തിരൂർ ∙ കുഴികളും ഉയർന്നു പൊങ്ങുന്ന പൊടിയും താണ്ടി വേണം താഴേപ്പാലത്തെ പാലമൊന്നു കടക്കാൻ. റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും മരാമത്ത് വകുപ്പിനു യാതൊരു കുലുക്കവുമില്ല. താഴേപ്പാലത്തെ പുതിയ പാലത്തിന്റെ സ്റ്റേഡിയം ഭാഗത്തുള്ള അപ്രോച്ച് റോഡാണ് തകർന്നു കിടക്കുന്നത്. 2024 ഫെബ്രുവരിയിലാണ് പാലവും റോഡും നിർമാണം പൂർത്തിയാക്കി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഒരു വർഷം തികയും മുൻപു റോഡ് പൊളിഞ്ഞിരുന്നു.
നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകരാനുള്ള കാരണമെന്ന ആരോപണം അന്നേ ഉയർന്നതാണ്. തുടക്കത്തിൽ ഏതാനും കുഴികളാണ് രൂപപ്പെട്ടത്. അത് അടച്ചെങ്കിലും വീണ്ടും കുഴികളുണ്ടായി. നിലവിൽ റോഡാകെ കുഴികളാണ്. ഇതിൽ ചാടിക്കാതെ വണ്ടി മുന്നോട്ടെടുക്കാൻ സാധിക്കില്ലെന്ന സ്ഥിതിയാണുള്ളത്. ഇവിടെ 2 പാലങ്ങളാണുള്ളത്. പഴയ പാലം താനൂർ ഭാഗത്തേക്ക് പോകാനും പുതിയ പാലം ചമ്രവട്ടം റോഡിലേക്ക് പോകാനുമുള്ളതാണ്. പുതിയ പാലത്തിന്റെ റോഡ് തകർന്നതോടെ പല വണ്ടികളും പഴയ പാലത്തിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇത് അപകടങ്ങൾക്കു കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
തകർന്നു കിടക്കുന്ന റോഡിലൂടെ വണ്ടി ഓടിക്കേണ്ടതിനാൽ വാഹനം കേടാകുന്നുണ്ടെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും പറയുന്നത്. റോഡ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും മരാമത്ത് വകുപ്പ് വകുപ്പ് ഓഫിസിൽ പല തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. റോഡ് പരിപാലന കരാർ നിലനിൽക്കുന്നുണ്ടെന്നും ഉടനടി ശരിയാക്കണമെന്നുമാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. English Summary:
Thazhepalam bridge road repair is urgently needed due to severe damage just months after its inauguration. The road\“s deterioration is causing vehicle damage and safety concerns, prompting local drivers to demand immediate action from the Public Works Department. |
|