക്ഷേ എണ്ണവിലയെ പിടിച്ചുയർത്തുകയാണ് യുഎസ്-ഇറാൻ സംഘർഷഭീതി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.11% ഉയർന്ന് 70.85 ഡോളറിലും യുഎസ് ക്രൂഡ് വില 0.31% വർധിച്ച് 65.62 ഡോളറിലുമെത്തി.

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടെന്ന് മോദി

ഇസ്രയേൽ സന്ദർശിക്കുകയും ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനിടെ, ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പറഞ്ഞതും ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ‘‘സാധാരണക്കാരെ കൊല്ലുന്നതിനെയും ഭീകരവാദത്തെയും ഒരിക്കലും നീതീകരിക്കാനാവില്ല. ഭീകരവാദ ആക്രമണങ്ങളുടെ വേദന ഇന്ത്യയും അനുഭവിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിൽ ഇസ്രയേലി പൗരന്മാർക്കും ജീവൻ നഷ്ടമായിരുന്നു. ഇസ്രയേലിനെ പോലെ ഇന്ത്യയ്ക്കും ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടാണുള്ളത്’’ - മോദി പറഞ്ഞു.


#WATCH | Jerusalem, Israel: Addressing the Israeli Parliament, Prime Minister Narendra Modi says, “No cause can justify the murder of civilians. Nothing can justify terrorism. India has also endured the pain of terrorism for a long time. We remember the 26/11 Mumbai attacks and… https://t.co/V6i5dcBD8s pic.twitter.com/cApoO22Td7— ANI (@ANI) February 25, 2026


ഉഷാറില്ലാതെ ഓഹരികൾ

ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിന് ശേഷവും ആഗോളതലത്തിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വ്യാപാരത്തുടക്കത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും വൈകിട്ടോടെ നേട്ടം വലിയതോതിൽതന്നെ നിജപ്പെടുത്തി.

സെൻസെക്സ് 50 പോയിന്റ് (+0.06%) നേട്ടത്തിൽ 82,276ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 57 പോയിന്റ് (+0.23%) ഉയർന്ന് 25,482ലും. എഐ ‘കുമിളപ്പേടി’ക്ക് അയവുവരുകയും ഐടി കമ്പനികളുടെ ഓഹരികളിൽ ഉണർവുണ്ടാവുകയും ചെയ്തെങ്കിലും മികച്ച നേട്ടം നിലനിർത്താൻ സൂചികകൾക്ക് കഴിഞ്ഞില്ല. നിഫ്റ്റി ഐടി സൂചിക ഇന്നലെ 1.57% നേട്ടം കുറിച്ചിരുന്നു. യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സും കാര്യമായ ചലനമൊന്നും നടത്തിയിട്ടില്ല. ഡൗ ജോൺസ് 0.05% താഴ്ന്നപ്പോൾ എസ് ആൻഡ് പി500 സൂചിക 0.1% ഉയർന്നു. നാസ്ഡാക്കിന് കാര്യമായ മാറ്റമില്ല.  

എൻവിഡിയയ്ക്ക് ബംപർ നേട്ടം

നിർമിതബുദ്ധി (എഐ) തരംഗത്തിന്റെ കരുത്തിൽ എൻവിഡിയ കഴിഞ്ഞപാദത്തിൽ 73% വരുമാന വർധന കുറിച്ചത് ടെക് കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് ആവേശമായേക്കും. എൻവിഡിയയുടെ ഡേറ്റ സെന്ററ് ബിസിനസ് വരുമാനം 75% ഉയർന്നതും ശ്രദ്ധേയം. ലാഭം ഇരട്ടിച്ച് 43 ബില്യൻ ഡോളറിലുമെത്തി. കമ്പനിയുടെ ഓഹരിവില പക്ഷേ നേരിയവർധനയാണ് (+0.06%) കുറിച്ചത്.

‘ഫ്ലാറ്റാണ്’ സ്വർണം

രാജ്യാന്തര സ്വർണവിലയിൽ കാര്യമായ കുതിപ്പോ ഇടിവോ ദൃശ്യമല്ല. ഇന്നുരാവിലെ കേരളത്തിലെ വിലയിലും വലിയ മാറ്റത്തിന് സാധ്യതയില്ലെന്ന് ഇതു സൂചിപ്പിക്കുന്നു. ഔൺസിന് 11 ഡോളർ മാത്രം ഉയർന്ന് 5,169 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.

updating...   English Summary:
Is US escalating sanctions on Iran ahead of Geneva talks sparking oil price fears and Saudi production hikes? Will the tightening US-Iran conflict push global oil prices to $100?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476944