തിരുവനന്തപുരം∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്നു പിടിച്ചെടുത്ത തെക്കൻ കേരളത്തിലെ കോട്ടകൾ നിലനിർത്താൻ എൽഡിഎഫ്; തിരിച്ചുപിടിക്കാൻ യുഡിഎഫ്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും നില മെച്ചപ്പെടുത്താനായത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിൽ ബിജെപി. ഇന്ന് വിധിയെഴുതുന്ന 7 ജില്ലകളിൽ നടക്കുന്നത് ആവേശകരമായ മത്സരം.
Also Read ബൂത്തുകൾക്കു സമീപം പ്രചാരണം പാടില്ല; രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ല
തിരുവനന്തപുരം: കോർപറേഷനും ജില്ലാ പഞ്ചായത്തും 4 മുനിസിപ്പാലിറ്റികളും ജയിച്ച് ജില്ലയിൽ 2020 ൽ എൽഡിഎഫ് കൈവരിച്ച ആധിപത്യം തകർക്കുക എന്ന വെല്ലുവിളിയാണ് യുഡിഎഫിനു മുൻപിൽ. തിരുവനന്തപുരം കോർപറേഷനിലും പഞ്ചായത്തുകളിലും ബിജെപി മികച്ച മത്സരം ഉയർത്തുന്നു. 2015 ൽ 40.23% വോട്ട് നേടിയ യുഡിഎഫ് 2020 ൽ 32.52 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ബിജെപിയാകട്ടെ മെച്ചപ്പെട്ട നേട്ടമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽനിന്നു പാഠം പഠിച്ച് തയാറെടുത്താണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Also Read തദ്ദേശ തിരഞ്ഞെടുപ്പ്: പാതി കേരളം ഇന്ന് വിധിയെഴുതും; വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റി
കൊല്ലം: തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം യുഡിഎഫിനെയാണ് ബാധിച്ചതെങ്കിൽ കൊല്ലത്ത് അതു വിഷമത്തിലാക്കിയത് എൽഡിഎഫിനെ. 2015 ൽ 66 പഞ്ചായത്തുകൾ ഉണ്ടായിരുന്ന അവർക്ക് അത് 44 ആയി കുറഞ്ഞു. 2015 ലും 6% അധികവോട്ട് ബിജെപി പിടിച്ചിരുന്നു. ജില്ലയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. കോർപറേഷനിൽ ഉൾപ്പെടെ ഭരണം നിലനിർത്താനുള്ള ശ്രമത്തിൽ ഇടതുമുന്നണിയും.
എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
പത്തനംതിട്ട: കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് എൽഡിഎഫിൽനിന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. എന്നാൽ 12–4 എന്ന ജില്ലാ പഞ്ചായത്തിലെ മേൽക്കൈ ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു. എൽഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പന്തളം നഗരസഭ കഴിഞ്ഞതവണ ബിജെപി പിടിച്ചിരുന്നു. 2015 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 ഗ്രാമപ്പഞ്ചായത്ത് ഇടതുമുന്നണിക്ക് കുറഞ്ഞു. ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ സ്വർണക്കവർച്ച എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണായുധമാണ്.
ആലപ്പുഴ: 2015ലേതിലും മെച്ചപ്പെട്ട പ്രകടനം 2020 ൽ ഇടതുമുന്നണി കാഴ്ചവച്ച ജില്ലയിൽ അതു തുടരാനുള്ള ശ്രമത്തിലാണ് അവർ. യുഡിഎഫിന് 2015 ൽ 40.32% വോട്ട് ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 35.05% ആയി കുറഞ്ഞിരുന്നു. ബിജെപി 18.36% വോട്ട് നേടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടുകളിലുണ്ടായ വൻ ചോർച്ച യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷ നൽകുന്നു.
കോട്ടയം: കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കാൻ യുഡിഎഫ് ആവേശകരമായ മത്സരത്തിൽ. 28 ഗ്രാമപ്പഞ്ചായത്ത് 50 ആക്കിയും 2 ബ്ലോക്ക് പഞ്ചായത്ത് 10 ആക്കിയും കോട്ടയത്ത് കൈവരിക്കാനായ ആധിപത്യം നിലനിർത്താനാണ് എൽഡിഎഫ് ശ്രമം. കേരള കോൺഗ്രസ്(എം) എൽഡിഎഫിലേക്ക് പോയതിന്റെ ക്ഷീണം മറികടക്കാൻ ഇത്തവണ യുഡിഎഫിനാകുമോ എന്ന് സംസ്ഥാനം ഉറ്റുനോക്കും. തൊട്ടുമുൻപ് നടന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിജെപി 2020 ൽ പിന്നാക്കം പോയ ജില്ലയാണ് കോട്ടയം.
ഇടുക്കി: യുഡിഎഫിൽനിന്നു ജില്ലാ പഞ്ചായത്ത് 2020 ൽ എൽഡിഎഫ് പിടിച്ചു. ഇത്തവണ ഒപ്പത്തിനൊപ്പമുള്ള മത്സരം. എൽഡിഎഫിന്റെ വോട്ട് ശതമാനം 41.65 ൽ നിന്ന് 44.27 ആയി ഉയർന്നതിൽ കേരള കോൺഗ്രസിന്റെ(എം) വരവ് പങ്ക് വഹിച്ചതിനാൽ ഇടുക്കിയിലെ സ്വാധീനം തിരിച്ചുപിടിക്കേണ്ടത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അഭിമാനപ്രശ്നമാണ്.
എറണാകുളം: തെക്കൻ കേരളത്തിൽ എൽഡിഎഫിനു നേടാനായ പൊതുമുന്നേറ്റത്തിൽ നിന്നു 2020 ൽ മാറിനിന്ന എറണാകുളത്തെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നിട്ടും കൊച്ചി കോർപറേഷൻ അന്ന് എൽഡിഎഫിനൊപ്പം നിന്നു. 2015 ൽ 44 ഗ്രാമപ്പഞ്ചായത്ത് ഉണ്ടായിരുന്ന എൽഡിഎഫിന് 2020 ൽ അത് 31 ആയി കുറഞ്ഞു. ഇരുമുന്നണികളും നേർക്കുനേർ പൊരുതുന്ന ജില്ലയിൽ 11.41% വോട്ടിൽ ഒതുങ്ങിയ ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. English Summary:
Kerala Local Elections: Kerala Election is witnessing a tight competition in the initial phase across seven districts. The focus is on retaining or reclaiming strongholds, with BJP also striving to improve its position.