LHC0088 • 3 hour(s) ago • views 997
തൃശൂർ ∙ അഞ്ച് വർഷം മുൻപു ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നു മരിച്ചയാൾക്കു മെഡിക്കൽ കോളജിൽ നിന്നു കത്ത്! രോഗി മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞെന്ന വിവരമറിയാതെയാണു തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നു വിചാരണയിൽ പങ്കെടുക്കാൻ നോട്ടിസ് അയച്ചത്.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി രോഗിയുടെ കുടുംബം കോടതിയിൽ നടത്തുന്ന കേസ് തുടരുമ്പോഴാണു 5 വർഷത്തിനു ശേഷം രോഗിയോടു ഹാജരാകാൻ മെഡിക്കൽ കോളജ് അധികൃതരുടെ നിർദേശം.
ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി മാളിയേക്കൽ ജോസഫ് പോളിനെ (53) പാൻക്രിയാസ് അടക്കമുള്ള ആന്തരികാവയവങ്ങളിൽ മുഴ കണ്ടെത്തിയതിനെത്തുടർന്നു 2020 മേയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നരമാസം കഴിഞ്ഞിട്ടും വയറിൽ അസ്വാഭാവിക വേദന തുടർന്നപ്പോൾ വീണ്ടും മെഡിക്കൽ കോളജിലെത്തി സിടി സ്കാനിങ്ങിനു വിധേയനാക്കി.
വയറ്റിൽ പഴുപ്പുണ്ടെന്നും വീണ്ടുമൊരു ശസ്ത്രക്രിയ കൂടി അടിയന്തരമായി നടത്തേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞപ്പോൾ സംശയം തോന്നി സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണു വയറ്റിൽ കത്രിക (ഫോർസെപ്സ്) കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു.
ADVERTISEMENT Go AD-FREE
ഗ്യാസ്ട്രോ സർജനായ ഡോക്ടർക്കെതിരെ കേസുമായി കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെ, 2025 ജനുവരിയിൽ കാൻസർ മൂലം ജോസഫ് പോൾ മരിച്ചു.
മനുഷ്യാവകാശ കമ്മിഷനിൽ നിന്നടക്കം വിധിയുണ്ടായിട്ടും അർഹിച്ച നഷ്ടപരിഹാരം പോലും ജോസഫിന്റെ കുടുംബത്തിനു ലഭിച്ചില്ല. ADVERTISEMENT Go AD-FREE
ഇതിനിടെയാണു കഴിഞ്ഞ 17നു മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നോട്ടിസ് ജോസഫിന്റെ ഭാര്യ ബിന്ദുവിനു ലഭിച്ചത്. വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ 20ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അനക്‌സിൽ നേരിട്ടു ഹാജരായി തെളിവു നൽകണമെന്നായിരുന്നു നോട്ടിസ്. രോഗി മരിച്ച വിവരം അറിയാതെ ജോസഫിന്റെ പേരിൽ തന്നെയാണു കത്തുവന്നത്. ഇതോടെ ഭാര്യ ബിന്ദു മക്കളെയും കൂട്ടി തിരുവനന്തപുരത്തേക്കു പുറപ്പെടാൻ നിൽക്കെ അടുത്ത കത്ത് വന്നു, ഹിയറിങ് മാറ്റിവച്ചെന്നായിരുന്നു പുതിയ കത്തിലെ ഉള്ളടക്കം.
ജോസഫിന് ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും വേദന തുടർന്നപ്പോഴാണു വീണ്ടും മെഡിക്കൽ കോളജിലെത്തി സിടി സ്കാൻ എടുത്തത്. വയറ്റിൽ പഴുപ്പുണ്ടെന്നു പറഞ്ഞാണ് അവർ ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നു പറഞ്ഞത്. പുറത്തെ ലാബിൽ കൊണ്ടുപോയി എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടു. ഈ വിവരം ഗ്യാസ്ട്രോ സർജനോടു പറഞ്ഞപ്പോൾ ഞങ്ങളോടു തട്ടിക്കയറി. കത്രിക വയറ്റിലിരുന്നാൽ ഒരു തകരാറും ഇല്ലെന്നും ദേഹത്തു വെടിയുണ്ടയുമായി എത്രയോ പട്ടാളക്കാർ ജീവിക്കുന്നുണ്ടല്ലോ എന്നുമാണ് അദ്ദേഹം പറഞ്ഞത്.ഇതേ ഡോക്ടർക്ക് 10,000 രൂപ കൈക്കൂലി കൊടുത്ത ശേഷമാണ് ഞങ്ങൾക്കാദ്യം ശസ്ത്രക്രിയ നടത്തിത്തന്നത്.’
ബിന്ദു, ജോസഫിന്റെ ഭാര്യ English Summary:
Medical negligence has led to a concerning incident where Thrissur Medical College sent a notice to a deceased patient to appear for evidence in a case of a forgotten surgical instrument. The patient\“s family is pursuing legal action after a pair of scissors were left inside his abdomen during surgery five years ago. |
|