തിരുവനന്തപുരം ∙ സാങ്കേതിക (കെടിയു), ഡിജിറ്റൽ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിൽ ധാരണയായതോടെ ബാക്കിയാകുന്ന ചോദ്യമിതാണ് – ഇത്രയും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമായിരുന്നെങ്കിൽ, സർക്കാരിന്റെയും ലോക്ഭവന്റെയും പണവും സമയവും അധ്വാനവും ഇത്രയും പാഴാക്കിയതെന്തിന് ?
- Also Read നിയമസഭാ തിരഞ്ഞെടുപ്പ്: എണ്ണയിട്ട തന്ത്രം; കോൺഗ്രസ് ഒരുക്കങ്ങളിലേക്ക്
സുപ്രീം കോടതി നിയമിച്ച സേർച് കമ്മിറ്റിയുടെ സിറ്റിങ് ഫീസ് ഇനത്തിൽ മാത്രം ഇതുവരെ 31 ലക്ഷം രൂപയാണു ചെലവിട്ടത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകർക്കു നൽകിയ ലക്ഷങ്ങൾ വേറെയും. ഈ നിയമപോരാട്ടത്തിനു വക്കീൽ ഫീസായി എത്ര രൂപ ചെലവിട്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു സർക്കാരോ, എജി ഓഫിസോ മറുപടി നൽകിയിരുന്നില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനമല്ല, താൽപര്യമുള്ളവരെ നിയമിക്കണമെന്ന നിർബന്ധമാണ് ഇതുവരെ കാര്യങ്ങൾ വഷളാക്കിയതെന്ന് ഇന്നലെയുണ്ടായ ഒത്തുതീർപ്പോടെ വ്യക്തം. സർക്കാരും ഗവർണറും തമ്മിൽ തർക്കമുണ്ടായതോടെയാണു സുപ്രീം കോടതി ഇടപെട്ടു സേർച് കമ്മിറ്റി രൂപീകരിച്ചത്.
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
മുൻഗണനാ പട്ടിക മുഖ്യമന്ത്രി തയാറാക്കി ഗവർണർക്കു നൽകാനായിരുന്നു ആദ്യം കോടതി നിർദേശം. ഡിജിറ്റലിലേക്കു ഡോ.സജി ഗോപിനാഥ്, ഡോ.എം.എസ്.രാജശ്രീ, ഡോ.ജിൻ ജോസ്, ഡോ.പ്രിയ ചന്ദ്രൻ, ഡോ.സിസ തോമസ് എന്ന ക്രമത്തിലും കെടിയുവിലേക്കു ഡോ.സി.സതീഷ്കുമാർ, ഡോ.ജി.ആർ.ബിന്ദു, ഡോ.പ്രിയ ചന്ദ്രൻ, ഡോ.സിസ തോമസ് എന്ന ക്രമത്തിലുമാണു മുഖ്യമന്ത്രി പേരുകൾ നൽകിയിരുന്നത്.
സിസ തോമസിനെ പരിഗണിക്കരുതെന്ന കുറിപ്പോടെയാണ് അവരുടെ പേര് 2 പട്ടികയിലും ഉൾപ്പെടുത്തിയത്. സജിയെയും രാജശ്രീയെയും എതിർത്തു ഗവർണറും കോടതിയിൽ സത്യവാങ്മൂലം നൽകി. സജി ഗോപിനാഥ് വി.സി ആയിരിക്കെ ഡിജിറ്റൽ സർവകലാശാലയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു സിസ തോമസ് നൽകിയ റിപ്പോർട്ടാണു ഗവർണർ സജിക്കെതിരെ ആയുധമാക്കിയത്. രാജശ്രീയെയും അദ്ദേഹം എതിർത്തു.
മുൻപു സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമായി, ഗവർണറുടെ നിർദേശപ്രകാരം കെടിയുവിന്റെ താൽക്കാലിക വി.സിയുടെ ചുമതല ഏറ്റെടുത്തതാണു സിസയോടു സർക്കാരിനുള്ള വിരോധം. അടുത്തയിടെ ഡിജിറ്റലിൽ താൽക്കാലിക വി.സി ആയിരിക്കെ അവിടത്തെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്കു നൽകിയതു വിരോധം കൂട്ടി.
എന്നാൽ, സിസയെ നിയമിക്കുന്നതിന് ഒടുവിൽ മുഖ്യമന്ത്രി സമ്മതം മൂളുകയായിരുന്നു. താൻ പ്രോ ചാൻസലറായിരിക്കുന്ന ഏക സർവകലാശാലയായ ഡിജിറ്റലിൽ സജി ഗോപിനാഥിനെ നിയമിക്കണമെന്ന താൽപര്യത്തിനു ഗവർണർ വഴങ്ങാൻ വേണ്ടിയായിരുന്നു ഈ ഒത്തുതീർപ്പ്. സജി ഗോപിനാഥ് വി.സിയായിരിക്കെ ഡിജിറ്റലിൽ നടന്നതായി സിസ തോമസ് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു ഗവർണർ കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൽ ഇനി ഗവർണർ തുടർനടപടി ആവശ്യപ്പെടുമോ എന്നു വ്യക്തമല്ല.
മാസങ്ങളോളം നീണ്ട നാടകത്തിനു തിരശീല വീണതോടെ മൂന്നിടത്തു സ്ഥിരം വി.സിമാരായി. കാലാവധി പൂർത്തിയാകുന്നതിനു മുൻപു മറ്റു സർവകലാശാലകളിലും നിയമനം നടത്താൻ സർക്കാർ ആഗ്രഹിക്കുന്നു. അതിനുള്ള ധാരണയും രൂപപ്പെട്ടിട്ടുണ്ടെന്നാണു വിവരം. English Summary:
₹31 Lakh Wasted: The True Cost of Kerala\“s VC Appointment Drama |