കോഴിക്കോട് ∙ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടിയെടുത്താൽ രണ്ടാഴ്ചക്കുള്ളിൽ പിഴ തുക ചേവായൂർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ അടയ്ക്കണം. കോടതി നടപടി തുടങ്ങിയാൽ പിന്നെ കോടതിയിലൂടെ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ. നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന. ഈ സാഹചര്യത്തിൽ റോഡിൽ സീബ്രാലൈനിൽ നിർത്തുകയോ ലൈനിൽ ഒന്നര മീറ്റർ അകലം പാലിക്കാതെ നിർത്തുകയോ ചെയ്താൽ എൻഫോഴ്സ്മെന്റ് നടപടിയെടുക്കും. സീബ്രലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമ ലംഘനം കാമറയിൽ പതിഞ്ഞാൽ ഇ – ചെലാൻ വഴി വാഹന ഉടമയ്ക്ക് അപ്പോൾ തന്നെ ഫോണിൽ സന്ദേശം വരും. 14 ദിവസത്തിനകം എൻഫോഴ്സ്മെന്റ് ഓഫിസിൽ പിഴ അടയ്ക്കാം.
ഇല്ലാത്തപക്ഷം നിയമലംഘനം എറണാകുളം വിർച്വൽ കോടതിയിലേക്ക് മാറും. 45 ദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ഉടമ ബന്ധപ്പെട്ടാൽ കോടതി രേഖ തിരിച്ചെടുത്ത് പിഴ അടയ്ക്കാം. 90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കിൽ പിന്നീട് ജില്ല സെഷൻസ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോർട്ട് എത്തും. ശേഷം കോടതിയിൽ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പുതിയ കേന്ദ്ര ഉത്തരവിൽ ലൈസൻസ് റദ്ദാക്കൽ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറൽ എന്നിവയ്ക്ക് തടസ്സമാകും.
വിബീഷിന് ‘മിന്നൽപ്രഭ’ സമ്മാനം
കോഴിക്കോട് ∙ കാൽനടയാത്രക്കാരുടെ വഴി തടസ്സപ്പെടുത്തി ജംക്‌ഷനിലെ സീബ്രാ ലൈനിൽ നിർത്തിയിട്ട വാഹനത്തിന്റെ ചിത്രമെടുത്ത ഒളവണ്ണ തോട്ടാങ്കുനി വീട്ടിൽ വിബീഷിന് മലയാള മനോരമയുടെ ‘മിന്നൽപ്രഭ’ സമ്മാനം. 3000 രൂപയാണ് സമ്മാനത്തുക. എരഞ്ഞിപ്പാലത്ത് പ്രഭാവതിയമ്മ ചൂണ്ടിക്കാട്ടിയ നിയമലംഘത്തിനു പിന്നാലെയാണ് മലയാള മനോരമ വായനക്കാരിൽ നിന്നു നിരത്തിലെ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ക്ഷണിച്ചത്. നൂറു കണക്കിനു ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 11 എണ്ണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിന്നു മികച്ചത് തിരഞ്ഞെടുക്കാൻ വായനക്കാരോട് ആവശ്യപ്പെട്ടപ്പോഴാണ് വിബീഷ് സമ്മാനാർഹനായത്. സ്വകാര്യ വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് വിബീഷ്. ഭാര്യ: നിഷ്മിത കൃഷ്ണൻ. മിന്നൽപ്രഭ സമ്മാനത്തിന് അർഹമായ, വിബീഷ് എടുത്ത ചിത്രം. കോഴിക്കോട് സ്റ്റേഡിയം ജംക്‌ഷനിൽ സീബ്രാ ലൈനിലാണ് വാഹനം നിർത്തിയിട്ടിരിക്കുന്നത്.
നടപ്പാതയിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു
കോഴിക്കോട് ∙ എരഞ്ഞിപ്പാലം മിനി ബൈപാസിൽ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ച് നിയമലംഘനം നടത്തിയ ആളെ തടഞ്ഞത് വാർത്തയായതോടെ തുടർനടപടിയുമായി അധികൃതർ. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കു സമീപം മുതൽ എരഞ്ഞിപ്പാലം ഭാഗത്തേക്കുള്ള നടപ്പാതയിൽ 300 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ പൊതുമരാമത്ത് വിഭാഗം 9 കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഈ നടപ്പാത വഴിയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ദുരിതമായിരുന്നു. ഈ നടപ്പാതയിൽ പ്രഭാവതി സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞ വിഡിയോ പ്രചരിച്ചിരുന്നു. മോട്ടർ വാഹന വിഭാഗം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രഭാവതിയെ ആദരിക്കുകയും സ്കൂട്ടർ ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്തിരുന്നു. ADVERTISEMENT Go AD-FREE
നടപ്പാതയിലെ കയ്യേറ്റം: മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു
കോഴിക്കോട് ∙ നടപ്പാതയിലൂടെ വാഹനം ഓടിച്ചയാളെ വയോധിക പിന്തിരിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാതകളിൽ കയ്യേറ്റമോ ദുരുപയോഗമോ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടി സിറ്റി പൊലീസ് കമ്മിഷണർ, നഗരസഭാ സെക്രട്ടറി, ആർടിഒ എന്നിവർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പറഞ്ഞു. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിന് സ്ഥിരമായ നിരീക്ഷണം ഏർപ്പെടുത്തണം. കെ. പ്രഭാവതി നടത്തിയ പ്രവൃത്തിയെ കമ്മിഷൻ അഭിനന്ദിച്ചു. മാർച്ചിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലെ നടപ്പാതയിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു തടയാൻ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചപ്പോൾ. ചിത്രം: മനോരമ English Summary:
News reports on new enforcement actions for traffic violations in Kerala. Motor vehicle enforcement will take strict measures against offenses like stopping at zebra crossings, with fines payable within two weeks to the RTO office.