LHC0088 • The day before yesterday 11:49 • views 311
ഒരു കാലഘട്ടം കടപുഴകി വീഴുകയാണോയെന്നു തോന്നിപ്പിക്കുന്നൊരു വീടുണ്ട് തെക്കേ മലബാറിൽ. വലിയൊരു ചരിത്രത്തിന്റെ ഭാരം പേറി നിലംപൊത്താറായൊരു തറവാട്. നാലുകെട്ടുകളും എട്ടുകെട്ടുകളും കേരളപ്പഴമയുടെ പ്രതാപം വിളിച്ചോതുന്ന ഇക്കാലത്ത്, ഞാനിവിടെയുണ്ടെന്ന് ഉറക്കെ പറയാനാഗ്രഹിക്കുന്ന, പതിനാറുകെട്ടായ മണ്ണാർക്കാട്ടെ മൂപ്പിൽ നായർ തറവാടാണ് ഈ വീട്. കേരളത്തിൽ അവശേഷിക്കുന്ന ചുരുക്കം പതിനാറുകെട്ടുകളിൽ ഒന്ന്.
- Also Read ബർലിൻ മതിലിലെ \“കുഞ്ഞാപ്പു\“
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിന്റെ ചരിത്രത്തിനു മൂപ്പിൽ നായർ തറവാടിനോളം തന്നെ പഴക്കമുണ്ട്. അട്ടപ്പാടി മലനിരകളും മണ്ണാർക്കാടും കുന്തിപ്പുഴയുമുൾപ്പെടുന്ന ദേശത്തിന്റെ മേൽ ഒരുപാടുകാലം ആഢ്യത്വത്തിന്റെ ചെങ്കോൽ കുത്തി വാണിരുന്ന നാടുവാഴികളുടെ കഥയിൽനിന്നാണ് ഈ ചരിത്രം പോലും ആരംഭിക്കുന്നത്.
നാടുവാണ മൂപ്പിൽ നായർ
സാമൂതിരിയുടെ പടത്തലവന്മാരുടെ സ്ഥാനപ്പേരായിരുന്നു മൂപ്പിൽ നായർ. വള്ളുവക്കോനാതിരിയെ പരാജയപ്പെടുത്തിയ സാമൂതിരി മണ്ണാർക്കാടിന്റെയും അട്ടപ്പാടി മലനിരകളുടെയും ചുമതല ഇവരിൽ കുന്നത്താട്ട് മാടമ്പിൽ മൂപ്പിൽ നായരെയാണ് ഏൽപ്പിച്ചത്. മലപ്പുറം തിരൂർക്കാടിനടുത്ത് വലമ്പൂരിൽനിന്ന് ഇങ്ങനെയാണ് ഈ കുടുംബം മണ്ണാർക്കാട് എത്തുന്നത്. ഉപാസനാമൂർത്തിയായ മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ ഭഗവതിയുടെ ചൈതന്യം മൂപ്പിൽ നായർ മണ്ണാർക്കാട് തറവാട്ടിലെത്തിച്ച് മച്ചിൽ കുടിയിരുത്തിയിരുന്നു. പിന്നീടു കുന്നത്തു സ്വരൂപത്തിന്റെ രക്ഷയ്ക്കായി ആ ചൈതന്യത്തെ കുന്തിപ്പുഴത്തീരത്ത് ഉദയസൂര്യന് അഭിമുഖമായി പ്രതിഷ്ഠിച്ചു. അരക്കുറിശ്ശി ഉദയോർക്കുന്ന് ഭഗവതി അങ്ങനെ ദേശത്തിന്റെ രക്ഷകയായെന്നാണ് ഐതിഹ്യം.
- എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
- ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
- പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
MORE PREMIUM STORIES
കഥപറയും പതിനാറുകെട്ട്
200 വർഷങ്ങൾക്കു മുൻപാണ് മൂപ്പിൽ നായർ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. പുല്ലുമേഞ്ഞ മേൽക്കൂരയായിരുന്നു ആദ്യം. 3 ഘട്ടങ്ങളായിട്ടായിരുന്നു നിർമാണം. 1895ലും 1905ലുമായി രണ്ടും മൂന്നും ഘട്ടങ്ങൾ പണിതീർത്തു. അട്ടപ്പാടി മലനിരകളിൽനിന്ന് കുന്തിപ്പുഴയിലൂടെ മരമെത്തിച്ചായിരുന്നു നിർമാണം. 4000 ടൺ വരെ മരം തറവാടിന്റെ നിർമാണത്തിനുപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉളിച്ചെത്തിലാണ് മരപ്പണികൾ. യൂറോപ്യൻ ശൈലിയും കെട്ടിടത്തിന്റെ വാസ്തുവിൽ പ്രകടമാണ്. ഫറോക്ക് ഓട് ഫാക്ടറിയിൽനിന്ന് ഓടെത്തിച്ചാണ് പിന്നീടു മേൽക്കൂര മേഞ്ഞത്.
അൻപത് കുടുംബങ്ങൾ താമസിച്ചിരുന്ന വീടായിരുന്നു മണ്ണാർക്കാട്ടെ പതിനാറുകെട്ട്. നാലു നടുമുറ്റങ്ങളാണ് പതിനാറുകെട്ടിന്റെ പ്രത്യേകത. ഓരോ നടുമുറ്റത്തേയും കേന്ദ്രീകരിച്ച് തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറിനി എന്നിങ്ങനെ മുറികളുണ്ടാകും. തെക്കിനിയിലായിരിക്കും പരദേവതയെ പ്രതിഷ്ഠിക്കുക. വടക്കിനി ഭാഗത്ത് അടുക്കളയും. നാല് അടുക്കള തന്നെയുണ്ട് പതിനാറുകെട്ടിന്. നടുമുറ്റം കൂടാതെ അതിഥികളെ സ്വീകരിക്കാൻ പൂമുഖവും വിശാലമായ മുറികളുമുണ്ട്. തറവാടിനോടു ചേർന്നു സർപ്പക്കാവ്, കുടുംബക്ഷേത്രം എന്നിവയുണ്ട്. നാലുകെട്ടിന്റെ നാലിരട്ടി, അതായത് എട്ടുകെട്ടിന്റെ രണ്ടിരട്ടി വലുപ്പവും വിസ്തൃതിയുമാണ് പതിനാറുകെട്ടിന്. അംഗസംഖ്യ എത്ര വർധിച്ചാലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഉണ്ട്. നാൽപതിലധികം കിടപ്പുമുറികൾ തന്നെയുണ്ട് തറവാട്ടിൽ. പിന്നെ ഓവറകൾ, പ്രസവമുറികൾ, അങ്ങനെ പോകുന്നു മുറികളുടെ എണ്ണം.
1934–54 കാലഘട്ടമാണ് മണ്ണാർക്കാട് മൂപ്പിൽ നായരുടെ പ്രതാപകാലമായി കണക്കാക്കുന്നത്. കണക്കില്ലാത്ത ഭൂസ്വത്തിന്റെയും പന്തീരായിരം പറ നെല്ലിന്റെയും ധാരാളം ആനകളുടെയും ആറു ക്ഷേത്രങ്ങളുടെയും ഉടമസ്ഥത ഉണ്ടായിരുന്ന കാലം. നാടുവാഴിഭരണം അവസാനിച്ച്, ഭാഗം വയ്ക്കുന്നതോടെ തറവാടിന്റെ തകർച്ചയാരംഭിച്ചു. ഭൂപരിഷ്കരണ നിയമത്തോടെ അതു പൂർണമായി. 15 വർഷമായി തറവാട്ടിൽ ആരും താമസമില്ല.
മാർഗഴിയിൽ മല്ലിക പൂത്താൽ...
അരക്കുറിശ്ശി ഉദയോർക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കാറുള്ള 7 ദിവസത്തെ പൂരമാണ് പ്രശസ്തമായ മണ്ണാർക്കാട് പൂരം. ഒരു ദേശത്തിന്റെ ഉത്സവമായി മൂപ്പിൽ നായരാണ് മണ്ണാർക്കാട് പൂരം ആരംഭിച്ചത്.
മലയാറ്റൂർ രാമകൃഷ്ണന്റെ നോവലിനെ ആസ്പദമാക്കി 1976ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘പൊന്നി’ എന്ന ചിത്രത്തിനായി പി.ഭാസ്കരൻ എഴുതിയ ‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം, കാടിറങ്ങി നീയും ഞാനും കാണാൻ പോകണ പൂരം’ എന്ന ഗാനം മണ്ണാർക്കാടിന്റെ ചരിത്രത്തെയും സാമൂഹിക അടിത്തറയെയും ഇന്നും തുടർന്നു പോകുന്ന ചില സമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നതാണ്.
പൂരത്തിന്റെ ഏഴാം ദിവസമായ വലിയാറാട്ടു ദിവസം അട്ടപ്പാടിയിൽനിന്ന് ആദിവാസികളെ പൂരം കാണാൻ ക്ഷണിക്കുകയും അവർക്ക് മൂപ്പിൽ നായർ ഭക്ഷണം നൽകി ആദരിക്കുകയും ചെയ്തിരുന്നു എന്നാണ് ചരിത്രം. എല്ലാ വർഷവും വലിയാറാട്ടു ദിവസം കുന്തിപ്പുഴയോരത്ത് നടക്കുന്ന കഞ്ഞിപാർച്ച അതിന്റെ തുടർച്ചയാണ്.
മലയാളിയുടെ മനസ്സിൽ എന്നും നൊമ്പരമായി ശേഷിക്കുന്ന ബാലൻ മാഷ് എന്ന മമ്മൂട്ടി കഥാപാത്രം നിറഞ്ഞാടിയത് മൂപ്പിൽ നായർ തറവാട്ടിലായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ തനിയാവർത്തനത്തിലെ ക്ഷയിച്ചു തുടങ്ങിയ മരുത്തേമ്പള്ളി നായർ തറവാടിനു പശ്ചാത്തലമായത് മണ്ണാർക്കാട്ടെ ഈ വീടാണ്. 1965ൽ പുറത്തിറങ്ങിയ ‘ശ്യാമളചേച്ചി’യാണ് ഇവിടെ ചിത്രീകരിച്ച ആദ്യത്തെ ചിത്രം. 1993ലെ ഗസൽ എന്ന ചിത്രത്തിലെ ചില ഭാഗങ്ങളും ധാരാളം ഡോക്യുമെന്ററികളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
വേണം പുതിയകാലം
കൊച്ചുണ്ണി, താത്തുണ്ണി എന്നീ മൂപ്പിൽനായന്മാരുടെ കാലത്താണ് തറവാടിന്റെ കീർത്തി വാനോളമുയർന്നത്. താത്തുണ്ണി മണ്ണാർക്കാട്ട് സ്ഥാപിച്ച സ്കൂൾ ആണ് കെ.ടി.എം ഹൈസ്കൂൾ (കുന്നത്താട്ട് താത്തുണ്ണി മാടമ്പിൽ ഹൈസ്കൂൾ). പ്രമുഖ സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്റെ അധ്യാപക ജീവിതവും രാഷ്ട്രീയ ജീവിതവും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
തകർന്നു വീഴാറായ തറവാട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നത് വർഷങ്ങളായി ഈ നാടിന്റെ ആവശ്യമാണ്. നാടിന്റെ ചരിത്രവും കഥയും പുതിയ തലമുറയിലേക്കു പകരാൻ ഈ വീടിന്റെ കഥയ്ക്കു കഴിയുമെന്നു നാടും നാട്ടുകാരും കരുതുന്നു. English Summary:
Sunday Special about Mooppil Nair Tharavad in Mannarkad: Mannarkkad Moopil Nair Tharavadu is a historic sixteen-kettu house in Palakkad, representing Kerala\“s traditional architecture and cultural heritage. This ancestral home, once a center of power and community, stands as a testament to the region\“s rich past and the legacy of the Moopil Nair family. |
|