search

ട്രംപിന് ‘രണ്ടാം’ ആശ്വാസം; യുഎസിൽ പലിശ കുതിച്ചിറങ്ങും, കത്തിക്കയറി സ്വർണം, യുദ്ധപ്പേടിയിൽ ഉയർന്ന് എണ്ണവില

deltin33 3 hour(s) ago views 697
  



പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരാളികൾക്കും വിമർശകർക്കുംമേൽ മേൽക്കൈ നേടാൻ വഴിയൊരുക്കി യുഎസിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (പണപ്പെരുപ്പം) ജനുവരിയിൽ പ്രതീക്ഷിച്ചതിനേക്കാളും കുറഞ്ഞു. ഇതോടെ യുഎസിൽ അടിസ്ഥാന പലിശനിരക്ക് ട്രംപ് ആഗ്രഹിക്കുന്നതുപോലെ കുറയാനും വഴിയൊരുങ്ങി.  

ഈ വിലയിരുത്തൽ സ്വർണത്തെ വീണ്ടും ‘റോക്കറ്റിലേറ്റി’. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 114 ഡോളർ കുതിച്ചുകയറി 5,041 ഡോളറിലെത്തി. ഇന്നലെ 4,906 വരെ ഇടിഞ്ഞവിലയാണ് ഇന്ന് 5,000 ഭേദിച്ചത്. ഒരുവേള 5,045 വരെയും വില എത്തിയിരുന്നു. ഇന്ന് കേരളത്തിൽ പവന് 1,000 രൂപയ്ക്കുമേൽ വർധിക്കാനുള്ള സാഹചര്യമാണ് രാജ്യാന്തര വിപണി ഒരുക്കിയത്. രാവിലെ 10 മണിയോടെ കേരളത്തിലെ വിലയറിയാനാകും.

പ്രവചനങ്ങളെ പൊളിച്ച് വിലയിറക്കം

യുഎസിൽ കഴിഞ്ഞമാസങ്ങളിൽ പണപ്പെരുപ്പം അഥവാ ജനങ്ങൾ നിത്യേന കടകളിലും മറ്റുംപോയി വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം കുതിച്ചുയർന്നത് ട്രംപിന് തിരിച്ചടിയായിരുന്നു. ട്രംപിന്റെ നീതീകരിക്കാനാവാത്ത തീരുവയുദ്ധമാണ് അമേരിക്കക്കാരെ പൊറുതിമുട്ടിച്ചുള്ള വിലക്കയറ്റത്തിന് വഴിവച്ചതെന്ന് വിമർശനം ഉയർന്നിരുന്നു.

ഇതിനുപിന്നാലെ ട്രംപ്, അമേരിക്കക്കാർ ദിനംപ്രതി വാങ്ങുന്ന പല ഉൽപന്നങ്ങളുടെയും തീരുവ രാജ്യഭേദമില്ലാതെ വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ നിരീക്ഷകർ പ്രവചിച്ച 2.5 ശതമാനത്തേക്കാളും താഴെ 2.4 ശതമാനമാണ് ജനുവരിയിലെ പണപ്പെരുപ്പം. ഡിസംബറിൽ 2.7 ശതമാനമായിരുന്നു. ഊർജ, ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കിയുള്ള പണപ്പെരുപ്പവും 2.5 ശതമാനമാണ്. ഇത് 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറവുമാണ്.

‘മുട്ടൻ’ ആശ്വാസം ADVERTISEMENT Go AD-FREE

യുഎസുകാരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച വിലക്കയറ്റത്തിലൊന്നായിരുന്നു മുട്ടയുടേത്. പക്ഷിപ്പനി ഉൾപ്പെടെയുള്ള പ്രതിസന്ധിമൂലം 2025 ജനുവരിയിൽ ഒരു ഡസൻ മുട്ട പായ്ക്കറ്റിന് വില 9 ഡോളറിന് മുകളിൽ എത്തിയിരുന്നു. ഇപ്പോൾ വില വെറും 2 ഡോളറിനടുത്തായി ഇടിഞ്ഞു. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള വഴിയാണ് പണപ്പെരുപ്പം താഴ്ന്നതിലൂടെ തുറന്നിരിക്കുന്നത്. ലോകത്ത് പലിശഭാരം ഏറ്റവും കുറവുള്ള രാജ്യമാകണം അമേരിക്ക എന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

യുഎസ് ഫെഡിന്റെ നിലവിലെ ചെയർമാൻ ജെറോം പവൽ മേയിൽ വിരമിക്കും. തുടർന്ന് സ്ഥാനമേൽക്കുന്നത് ട്രംപിന്റെ വിശ്വസ്തനായ കെവിൻ വാർഷ് ആണ്. യുഎസിൽ ഈ വർഷം പലിശഭാരം വലിയതോതിൽ കുറയുമെന്ന് ഏറക്കുറെ ഉറപ്പിക്കാം. പണപ്പെരുപ്പം താഴ്ന്നത് ഓഹരി വിപണിക്കും നേട്ടമായിട്ടുണ്ട്.

വേറിട്ടുനിന്ന് നാസ്ഡാക്

ഐടി കമ്പനികൾ നേരിട്ട തകർച്ചയെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ വലിയനഷ്ടം നേരിട്ട യുഎസ് ഓഹരി വിപണികൾ ഇന്നലെ നേരിയതോതിൽ തിരിച്ചുകയറി. എസ് ആൻഡ് പി500 സൂചിക 0.05%, ഡൗ ജോൺസ് 0.10% എന്നിങ്ങനെ ഉയർന്നു. നാസ്ഡാക് 0.22% താഴ്ന്നു. ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള സൂചികയാണ് നാസ്ഡാക്. എഎംഡി ഉൾപ്പെടെ നേരിട്ട ഇടിവാണ് നാസ്ഡാക്കിന് തിരിച്ചടിയായത്.

യുഎസിൽ പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ ഡോളറും ബോണ്ടിനും തിരിച്ചടിയാണ്. ഇതാണ് സ്വർണത്തിന് നേട്ടമാകുന്നത്. പലിശനിരക്ക് കുറയുമ്പോൾ യുഎസ് ബാങ്കുകളിലേക്കുള്ള നിക്ഷേപം, യുഎസ് ട്രഷറിയിലേക്കുള്ള നിക്ഷേപം എന്നിവ അനാകർഷകമാകും. നിക്ഷേപകർ ഇവയെ കൈവിട്ട് ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നിവയിലേക്ക് തിരിയും. ഇത് ഡോളറിനെ തളർത്തും. ഡോളർ തളരുമ്പോൾ കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങാനും നിക്ഷേപം നടത്താനും കഴിയും. ഇത് ഡിമാൻഡ് ഉയർത്തുകയും വില കൂടുകയും ചെയ്യും. അതാണ് നിലവിൽ സംഭവിക്കുന്നതും.

ലിങ്കണ് പിന്നാലെ ഫോർഡ് ADVERTISEMENT Go AD-FREE

ഇറാനെ സമ്മർദത്തിലാക്കാനായി ട്രംപ് യുഎസ്എസ് ഏബ്രഹാം ലിങ്കണ് പിന്നാലെ യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്ന പടക്കപ്പലിനെയും ഗൾഫ് കടൽമേഖലയിലേക്ക് അയച്ചത് മധ്യേഷ്യയെ വീണ്ടും യുദ്ധനിഴലിലാക്കി. സംഘർഷമുണ്ടാകുമോ എന്ന ഭീതിമൂലം എണ്ണവില കൂടിത്തുടങ്ങി. ആണവ ഡീലിന് ഇറാൻ തയാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരമൊരു ഡീലിന് ഇറാൻ തയാറാകുമെന്ന് താൻ കരുതുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞതും ആശങ്ക കൂട്ടുന്നുണ്ട്.

എണ്ണ ‘തീ’ വിലയോ?

ഇറാൻ യുദ്ധകലുഷിതമായാൽ അതു ഫലത്തിൽ മധ്യേഷ്യയെതന്നെ ബാധിക്കും. ഇറാൻ ഒരു എണ്ണ ഉൽപാദക/കയറ്റുമതി രാജ്യവും ‘ഒപെക്’ അംഗവുമാണ്. ഇറാന് മേധാവിത്തമുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ് ഗൾഫിൽ നിന്ന് പ്രധാനമായും എണ്ണ ലോകവിപണിയിലെത്തുന്നതും.  

യുദ്ധമുണ്ടായാൽ എണ്ണവില കത്തുമെന്ന് ഏറക്കുറെ ഉറപ്പുമാണ്. ഇന്നലെ 3% വരെ താഴ്ന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇന്നുള്ളത് ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.08% നേട്ടവുമായി 62.89 ഡോളറിൽ. ബ്രെന്റ് വില 0.25% ഉയർന്ന് 67.69 ഡോളറിലുമെത്തി.

ട്രംപിന്റെ രണ്ടാം ആശ്വാസം

യുഎസിൽ ജനുവരിയിലെ പുതിയ തൊഴിൽക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ ഇരട്ടിയിലേറെ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്നത് ട്രംപിന് ആശ്വാസമാണ്. യുഎസ് സമ്പദ്‍വ്യവസ്ഥ ശക്തമാണെന്ന തന്റെ വാദത്തിൽ ഉറച്ചുനിൽക്കാൻ ട്രംപിന് കഴിയും. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും ട്രംപിന് ഇരട്ടിമധുരമായി. ADVERTISEMENT GO AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
US January CPI fell to 2.4% below expectations, boosting Trump amid rate cut hopes and surging gold to $5,041/oz; egg prices dropped sharply, stocks mixed, oil steady amid Middle East tensions
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470719