തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാൻ ടീം കെപിസിസി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റ ശേഷം കോൺഗ്രസ് നേടുന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണിത്. കഴിഞ്ഞ മേയിൽ സ്ഥാനമേറ്റ പുതിയ ടീം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂർ തിരിച്ചുപിടിച്ചു. അതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നു.
Also Read നിയമസഭാ തിരഞ്ഞെടുപ്പ്: 35 നഗരമണ്ഡലങ്ങളിൽ ശ്രദ്ധയൂന്നി ബിജെപി
വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. വോട്ടർപട്ടികയിലെ പേരു ചേർക്കലിനു നേരിട്ടു മേൽനോട്ടം വഹിക്കാൻ കഴിഞ്ഞെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.
വാർഡ്തല കമ്മിറ്റികൾ ശക്തിപ്പെടുത്തുകയായിരുന്നു രണ്ടാംഘട്ടം. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ഭവനസന്ദർശനത്തിനിറങ്ങി. കെപിസിസിയിൽ സജ്ജമാക്കിയ ‘ഇലക്‌ഷൻ മോണിറ്ററിങ് സെൽ’ ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. പ്രകടനപത്രികയ്ക്കു പുറമേ ഇടതുഭരണമുള്ള തദ്ദേശസ്ഥാപനങ്ങളുടെ വീഴ്ചകൾ അക്കമിട്ടുള്ള കുറ്റപത്രവും പ്രചാരണവേളയിൽ കെപിസിസി അവതരിപ്പിച്ചു.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
ഇടതുഭരണത്തിനു കീഴിലെ അഴിമതിയും സ്വജനപക്ഷപാതവും ഫലപ്രദമായി ജനങ്ങൾക്കു മുന്നിലെത്തിക്കാൻ സ്ഥാനാർഥികൾക്കു പഠന ക്ലാസ് നൽകി. തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി സംഘം 14 ജില്ലകളിലും പര്യടനം നടത്തി ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി വൈസ് പ്രസിഡന്റുമാർക്കു ജില്ലകളുടെ ചുമതല നൽകി. മേൽനോട്ടത്തിനായി മുതിർന്ന നേതാക്കളെയും കളത്തിലിറക്കി.
പ്രചാരണത്തിരക്കുകൾക്കിടെയാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണമെന്ന (എസ്ഐആർ) വെല്ലുവിളി നേരിട്ടത്. അതിനോടു സഹകരിക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ച കെപിസിസി, പിന്നീട് നിലപാടു തിരുത്തി. സഹകരിക്കാതെ മാറിനിന്നാൽ കോൺഗ്രസ് അനുകൂല വോട്ടുകൾ എതിരാളികൾ വെട്ടിനിരത്തുമെന്നു വിലയിരുത്തിയായിരുന്നു ഇത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നിന്ന് ഒരാൾപോലും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഘടകങ്ങൾക്കു കെപിസിസി നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ, അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പു മറക്കരുതെന്നും എസ്ഐആറിൽ ജാഗ്രതയോടെ ഇടപെടണമെന്നും നിർദേശിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഭവനസന്ദർശനം നടത്തുമ്പോൾതന്നെ എസ്ഐആർ ഫോമും വിതരണം ചെയ്യാൻ പ്രവർത്തകരെ രംഗത്തിറക്കി.
‘തദ്ദേശ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച മികച്ച പ്രകടനം നിയമസഭാ പോരാട്ടത്തിലും തുടരാൻ കോൺഗ്രസ് പൂർണസജ്ജമാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും പാർട്ടിയുടെ സ്ഥാനാർഥി നിർണയവും അതിവേഗം പൂർത്തിയാക്കും. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും.’ - സണ്ണി ജോസഫ് (കെപിസിസി പ്രസിഡന്റ്) English Summary:
Assembly Elections: Congress Moves into Preparations