രാജകുമാരി ∙ വേനൽ കടുക്കും മുൻപേ ജില്ലയിൽ ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ ശുദ്ധജല ക്ഷാമം രൂക്ഷമായി. മാർച്ച് പകുതിയോടെ എത്തേണ്ട വേനൽ ഇത്തവണ ജനുവരി അവസാനത്തോടെ എത്തിയെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. പകൽ സമയം 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില അനുഭവപ്പെട്ടതോടെ ഉറവകൾ വറ്റുകയും ഭൂഗർഭ ജലനിരപ്പ് ജലനിരപ്പ് താഴുകയും ചെയ്തു. ശുദ്ധജല വിതരണമില്ലാത്ത പല സ്ഥലങ്ങളിലും ആളുകൾ പണം നൽകിയാണ് വെള്ളം വാങ്ങുന്നത്. എന്നാൽ പുഴകളിൽ പോലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിൽ ആശങ്കയുണ്ട്. വനമേഖലയിൽ ജലക്ഷാമം അനുഭവപ്പെടുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതും പതിവാണ്.
നൽകാനുള്ളത് 2 ലക്ഷം കണക്‌ഷനുകൾ
∙ ജലജീവൻ പദ്ധതിക്കായി ജില്ലയ്ക്ക് 2820.6 കോടി രൂപയാണ് അനുവദിച്ചത്. കട്ടപ്പന പ്രോജക്ട് ഡിവിഷന് 2573.45 കോടി രൂപയും താെടുപുഴ പ്രോജക്ട് ഡിവിഷന് 88.9 കോടി രൂപയും പൈനാവ് പ്രോജക്ട് ഡിവിഷന് 139.78 കോടി രൂപയും ജലനിധി, ഭൂഗർഭ ജല വകുപ്പ് എന്നിവയ്ക്കായി 18.5 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 2020ൽ ആരംഭിച്ച ജല ജീവൻ പദ്ധതി ഭാഗികമായി പോലും പൂർത്തിയായില്ല. അതിനാൽ 2024ൽ നിർമാണ കാലാവധി അവസാനിച്ച പദ്ധതിക്ക് 2028 വരെ സമയം നീട്ടി നൽകി. പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 2,41,261 കണക്‌ഷനുകളാണ് നൽകേണ്ടത്. ഇതുവരെ 40464 കണക്‌ഷനുകൾ മാത്രമാണ് നൽകാനായത്. ഇതിൽ കൂടുതലും നിലവിലുണ്ടായിരുന്ന ശുദ്ധജല പദ്ധതികൾ വിപുലീകരിച്ച സ്ഥലങ്ങളിലാണ്.
പദ്ധതികൾ പാതി വഴിയിൽ
∙ പല കാരണങ്ങളാൽ പ്ലാന്റുകളുടെ നിർമാണവും പൈപ്പ് ലൈൻ സ്ഥാപിക്കലും വൈകുന്നുവെന്നാണ് അധികൃതർ പറയുന്നത്. താെടുപുഴ പ്രോജക്ട് ഡിവിഷന് കീഴിൽ ഇടവെട്ടി പഞ്ചായത്തിൽ മാത്രമാണ് പദ്ധതി പൂർത്തിയായത്. വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിൽ 2 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ ടെൻഡറെടുക്കാൻ ആരും തയാറായില്ല. മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ ജലവിതരണത്തിനുള്ള പ്ലാന്റിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകൾക്കായുള്ള പ്ലാന്റിന്റെ നിർമാണം 90% പൂർത്തിയായെങ്കിലും പൈപ്പ് ലൈനുകൾ സ്ഥാപിച്ചു കാെണ്ടിരിക്കുകയാണ്. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ ജല വിതരണത്തിനായി തോണിത്തടിയിൽ തടയണ നിർമിക്കാൻ അനുമതി ലഭിച്ചെങ്കിലും ജലനിരപ്പ് കുറഞ്ഞ ശേഷം മാർച്ചിലാണ് പ്രവൃത്തി ആരംഭിക്കുക. ADVERTISEMENT Go AD-FREE
ദേശീയപാത നിർമാണം നടക്കുന്നതിനാൽ അടിമാലി മേഖലയിൽ വാളറ മുതൽ കൂമ്പൻപാറ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം അനുമതി നൽകിയിട്ടില്ല. രാജാക്കാട്, രാജകുമാരി, ശാന്തൻപാറ പഞ്ചായത്തുകൾക്കായുള്ള പാെന്മുടി നാടുകാണിയിലെ പ്ലാന്റ് നിർമാണവും എങ്ങുമെത്തിയിട്ടില്ല. കട്ടപ്പന നഗര സഭയിൽ ശുദ്ധജല വിതരണത്തിനായി അമൃത് 2.0 പദ്ധതിയിൽ 20 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. English Summary:
Water scarcity is severely impacting both low and high ranges in Idukki district, Kerala, even before the peak of summer. This early onset of heat has led to dried-up springs and depleted groundwater levels, forcing residents to purchase water. The ongoing Jal Jeevan Mission faces significant delays, with a large number of connections still pending. |
|