കൽപറ്റ ∙ 2025ൽ ജില്ലയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായത് 9 സ്ത്രീകൾ ഉൾപ്പെടെ 69 പേർക്ക്. 916 വാഹനാപകടങ്ങളാണു ഇക്കാലയളവിലുണ്ടായത്. 1066 പേർക്ക് പരുക്കേറ്റു. 797 പേർക്കു ഗുരുതരമായും 269 പേർക്കു നിസ്സാര പരുക്കേറ്റു. പരുക്കേറ്റവരിൽ 295 പേർ സ്ത്രീകളാണ്. ജനുവരിയിലാണു കൂടുതൽ പേർ മരിച്ചത്–13 പേർ. കൂടുതൽ വാഹനാപകടങ്ങളുണ്ടായതും ജനുവരിയിലാണ്– 95. വിവിധ അപകടങ്ങളിലായി ആ മാസം 96 പേർക്ക് പരുക്കേറ്റു. കൂടുതൽ പേർക്ക് പരുക്കേറ്റത് ഒക്ടോബറിലാണ്– 117 പേർക്ക്. 86 വാഹനാപകടങ്ങളാണ് ഒക്ടോബറിലുണ്ടായത്. 6 പേർക്ക് ജീവൻ നഷ്ടമായി.
2024ൽ 908 വാഹനാപകടങ്ങളിലായി 67 പേരാണ് മരിച്ചത്. 1153 പേർക്ക് അക്കാലയളവിൽ പരുക്കേറ്റു. 2023ൽ 589 വാഹനാപകടങ്ങളിലായി 84 പേരാണ് മരിച്ചത്. 1056 പേർക്കു പരുക്കേറ്റു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്കിടയാക്കുന്നത്. അപകടത്തിൽപെടുന്നത് ഏറെയും യുവാക്കളാണ്. ഇതിൽ തന്നെ 19നും 25നും ഇടയിലുള്ളവർ ഓടിക്കുന്ന വാഹനങ്ങളാണു കൂടുതലായും അപകടങ്ങളിൽ പെടുന്നത്. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിച്ചവരാണു മരിച്ചവരിൽ ഏറെയും.
66 ബ്ലാക്ക് സ്പോട്ടുകൾ
ജില്ലയിൽ 66 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നാണ് (അപകടസാധ്യത ഏറിയ സ്ഥലങ്ങൾ) കണക്ക്. ദേശീയപാത 766 ലെ മുട്ടിൽ–വാര്യാട് മേഖലയും പാതിരിപ്പാലം മുതൽ ദൊട്ടപ്പൻകുളം വരെയുള്ള മേഖലകളുമാണ് അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടങ്ങൾ. പടിഞ്ഞാറത്തറ–വാരാമ്പറ്റ റോഡിലും വാഹനാപകടങ്ങൾ പതിവാണ്.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
വേഗത്തിൽ പായരുത്; അപകടം മുന്നിലുണ്ട്
ജില്ലയിലെ റോഡുകളുടെ ആകൃതിയും ഒരുപരിധിവരെ റോഡ് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ജില്ലയിലെ വളവുകൾ നിറഞ്ഞ റോഡുകളിൽ ശ്രദ്ധയൊന്നു പാളിയാൽ അപകടം ഉറപ്പാണ്. പല റോഡുകളിലും മിനുസം കൂടുതലാണെന്നു ഡ്രൈവർമാർ പറയുന്നു. ഇതുമൂലം ചെറിയ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കു പോലും പെട്ടെന്നു നിർത്താൻ സാധിക്കുകയില്ല.
ലൈസൻസിന് അപേക്ഷിക്കുന്നവർക്കു ഡ്രൈവിങ് ടെസ്റ്റിനു മുൻപ് ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നൽകുന്നുണ്ട്. ഈ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കു മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയൂ. ക്ലാസുകളിലൊക്കെ വൻ പങ്കാളിത്തമുണ്ടാകാറുണ്ടെങ്കിലും വാഹനവുമായി നിരത്തിലിറങ്ങിയാൽ ഭൂരിഭാഗം പേരും നിയമങ്ങളെല്ലാം മറക്കുന്നു.
18 വർഷത്തിനിടെ 11,521 അപകടങ്ങൾ, 1207 മരണം
2007 മുതൽ 2025 വരെയുള്ള കാലയളവിൽ ജില്ലയിലുണ്ടായ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായതു 1207 പേർക്കാണ്. ഇവരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. 11,521 അപകടങ്ങളാണു ഇക്കാലയളവിൽ നടന്നത്. 15,586 പേർക്കു പരുക്കേറ്റു. English Summary:
Road accidents in Wayanad have resulted in significant casualties, with a notable number of deaths and injuries. Over the years, accident statistics reveal a concerning trend, especially among young drivers. The need for enhanced road safety awareness and stricter adherence to traffic rules is evident to mitigate these incidents. |