search

എല്ലായിടത്തും ഹോംസ്: ലണ്ടനിലെ ഷെർലക് ഹോംസ് മ്യൂസിയം പറയുന്നു മരണമില്ലാത്ത കുറ്റാന്വേഷകന്റെ അന്വേഷണ വഴികൾ

Chikheang The day before yesterday 11:49 views 406
  



പരിചയപ്പെടുക, ഉയരം: ആറടി ഒരിഞ്ച് മെലിഞ്ഞ ശരീരം. നീണ്ട മുഖം. കൂർത്ത മൂക്ക്. കുറ്റവാളികൾക്കു നേർക്കു സഞ്ചരിക്കുന്ന കണ്ണുകൾ.

ചുണ്ടിൽ പുകയുന്ന കാലബാഷ് പൈപ്പ്. തലയിൽ, മൗനമായി പിന്തുടർന്ന് ഇരയെ പിടിക്കുന്ന മാൻവേട്ടക്കാരുടെ ഡീർസ്റ്റോക്കർ തൊപ്പി.

കാൽമുട്ടിനു താഴെ വരെ നീണ്ടുകിടക്കുന്ന കറുത്ത അൾസ്റ്റർ കോട്ട്. വിലാസം: 221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ തൊഴിൽ: കുറ്റാന്വേഷണം
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പേര്: ഷെർലക് ഹോംസ്  

“വാട്സൺ നിങ്ങൾ കാണുന്നു. പക്ഷേ നിരീക്ഷിക്കുന്നില്ല. കുറ്റവാളിയെ കണ്ടെത്തുന്നതിലും പ്രധാനമാണ് കുറ്റകൃത്യത്തിന്റെ രീതി മനസ്സിലാക്കുന്നത്”. ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള ബേക്കർ സ്ട്രീറ്റിലേക്കു  നടക്കുമ്പോൾ കുട്ടിക്കാലത്ത് വായനശാലയിൽ നിന്നു കിട്ടിയ, കൂടെ കൊണ്ടുനടക്കുന്ന വരികൾ തലയിൽ ഡിറ്റക്ടീവ് കളിക്കുകയാണ്.  

“എന്റെ പേര് ഷെർലക് ഹോംസ്. മറ്റുള്ളവർ അറിയാത്ത കാര്യങ്ങൾ അറിയുന്നതാണ് എന്റെ തൊഴിൽ”.

“The Great Detective” എന്ന് എഴുതിയിട്ടുള്ള ലോകം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷകന്റെ ഒരു വലിയ പ്രതിമ സഞ്ചാരികളെ ബേക്കർ സ്ട്രീറ്റിലേക്കു സ്വാഗതം ചെയ്യുന്നു. തെരുവിൽ കാലെടുത്തു വയ്ക്കുമ്പോൾ തന്നെ കാഴ്ചകൾക്കെല്ലാം ഒരുതരം നിഗൂഢത. കാൽപ്പാടുകളും വിരലടയാളങ്ങളും ഉടുവസ്ത്രവുമെല്ലാം ഒരു കുറ്റാന്വേഷകന്റെ ലെൻസിന് കീഴിൽ പരിശോധനയ്ക്കു വിധേയമായേക്കാം എന്ന് ആരോ ഓർമ്മപ്പെടുത്തുന്നപോലെ. ഇരുവശങ്ങളിലുള്ള കടകളിലെല്ലാം ഹോംസിന്റെ പേരും ചിത്രവും. തൊട്ടുമുന്നിൽ പോയ കുതിരവണ്ടിയിൽ ഇരിക്കുന്ന കുലീനയായ യുവതി വീട്ടിൽ സംഭവിക്കുന്ന ദുരൂഹ സാഹചര്യങ്ങളെക്കുറിച്ച് പറയാനായി 221 ബി ലക്ഷ്യമാക്കി പോയതാവണം. സർ ആർതർ കോനൻ ഡോയൽ എന്ന സ്രഷ്ടാവിനെ വായനക്കാർ ഇവിടെയെങ്ങും അന്വേഷിക്കുന്നില്ല. കഥാപാത്രം സ്രഷ്ടാവിനെ അതിജീവിച്ച് അനശ്വരനാകുന്ന അപൂർവത.

1990 ലാണ് 221 ബി ബേക്കർ സ്ട്രീറ്റ് എന്ന വിലാസത്തിൽ ഷെർലക് ഹോംസ് മ്യൂസിയം രൂപകൽപന ചെയ്തെടുക്കുന്നത്. നാലു നിലകളുള്ള ഈ ജോർജിയൻ ടൗൺ ഹൗസ് അതുവരെ ഒരു ലോഡ്ജ് ആയിരുന്നു. 19 പൗണ്ടിന്റെ ടിക്കറ്റെടുത്താണ് അകത്ത് കയറേണ്ടത്. ചുവന്ന പരവതാനി വിരിച്ച ചെറിയ കോണിപ്പടികൾ കയറി നേരേ ചെല്ലുന്നത് ഒന്നാം നിലയിലെ കുറ്റാന്വേഷകന്റെ സ്വീകരണ മുറിയിലേക്ക്. ഹോംസിന്റെ ലാൻഡ് ലേഡി ആയിരുന്ന മിസിസ് ഹഡ്‌സനെ ഓർമപ്പെടുത്തുന്ന വസ്ത്രധാരണവുമായി വന്ന പെൺകുട്ടി കാഴ്ചകളെക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങി.

ആർതർ കോനൻ ഡോയൽ എഴുതി വച്ചതെല്ലാം സ്വീകരണ മുറിയിലുണ്ട്. ഹോംസിന്റെയും വാട്സന്റെയും ഇരിപ്പിടങ്ങൾ. മുഖഭാവങ്ങൾ ശ്രദ്ധിക്കാനായി ജനലിന് അഭിമുഖമായി വച്ചിട്ടുള്ള സന്ദർശകർക്കുള്ള ഇരിപ്പിടം. ഒരു ചെറിയ ടേബിൾ. ഹോംസ് ചിന്താമഗ്നനായി ഇരിക്കാറുള്ള ജനലരികിലെ ചാരുകസേര. പാതി  വായിച്ചുവച്ച പത്രം. ലെൻസ്, തൊപ്പി, പൈപ്പ്, പുസ്തകശേഖരം അങ്ങനെ എല്ലാം. ചുമരിൽ അന്നത്തെ കാലത്തെ കുപ്രസിദ്ധരായ കുറ്റവാളികളുടെ ചിത്രങ്ങൾ.

തൊട്ടുപിറകിലായി ഹോംസിന്റെ കിടപ്പുമുറി. അഴിച്ചുവച്ച തൊപ്പിയും, ഊരിവച്ച ചെരിപ്പും അത്യാവശ്യമായി ഒന്ന് പുറത്തു പോയതാണെന്നും വൈകാതെ തിരിച്ചുവരുമെന്നുള്ള തോന്നൽ ഉണ്ടാക്കുന്നു. രണ്ടാമത്തെ നിലയിൽ ഡോക്ടർ വാട്സന്റെ മുറി. ബ്രിട്ടിഷ് ആർമിയിൽ ഡോക്ടറായിരുന്ന വാട്സൺ അഫ്ഗാൻ യുദ്ധത്തിൽ പരുക്കേറ്റ് ഇംഗ്ലണ്ടിലേക്കു തിരിച്ചുവരുന്നു.  കുറഞ്ഞ ചെലവിൽ താമസിക്കാൻ ഒരു മുറി അന്വേഷിക്കുന്നതിനിടയ്ക്കാണ് ഒരു സുഹൃത്ത് വഴി ഹോംസിനെ പരിചയപ്പെടുന്നതും പാതി വാടകയ്ക്ക് 221 ബിയിൽ  താമസം തുടങ്ങുന്നതും.

1887ൽ പുറത്തിറങ്ങിയ ‘A Study in Scarlet’ എന്ന ആദ്യത്തെ കോനൻ ഡോയൽ നോവലിലാണ് അവിശ്വാസത്തോടെയും ആകാംക്ഷയോടെയും പരസ്പരം നിരീക്ഷിച്ചു തുടങ്ങിയ ഈ ബന്ധം തുടങ്ങുന്നത്. സന്തതസഹചാരികളായി പിന്നീടു വളർന്നു ഈ കൂട്ടുകെട്ടാണ് മിക്ക ഹോംസ് കഥകളുടെയും ആണിക്കല്ല്.

കഥ പറഞ്ഞു തുടങ്ങുന്ന വാട്സൺ മിക്കസൃഷ്ടികളിലും ഹോംസിനും വായനക്കാർക്കും ഇടയിലെ പാലമാകുന്നു. ഇടയ്ക്ക് വായനക്കാരന്റെ പ്രതിനിധിയായി സംശയങ്ങൾ ചോദിക്കുന്നു. എഴുത്തുകാരന്റെ കൂടെനിന്നു കഥകൾ പൂർത്തിയാക്കുന്നു. വാട്സന്റെ കിടപ്പുമുറിയിൽ ഒരുവശത്തായി ഒരു എഴുത്തുമേശയും കസേരയും പുസ്തക ശേഖരവും കാണാം. മെഡിക്കൽ പുസ്തകങ്ങൾക്കും ഉപകരണങ്ങൾക്കുമൊപ്പം ഇന്ത്യയിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും കൊണ്ടുവന്ന അപൂർവമായ കൗതുക വസ്തുക്കളുമുണ്ട്.

രണ്ടാം നിലയിൽ തന്നെയുള്ള അടുത്ത മുറിയാണ് മിസിസ് ഹഡ്സന്റേത്. പാചകവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വൃത്തിയായി അടുക്കി വച്ചിരിക്കുന്ന പാത്രങ്ങളും കാണാം. മൂന്നാമത്തെ നിലയിലെത്തുമ്പോൾ ആദ്യം കാണുന്നത് സർ ആർതർ കോനൻ ഡോയലിന്റെ പ്രൗഢമായ എഴുത്തുമുറി. വലിയൊരു മേശയും കസേരയും. മേശയുടെ മുകളിലായി ഒരു ടൈപ്പ് റൈറ്റർ, പെൻ സ്റ്റാൻഡ്, ഒരു ഭൂഗോളം. പിറകിൽ പുസ്തക ശേഖരം. അന്തരീക്ഷത്തിൽ ഡോയലിന്റെ തന്നെ ശബ്ദത്തിൽ ജന്മനാടായ എഡിൻബറയിൽ നിന്നും ലണ്ടനിലെത്തിയത് വരെയുള്ള ജീവിത സാഹചര്യങ്ങൾ. ഷെർലക് ഹോംസ് എന്ന സൃഷ്ടിക്കു പ്രചോദനമായി ജീവിതത്തിൽ കണ്ടുമുട്ടിയവരുടെ ഓർമകൾ.

നാൽപതു  വർഷത്തോളം കാലം ഒരു നായകനെയും പലതരത്തിലുള്ള കുറ്റവാളികളെയും ചേർത്തുവച്ചു പഴുതില്ലാതെ കള്ളനും പൊലീസും കളിച്ച് ലോകത്തെ ത്രസിപ്പിച്ച സർ ആർതർ കോനൻ ഡോയലിനെ പോലെ ഒരു എഴുത്തുകാരൻ ഇനി വേറെ  ഉണ്ടാകുമോ എന്ന് സംശയമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന ഫൊറൻസിക്   സയൻസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങളും നിരീക്ഷണങ്ങളും. ആൾമാറാട്ടവും മാഫിയപ്പകയും ചാരവൃത്തിയും ബാങ്കുകൊള്ളയും തൊട്ടു സമീപ കാലത്തു പോലും സംഭവിച്ച ഉഗ്രവിഷമുള്ള പാമ്പിനെ ഉപയോഗിച്ചു നടത്തിയ കിടപ്പറ കൊലപാതകം വരെ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതിവച്ച മുൻ കാഴ്ചകൾ.

ഹോംസ് കണ്ടെത്തിയ കുറ്റവാളികൾ, പ്രധാനപ്പെട്ട കഥാസന്ദർഭങ്ങൾ എന്നിവ മെഴുകു പ്രതിമകളായി ചെയ്തു വച്ചിരിക്കുന്നു മൂന്നാം നിലയിലെ തൊട്ടടുത്ത മുറിയിൽ. ഒരു പഴയകാല ലൈറ്റ് ആൻഡ് സൗണ്ട് പശ്ചാത്തലം കൂടി ഒരുക്കിയിട്ടുണ്ട്.  ഹോംസിന്റെ എക്കാലത്തെയും ശത്രുവായിരുന്ന പ്രഫസർ മോറിയാർട്ടിയും ഉണ്ട് അക്കൂട്ടത്തിൽ മുൻനിരയിൽ. മറ്റൊരു ഭാഗത്ത് ഹോംസ് കഥകളുടെ പ്രശസ്തമായ പുനഃസൃഷ്ടികളാണ്.  മൂന്നു നിലകളും കണ്ടു താഴേക്കിറങ്ങി ചെല്ലുന്നത് ഗ്രൗണ്ട് ഫ്ലോറിലുള്ള   സുവനീർ ഷോപ്പിലേക്കാണ്. മനസ്സിൽ കൊണ്ടുനടന്നതും ആഗ്രഹിച്ചതുമെല്ലാം അവിടെയുണ്ട്. പലതരം തൊപ്പികൾ, കോട്ടുകൾ, ടി ഷർട്ടുകൾ എന്നിങ്ങനെ.

ബേക്കർ സ്ട്രീറ്റിലെ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി, നടന്നു നീങ്ങുന്നതിനിടയിൽ 221 ബിയിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി. സന്ദർശകരുടെ ക്യൂ വലുതായി വരികയാണ്. ഭൂഖണ്ഡങ്ങൾ താണ്ടിവരുന്നവർ. വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നവർ. പല പ്രായക്കാർ.

ഒന്നുറപ്പ്.  അതെ. ഹോംസ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. സ്റ്റോക്കർ തൊപ്പി വച്ച് കയ്യിൽ പൈപ്പുമായി ജനലരികിലെ ചാരുകസേരയിൽ എന്തോ ഗാഢമായ ആലോചനയിൽ. അപസർപ്പ ലോകത്തെ തമ്പുരാൻ മരിച്ചിട്ടില്ല. English Summary:
Sunday Special about Sherlock Holmes Museum a popular tourist destination in London: This museum dedicated to the iconic detective, invites visitors to step into the world of mystery and intrigue, offering a unique experience for fans of the stories.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161334