search

ഇതാണ് ഇന്ത്യ...: ഗ്രാമങ്ങളെ അറിഞ്ഞ് ഇന്ത്യയെ അറിയാൻ എല്ലാ സംസ്ഥാനങ്ങളിലൂടെയും ഒരു പതിനഞ്ചു വയസ്സുകാരൻ നടത്തിയ യാത്ര

deltin33 The day before yesterday 11:49 views 545
  



ശ്രീബുദ്ധന് 25 വയസ്സു കഴിഞ്ഞപ്പോഴും അശോകന് 43 വയസ്സു കഴിഞ്ഞപ്പോഴും മനസ്സിലുണ്ടായ വെളിച്ചമാണ് പതിനഞ്ചാം വയസ്സിൽ യശസ്സ് എസ്.ദാസിന് ഉദിച്ചത്. അതിനെ ബോധോദയം എന്നൊക്കെ വിളിക്കാമോ എന്നു കാലമാണ് നിശ്ചയിക്കേണ്ടത്.  ഇന്ത്യയിലെ ഗ്രാമങ്ങൾ കാണണം എന്ന ആഗ്രഹമായിരുന്നു ആ വഴിമാറ്റം.  

കാൽപനികമായ ഒരു ചിന്ത എന്നേ ആദ്യം ഇതിനെ അച്ഛൻ ലഫ്.കേണൽ (റിട്ട.) ഷെല്ലി കെ.ദാസിനും അമ്മ മീരയ്ക്കും തോന്നിയുള്ളൂ. 2022ൽ സൈന്യത്തിൽനിന്നു വിരമിച്ച ഷെല്ലിയും മഹാരാഷ്ട്ര സ്വദേശിനി മീരയും തിരുവനന്തപുരം നഗരത്തിലെ കുടുംബ വീട് വിട്ട് വെള്ളായണി കല്ലിയൂർ കാക്കാമൂല മുനവരി റോഡിൽ പ്രണവം എന്ന വീടു വാങ്ങി ജീവിക്കാനാരംഭിച്ചത് ഗ്രാമത്തോടുള്ള മകന്റെ പ്രണയം കാരണമാണ്. സിനിമകളിൽ  കാണുന്നത്ര കാൽപനികമല്ല ഗ്രാമങ്ങൾ എന്നു കഴിയുംവിധമൊക്കെ ഷെല്ലി പറഞ്ഞു കൊടുത്തെങ്കിലും യശസ്സ് പിടിച്ച പിടിയിൽ നിന്നതോടെ ആ യാത്ര തീരുമാനിക്കപ്പെട്ടു.

ഇന്നു നാം കാണും കിനാക്കളെല്ലാം
2024 മാർച്ചിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ ഷെല്ലി മകനെ അടുത്തു പിടിച്ചിരുത്തി. ‘ഗ്രാമങ്ങൾ കണ്ടാൽ മതിയോ, അതിനെ അടുത്തറിയേണ്ടേ? അറിയാൻ അവിടെ താമസിക്കേണ്ടേ? ആളുകളുമായി അടുത്തിടപഴകണ്ടേ? അങ്ങനെ ഒരു യാത്രയ്ക്കു തയാറാണോ?’
    

  • 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
      

         
    •   
         
    •   
        
       
  • REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
      

         
    •   
         
    •   
        
       
  • പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെറുതേ യാത്ര പോയാൽ പോര, പഠിക്കണമെന്നായി അച്ഛൻ.

‘ഗ്രാമങ്ങൾ ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമല്ലേ, അവിടം വിട്ട് എന്തിനാണ് ആളുകൾ നഗരങ്ങളിലേക്കു പായുന്നത്?’ എന്ന സ്വന്തം ചിന്ത തന്നെ പഠിക്കാമെന്നു മകൻ. പഠനത്തിന് ഒരു രൂപരേഖയുണ്ടാക്കി ഇരുവരും യശസ്സ് പഠിക്കുന്ന ശ്രീകാര്യം ലെകോൾ ചെമ്പക സ്കൂളിലെ പ്രിൻസിപ്പൽ പ്രമോദ് പിള്ളയെ കണ്ടു. ‘യശസ്സിന് ഒരു വർഷം അവധി വേണം. ഇന്ത്യ യാത്ര പൂർത്തിയാക്കി അടുത്ത വർഷം പ്ലസ് വണിനു ചേരാം’.

രൂപരേഖ വായിച്ച പ്രിൻസിപ്പൽ, പൂർണ പിന്തുണയോടൊപ്പം ആവശ്യം വരുമ്പോൾ ഉപകരിക്കാൻ ഒരു കത്തും നൽകി.

തിരുവനന്തപുരത്തെ ദ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐമാഡ്) മേധാവി എസ്. ഇരുദയ രാജൻ  വിവരശേഖരണം നടത്താൻ പരിശീലനവും സോഫ്റ്റ്‌വെയറും ഉൾപ്പെടെ നൽകി. 2024 ജൂൺ 8ന് യാത്ര പുറപ്പെട്ടു; 3 ഘട്ടങ്ങളിലായി ഇന്ത്യയൊട്ടാകെ നീണ്ട ആ യാത്ര 2025 മാർച്ചിലാണ് അവസാനിച്ചത്. ഷെല്ലി കെ.ദാസിനു പട്ടാളജീവിതം നൽകിയതിനേക്കാൾ  വലിയ അനുഭവമാണ് മകനൊപ്പം നടത്തിയ യാത്ര സമ്മാനിച്ചത്.

പൊലീസ് പൊലീസ്
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ ഒരു ഗ്രാമം. മൈതാനത്തു കളിക്കുകയായിരുന്ന യുവാക്കളിൽ നിന്നു വിവര ശേഖരണം നടത്തുകയായിരുന്നു യശസ്സ്. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദത്തോടെയായിരുന്നു ഇത്. പലരും വിവരങ്ങൾ നൽ‍കിയെങ്കിലും ചിലർക്കു സംശയമായി. പഞ്ചായത്ത് പ്രസിഡന്റിന്റെ അഭിമാനം ഉലഞ്ഞു. ചെറുപ്പക്കാരും പ്രസിഡന്റുമായി വഴക്കായി, ഒടുവിൽ പൊലീസെത്തി.  മതപരിവർത്തനം നടത്താൻ കേരളത്തിൽ നിന്നു വന്നവരാണെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.  പൊലീസ് എല്ലാ രേഖകളും വാങ്ങി പരിശോധിച്ചു. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരങ്ങൾ അന്വേഷിച്ച് ഉറപ്പാക്കിയിട്ടും പൊലീസിന്റെയും നാട്ടുകാരുടെയും സംശയം തീരുന്നുണ്ടായിരുന്നില്ല.

ഗ്രാമങ്ങൾ കാണാനുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് ഓരോ പ്രദേശത്തു സഞ്ചരിക്കുമ്പോഴും യശസ്സ് മനസ്സിലാക്കിക്കൊണ്ടിരുന്നു. അസമിലെ തീൻസുഖിയ ജില്ലയിൽ വച്ചും ഒരുതവണ ഇതുപോലെ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നിട്ടുണ്ട്.

പാഠം: ‘നല്ല ആളുകളും ചീത്ത ആളുകളും എല്ലായിടത്തും ഉണ്ട്’

ചിലന്തി ജീവിതം
യാത്ര പുറപ്പെടുന്നതിനു മുൻപു യശസ്സ് ഗൂഗിൾ മാപ്പിൽ ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എത്താൻ കഴിയുന്ന പ്രദേശങ്ങളെ തരംതിരിച്ചു. വലിയ സംസ്ഥാനങ്ങളിലെ 4 ഗ്രാമങ്ങളും ചെറിയ സംസ്ഥാനങ്ങളിലെ 2 ഗ്രാമങ്ങളും എന്ന ക്രമത്തിൽ സന്ദർശനം തീരുമാനിച്ചു. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ ധൽ ഗ്രാമത്തിലാണു തുടക്കം. 10 മാസം കൊണ്ടു മുഴുവൻ സംസ്ഥാനങ്ങളും പിന്നിട്ടു.  ബൈക്ക് വാടകയ്ക്കെടുത്തായിരുന്നു ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് മേഖലകളിലെ യാത്ര.  

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര സാഹസികമായിരുന്നു. നാഗാലാൻഡിൽ ഷിസാമി ഗ്രാമത്തിലാണ് യശസ്സും ഷെല്ലിയും എത്തിയത്. അവിടെ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെട്ടപ്പോൾ ഷെല്ലി അഭിമാനത്തോടെ പറഞ്ഞു, ‘ഞാൻ സൈന്യത്തിലായിരുന്നു’.

‘ആണോ? എനിക്കും സൈന്യവുമായി അടുത്ത ബന്ധമുണ്ട്–’ പ്രസിഡന്റ് കെവിപെലോ സൂഹ ഗൗരവത്തോടെ പറഞ്ഞു. ‘എന്റെ അച്ഛനെ കൊന്നത് നിങ്ങളുടെ സൈന്യമാണ്–’ കൗതുകത്തോടെ കേട്ടു തുടങ്ങിയ ഷെല്ലിയും യശസ്സും നടുങ്ങി. നാഗാ വിമോചന പോരാട്ടം നടന്ന കാലത്ത് അവരുടെ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് പ്രസിഡന്റിന്റെ അച്ഛൻ. അദ്ദേഹം സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു. എങ്കിലും, കെവിപെലോ സൂഹ സഹൃദയനായിരുന്നു. അദ്ദേഹം ഷെല്ലിയെയും യശസ്സിനെയും സ്വീകരിച്ച്, ഭക്ഷണം നൽകി. വിവരശേഖരണത്തിന് എല്ലാ സഹായവും നൽകി.

ട്രെയിനിൽ ജനറൽ കംപാർട്മെന്റുകളിൽ നിന്നാണ് കൂടുതൽ ജീവിതാനുഭവവും കാഴ്ചപ്പാടുകളും ലഭിച്ചതെന്നു യശസ്സ് പറയുന്നു. ആയിരങ്ങൾ കുത്തിനിറഞ്ഞു യാത്ര ചെയ്യുന്നതാണ് ഉത്തരേന്ത്യൻ ജനറൽ കംപാർട്മെന്റുകൾ. പാൻ മസാലയുടെ രൂക്ഷ ഗന്ധം, ശുചിമുറിയുടെ ദുർഗന്ധം, ജീവിതത്തിന്റെ നെട്ടോട്ടത്തിൽ വിയർത്തു കുളിച്ചെത്തുന്ന ഏറ്റവും സാധാരണക്കാരുടെ തീവ്രഗന്ധം. എട്ടുകാലികളെപ്പോലെ, ആൾക്കൂട്ടത്തിന്റെ തലകൾക്കു മുകളിലൂടെ സാഹസികമായി അള്ളിപ്പിടിച്ചാണ് ഓരോ കംപാർട്മെന്റിന്റെയും പുറത്തിറങ്ങേണ്ടത്.

പാഠം : ‘ട്രെയിനിലെ ജനറൽ കംപാർട്മെന്റുകളോളം ജീവിതാനുഭവം മറ്റെങ്ങും കിട്ടില്ല’

വിവേചനമോ, ഇതു കടമയല്ലേ?

മധ്യപ്രദേശിലെ റീവ ജില്ലയിൽ ഗോത്രവർഗക്കാരായ ഗ്രാമീണരെയാണ് കണ്ടത്. അവരിൽ ഭൂരിഭാഗം പേരുടെയും ആഗ്രഹം എന്തെങ്കിലും അവസരം ലഭിച്ചാൽ ഗ്രാമം വിട്ടു പോകണമെന്നും പിന്നീട് ഒരിക്കലും മടങ്ങി വരരുതെന്നുമായിരുന്നു.

‘ജാതി ഒരു പ്രശ്നമാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ, കണ്ട മനുഷ്യരിൽ ഭൂരിഭാഗവും അവരുടെ പേരിനെക്കാൾ അഭിമാനത്തോടെ എഴുതിയത് ജാതിപ്പേരായിരുന്നു!’ യശസ്സ് പറയുന്നു. ജാതി വിവേചനം എന്താണെന്നു പോലും ഗ്രാമീണർക്ക് അറിയില്ല. വിവേചനം എന്ന വാക്കിന്റെ അർഥം മനസ്സിലാക്കി കൊടുക്കാൻ തന്നെ പ്രയാസപ്പെട്ടു. പരിഷ്കൃത സമൂഹം വിവേചനം എന്ന് ഉദ്ദേശിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തമാണ് എന്നാണ് അവർ ഇപ്പോഴും കരുതുന്നത്.  

പാഠം : ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം; എപ്പോഴും അങ്ങനെയല്ലെങ്കിലും!’

  ഇന്ത്യയുടെ ആത്മാവ്

യാത്ര പൂർത്തിയാക്കിയപ്പോൾ യശസ്സിന് ഗാന്ധിജി പറഞ്ഞ വാക്കുകളുടെ ആഴം മനസ്സിലായി – ‘ഇന്ത്യയുടെ ആത്മാവ് വസിക്കുന്നത് അതിന്റെ ഗ്രാമങ്ങളിലാണ്’. അവിശ്വസനീയതകൾ പലതു ചേർന്നുണ്ടായ ആത്മാവ്. അതിനെ കണ്ടെത്തുക അത്രയെളുപ്പമല്ല. ആ വലിയ കോഴ്സിൽ ഇതുവരെ പഠിച്ചതെല്ലാം റിപ്പോർട്ടാക്കി ഐമാഡിനു സമർപ്പിച്ച് യശസ്സ് പ്ലസ് വണ്ണിനു പ്രവേശനം നേടി. ഇനി യശസ്സ് ആഗ്രഹിക്കുന്നത് ഒരു ലോക യാത്രയാണ്. അതിനു പാസ്പോർട്ടിന് അപേക്ഷിച്ചത് കഴിഞ്ഞയാഴ്ചയാണ്. ലോകത്തെവിടെ പോയാലും യശസ്സ് മടങ്ങി വരും. കാരണം, കണ്ടെത്തിത്തീരാനാകാത്തത്ര വലുതാണ് ഇന്ത്യയുടെ ആത്മാവ് എന്ന് ഇപ്പോൾ അവനറിയാം. English Summary:
Sunday special about a 15-year-old travelled india to understand rural life: This immersive experience provided a unique perspective on village life, shaping his understanding of the nation\“s soul and future aspirations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470623