search

അമേരിക്കയുടെ തിരിച്ചുവരവെന്ന് ട്രംപ്, ഇത് സുവർണകാലം, ഇന്ത്യയ്ക്ക് പുതിയൊരു തീരുവ ‘ഷോക്ക്’, കരകയറാൻ ഓഹരി, സ്വർണം വീണു

cy520520 3 hour(s) ago views 788
  



യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുന്ന ‘സ്റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിൽ തന്റെ കഴിഞ്ഞ 12 മാസക്കാലത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറ‍ഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് അമേരിക്കയുടെ തിരിച്ചുവരവാണെന്നും സുവർണകാലഘട്ടമാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ശത്രുക്കളൊക്കെ ഭയക്കുകയാണ്. നഷ്ടപ്പെട്ട അഭിമാനം അമേരിക്ക എന്റെ കഴിഞ്ഞ ഒരുവർഷക്കാലത്തെ ഭരണകാലയളവുകൊണ്ടുതന്നെ തിരിച്ചുപിടിച്ചു. അമേരിക്ക എന്റെ മുൻഗാമിയുടെ (ജോ ബൈഡൻ) ഭരണകാലത്ത് ഏറക്കുറെ ഒരു ‘ചത്ത സമ്പദ്‍വ്യവസ്ഥ’ ആയിരുന്നു, ഇപ്പോൾ ഉഷാറായി. എന്റെ ഭരണത്തിനു കീഴിൽ അമേരിക്കയുടെ മുഖ്യപണപ്പെരുപ്പം (കോർ ഇൻഫ്ലേഷൻ) 5 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു. പെട്രോൾ, പ്രകൃതിവാതക വില കുത്തനെ കുറഞ്ഞു. മുട്ട, ബീഫ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു. മുട്ടവില കുറഞ്ഞത് 60 ശതമാനമാണ്.  

യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാതെ ജനങ്ങളെ ദുരിതത്തിലാക്കി. എന്നാൽ, എന്റെ ഭരണത്തിന് കീഴിൽ പലിശനിരക്ക് കുറയ്ക്കാൻ ശ്രമിക്കുകയാണ്. അതു തുടരും. വീടുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് അതു നേട്ടമാകും.  

ഞാൻ രണ്ടാമതും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ യുഎസ് ഓഹരി വിപണി റെക്കോർഡ് തിരുത്തി മുന്നേറിയത് 53 തവണയാണ്. ഓഹരി വിപണിയുടെ വളർച്ച അമേരിക്കയിലെ ഓരോ കുടുംബത്തിനുമാണ് സാമ്പത്തികനേട്ടമാകുന്നത്. അമേരിക്കയിലേക്ക് കഴിഞ്ഞ 12 മാസത്തിനിടെ ആഗോളതലത്തിൽ നിന്ന് 18 ട്രില്യൻ ഡോളറിന്റെ നിക്ഷേപവാഗ്ദാനം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്. ആയിരക്കണക്കിന് പുതിയ ബിസിനസ് സംരംഭങ്ങൾ വന്നു. നിർമാണമേഖലയിൽ മാത്രം പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

യുഎസിൽ ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 6,000 ബാരലിലേറെ വർധിച്ചു. നമ്മുടെ പുതിയ പങ്കാളിയായ വെനസ്വേലയ്ക്കും വൻ എണ്ണശേഖരമുണ്ട്. എന്റെ ഭരണകാലത്ത് സ്വകാര്യമേഖലയിലും വൻതോതിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് - ട്രംപ് പറഞ്ഞു.  ADVERTISEMENT Go AD-FREE

‘‘അമേരിക്കയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഞാൻ തീരുവകൾ കൊണ്ടുവന്നത്. ഒട്ടേറെ രാജ്യങ്ങളുമായി നമുക്ക് ഏറെ അനുയോജ്യമായ വ്യാപാര ഡീലുകൾ ഉറപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ബില്യൻ കണക്കിന് ഡോളറാണ് ഇതുവഴി നമുക്ക് ലഭിച്ചത്. പക്ഷേ, നിങ്ങൾക്ക് അറിയാം, 4 ദിവസം മുൻപ് സുപ്രീം കോടതിയിൽ നിന്ന് നിർഭാഗ്യകരമായ വിധിയുണ്ടായി. താരിഫുകൾ അവർ റദ്ദാക്കി. പക്ഷേ, അമേരിക്ക തളർന്നിട്ടില്ല. ഡീൽ‌ ഉറപ്പിച്ച രാജ്യങ്ങളെല്ലാം ഡീലിൽ ഉറച്ചുനിൽക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു, അതു വലിയ കാര്യമാണ്’’ - ട്രംപ് പറ‍ഞ്ഞു. താരിഫ് നേട്ടം അമേരിക്കയിൽ വൈകാതെ ആദായനികുതിയെ ഇല്ലാതാക്കും. താരിഫിന്റെ നേട്ടം അതുവഴി ജനങ്ങൾക്ക് ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റത്തിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. അനധികൃതമായി അമേരിക്കയിൽ കടന്നുകയറിയവർക്ക് (ഇല്ലീഗൽ ഏലിയൻസ്) ഡ്രൈവിങ് ലൈസൻസ് നൽകുന്ന പ്രവണതയ്ക്ക് ഞാൻ അറുതിവരുത്തി - ട്രംപ് പറഞ്ഞു.

യുഎസിന് ചൈനയുടെ ശബ്ദം; ഇന്ത്യയ്ക്ക് പുതിയ താരിഫ് ഷോക്ക്

ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന സോളറിന് ട്രംപ് ഭരണകൂടം 126% ഇറക്കുമതി തീരുവ ഏർപ്പെടുത്തി. യുഎസ് സുപ്രീം കോടതി പകരംതീരുവ റദ്ദാക്കിയ ശേഷം ട്രംപ് പ്രഖ്യാപിച്ച 10% ആഗോള തീരുവ സോളറിന് ബാധകമല്ല. ആഗോള തീരുവ വൈകാതെ 15 ശതമാനമാക്കി കൂട്ടും.

ഇന്ത്യ സോളർ ഉൽപാദനത്തിന് അന്യായമായ സബ്സിഡിയാണ് നൽകുന്നതെന്നും ഇതു ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡിന്റെ (ഗാട്ട് കരാർ, 1994) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചൈന ഡബ്ല്യുടിഒയിൽ പരാതി നൽകിയിരുന്നു. അന്യായ സബ്സിഡി നൽകുന്നുവെന്ന് ആരോപിച്ചാണ് ഇപ്പോൾ യുഎസും കനത്ത തീരുവ ചുമത്തിയത്. ADVERTISEMENT Go AD-FREE

ഇന്തൊനീഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള സോളറിനും യുഎസ് 81 മുതൽ 146% വരെ തീരുവ പ്രഖ്യാപിച്ചു. ഇന്ത്യ, ഇന്തൊനീഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നാണ് യുഎസിലേക്ക് 57% സോളറും എത്തുന്നത്. ഇന്ത്യയിൽ നിന്ന് 2024ൽ 792.6 മില്യൻ ഡോളറിന്റെ സോളർ യുഎസിൽ എത്തിയിരുന്നു. 2022ലേതിനേക്കാൾ ഇരട്ടിയാണിത്.

വ്യക്തത വന്നിട്ടേ യുഎസിലേക്കുള്ളൂ: ഗോയൽ

താരിഫിൽ വ്യക്തത വന്നശേഷം മാത്രമേ യുഎസുമായി വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കൂ എന്ന് ഇതിനിടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറ‍ഞ്ഞു. ഇന്ത്യയും യുഎസും തമ്മിൽ ഇടക്കാല വ്യാപാരക്കരാർ ഒപ്പുവയ്ക്കാൻ ഏകദേശ ധാരണയിൽ എത്തിയിരുന്നു. അടുത്തമാസം ഒപ്പുവയ്ക്കാനും തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച തുടർ ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധികൾ ഈയാഴ്ച യുഎസിലേക്ക് പോകാനിരിക്കേയായിരുന്നു യുഎസ് സുപ്രീം കോടതി വിധി. ഇതോടെ യാത്ര മാറ്റിവച്ചു. ധാരണപ്പകാരം ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. ഇത് കയറ്റുമതി രംഗത്തെ എതിരാളികൾക്കുമേൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയെങ്കിലും സുപ്രീം കോടതി വിധിവന്നതിനു പിന്നാലെ ട്രംപ് 15% ആഗോള തീരുവ പ്രഖ്യാപിച്ചതോടെ നഷ്ടമായി.

തിരിച്ചുകയറാൻ ഓഹരി വിപണി

താരിഫ് പ്രതിസന്ധി, ഐടി ഓഹരികളുടെ തകർച്ച തുടങ്ങിയ പ്രതിസന്ധിമൂലം ഇന്നലെ കനത്ത നഷ്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് കരകയറാനാകുമെന്നാണ് പ്രതീക്ഷ. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 70 പോയിന്റ് ഉയർന്നത് വലിയ പ്രതീക്ഷ നൽകുന്നു. എഐ പ്രതിസന്ധിയിൽ നിന്ന് യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ കരകയറിയതും ഇന്ത്യൻ വിപണികൾക്ക് ഗുണം ചെയ്യും. ADVERTISEMENT GO AD-FREE

∙ സ്വർണവില രാജ്യാന്തര വിപണിയിൽ 30 ഡോളറോളം താഴ്ന്ന് ഔൺസിന് 5,178 ഡോളറിലാണുള്ളത്. കേരളത്തിലും വില കുറഞ്ഞേക്കാം.

∙ എണ്ണ (ക്രൂഡ് ഓയിൽ) വില കൂടുകയാണ്. യുഎസ്-ഇറാൻ‌ സംഘർഷ സാധ്യത നിഴലിക്കുന്നതാണ് തിരിച്ചടി. ബ്രെന്റ് വില 0.64% ഉയർന്ന് 71.22 ഡോളറിൽ എത്തി.

This is an updating story...
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163065