കടയ്ക്കൽ ∙ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന തേനീച്ച കർഷകൻ സ്ഥാപിച്ചിരുന്ന കൂടുകൾ നശിപ്പിച്ചതായും വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊന്നതായും പരാതി. അടുത്തിടെ സിപിഐ വിട്ട മുൻ ജില്ലാ കൗൺസിൽ അംഗം ജെ.സി.അനിലിനൊപ്പം സിപിഎമ്മിൽ ചേർന്ന തേനീച്ച കർഷകൻ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ.ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലെ വസ്തുവിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെ പരാജയപ്പെട്ടിരുന്നു.
പരാജയത്തിനു കാരണം ആരോപിച്ചു സമൂഹമാധ്യമങ്ങൾ വഴി പാരഡി ഗാനവും ഇറങ്ങിയിരുന്നു. ഗാനത്തിൽ ഗോപകുമാറിനെയും പരാമർശിച്ചിരുന്നു. പിന്നീടാണ് തേനീച്ചക്കൂടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ആർ.ലതാദേവിയുടെ വസ്തുവിൽ കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ചക്കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. വോട്ടെടുപ്പ് ദിവസം സിപിഐ വിട്ട ചിലരെ ഫോണിൽ ഭീഷണിപ്പെടുത്തിയതിനു സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ആണ് തേനീച്ചക്കൂടു നശിപ്പിക്കൽ സംഭവം. English Summary:
Beehive destruction reported in Kadakkal after a farmer switched from CPI to CPM. The beehives were allegedly destroyed with pesticides, leading to a police complaint and political tensions. |
|