ഗവേഷണം/ പിഎച്ച് ഡി പ്രോഗ്രാം എന്നത് ഐൻസ്റ്റൈന്റെയും ന്യൂട്ടന്റെയും തോളൊപ്പം നിൽക്കുന്ന ആൾക്കാർക്കു മാത്രമുള്ള എലീറ്റ് ബുദ്ധിജീവി സ്പേസാണെന്നായിരുന്നു ഒരുകാലത്തെ ധാരണ. എന്നാൽ, മാസ്റ്റേഴ്സ് പാസാകുന്ന ഏതൊരാൾക്കും ചേരാവുന്ന ഹയർ എജ്യുക്കേഷൻ പ്രോഗ്രാം ആണത്. അതായത്, നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കി ജയിച്ചു കയറേണ്ട ഒന്ന്. പക്ഷേ, നിലവാരം കുറഞ്ഞ് വെറുമൊരു ഡിഗ്രിയായി പിഎച്ച്ഡിമാറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സമൂഹത്തിനോ ഗവേഷണം നടത്തുന്ന ആളിനോ ഒരു പ്രയോജനവുമില്ലാത്ത വിഷയങ്ങളിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി പിഎച്ച്‍ഡി സ്വന്തമാക്കുന്നവർ എത്രയേറെ.
- Also Read ബെംഗളൂരു വന്ദേഭാരതിലെ 8 കോച്ച് തികയുന്നില്ല; ക്രിസ്മസ് യാത്രയ്ക്ക് ടിക്കറ്റ് കിട്ടാക്കനി, വിമാനത്തിൽ കൊള്ളനിരക്ക്
മഴവിൽ മനോരമയിലെ ‘മറിമായം’ പരമ്പരയിൽ കല്യാണാലോചനയുമായി വന്ന ചെറുക്കൻ ഗവേഷണവിഷയം ‘ചെയ്ഞ്ചസ് ഹാപ്പനിങ് ഇൻ ദ് സ്കിൻ ഓഫ് ക്യാമൽ ഇൻ അറേബ്യ ആൻഡ് സ്കിൻ ഓഫ് തണ്ണിമത്തൻ ഇൻ തമിഴ്നാട് ഡ്യൂ ടു ക്ലൈമറ്റ് ചേഞ്ച് വിത്ത് സ്പെഷൽ റഫറൻസ് ഫ്രം 1991 ടു 1997’ ആണെന്നു പറയുമ്പോൾ വായ പൊളിച്ചുനിൽക്കുന്ന നായികയെപ്പോലെ, ചില പ്രബന്ധങ്ങൾ അവതരിപ്പിക്കുമ്പോൾ കേട്ടുകൊണ്ടിരിക്കുന്നവർ മിഴുങ്ങസ്യയിരിക്കുന്ന അവസ്ഥ സാധാരണമാണ്.
- Also Read ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി; പോയത് കടുവകളുടെ എണ്ണം എടുക്കാൻ
ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപന യോഗ്യതയിൽ പിഎച്ച്ഡി നിർബന്ധമാക്കിയുള്ള ഉത്തരവ് യുജിസി പുറപ്പെടുവിച്ചത്. എന്നാൽ, അതു ഗുണത്തേക്കാളേറെ ദോഷമായി. യുജിസിയുടെ നിബന്ധനയുള്ളതുകൊണ്ടു മാത്രം ഗവേഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരാണ് പലരും. ഈ നിർബന്ധബുദ്ധി ഗവേഷണമേഖലയെ താറുമാറാക്കിയിരിക്കുന്നു. പണ്ട്, താൽപര്യമുള്ളവർ മാത്രം ചെയ്തു വന്നിരുന്ന ഒന്ന് ഇപ്പോൾ അതിജീവനത്തിനു വേണ്ടി താൽപര്യമില്ലാതെ ചെയ്യേണ്ടിവരുന്നു.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
വിദ്യാർഥിയുടെ എഴുതാനുള്ള കഴിവ് മാത്രം അളന്നുള്ള അവലോകനമാണ് പലപ്പോഴും പിഎച്ച്ഡി മൂല്യനിർണയം. അതുകൊണ്ടുതന്നെ, പ്രബന്ധം എഴുതിയത് വിദ്യാർഥി തന്നെയാണോയെന്നു മനസ്സിലാക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണ് പ്രബന്ധ മൂല്യനിർണയത്തിനുശേഷം ഓപ്പൺ ഡിഫൻസ് നടത്തുന്നത്. പ്രബന്ധം എഴുതിയ വിദ്യാർഥിക്ക് അതിന്റെ ഉള്ളടക്കം കൃത്യമായി അവതരിപ്പിക്കാൻ സാധിക്കുന്നുണ്ടോ, ചോദ്യങ്ങൾക്കു മറുപടി പറയാൻ സാധിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കും. തൃപ്തികരമെങ്കിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്യും.
പണിയെടുപ്പിക്കുന്നതിൽ നടക്കുന്ന ‘ഗവേഷണം’
വിദ്യാർഥിയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഒപ്പുവയ്ക്കേണ്ട ഒരാൾ റിസർച് ഗൈഡാണ്. അദ്ദേഹമാണ് പ്രത്യക്ഷത്തിൽ മാർഗനിർദേശങ്ങൾ തന്ന് പഠനത്തെ ശാസ്ത്രീയമായ ചിട്ടയിലേക്കു നയിക്കേണ്ടത്. ഗൈഡിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികലാഭമില്ലാത്ത ഒന്നാണ് ഈ സൂപ്പർവൈസിങ്. അതിനാൽ പല റിസർച് ഗൈഡുമാരും ‘ഗവേഷകർ എല്ലാം കണ്ടു പഠിക്കട്ടെ, ഭാവിയിലെ അധ്യാപകരല്ലേ’ എന്ന വ്യാജേന അവരുടെ സ്വന്തം പണികളും ഗവേഷകരെക്കൊണ്ട് ചെയ്യിപ്പിക്കും. ക്ലാസ് എടുക്കുന്നത്, പേപ്പർ നോക്കുന്നത്, പവർ പോയിന്റ് പ്രസന്റേഷൻ തയാറാക്കുന്നത് എന്നിങ്ങനെ... പക്ഷേ, എല്ലാവരും അങ്ങനെയെന്ന് അടച്ചാക്ഷേപിക്കാൻ പറ്റില്ല. ‘താൻ തന്റെ പണി നന്നായി എടുത്താൽ മതി, എന്റെ പണിയെടുക്കാൻ എനിക്കറിയാം’ എന്നു പറഞ്ഞവരെയും എന്റെ റിസർച് അനുഭവത്തിൽ കണ്ടിട്ടുണ്ട്. എന്നാൽ, അത്തരം പ്രഫഷനലിസം ഉള്ളവർ വളരെക്കുറവാണ് എന്നതാണ് സത്യം. ഒട്ടു മിക്ക ഗവേഷകരും ഉയർന്ന ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകരുടെ പണികൾ ചെയ്യുന്നു, വേതനമില്ലാതെ. ശമ്പളം കൊടുക്കേണ്ടാത്ത, നന്നായി പണിയെടുക്കുന്ന അസിസ്റ്റന്റിനെ അങ്ങനെ വേഗം പ്രബന്ധം പൂർത്തിയാക്കി രക്ഷപ്പെട്ടു പോകാൻ വിടുമോ? സാമ്പത്തികമായോ സാമൂഹികമായോ അൽപം പിന്നാക്കം നിൽക്കുന്നവരെ കൂടുതലായി മുതലെടുക്കുന്ന പ്രവണതയുമുണ്ട്.
ഒരു അനുഭവംകേട്ട് തരിച്ചുപോയിട്ടുണ്ട്. ഗവേഷകയായി ചേരട്ടെ എന്നു ചോദിച്ചപ്പോൾ ഗൈഡ് പറഞ്ഞത്രേ ‘നതിങ് ഈസ് ഫ്രീ ഇൻ ദിസ് വേൾഡ്! തന്നെ എടുത്താൽ എനിക്കെന്താ പ്രയോജനം?’
നൂറു ശതമാനം കഠിനാധ്വാനവും വരും തലമുറയ്ക്ക് ഉൾക്കാഴ്ചയേകുന്ന പ്രബന്ധവും എന്ന ഉത്തരമല്ല ഗൈഡ് ഉദ്ദേശിക്കുന്നത് എന്നു പകൽപോലെ വ്യക്തം. മറ്റൊരു സുഹൃത്തിന്റെ അനുഭവം പറയാം, റിസർച്ചിനു ജോയിൻ ചെയ്യുന്നതിനെപ്പറ്റി സംസാരിക്കാൻ ചെന്നപ്പോൾ, സ്ത്രീയായ ഗൈഡ് പറഞ്ഞത്രേ, ‘അതേ, തനിക്കു കുട്ടിയില്ലേ? കുട്ടികൾ ഉള്ളവരെ ഞാൻ സ്കോളറായി എടുക്കില്ല! കുട്ടിക്കു പനി, ചുമ എന്നും പറഞ്ഞു നിങ്ങൾ ലീവ് എടുക്കും, എന്റെ പണികൾ ചെയ്യാൻ ആളെ വേറെ തപ്പണം’ എന്ന്. ആ ഗൈഡിന്റെ ഗവേഷണമേഖല ഫെമിനിസം ആയിരുന്നെന്നു കേട്ട് രോമകൂപങ്ങൾ എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിച്ചു! ഗൈഡ് വീടു മാറുന്ന സമയത്ത് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനു സഹായിക്കാൻ വിളിച്ചുവരുത്തിയ കഥയും കേട്ടു!
ഇക്കാലത്ത് മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവർ കുറവല്ല. നാളെ പിഎച്ച്ഡി എന്നതും സ്വാഭാവികമായ ഒരു ഡിഗ്രിയാകും. നമ്മളിവിടെ പണ്ടത്തെ പത്താം ക്ലാസും ഇന്നത്തെ എംഎയും എന്ന് തർക്കിച്ചിരുന്നിട്ടു കാര്യമില്ല. ഗവേഷണമേഖലയിൽ നമ്മുടെ കുട്ടികൾ സുതാര്യതയോടെയും ആരെയും പേടിക്കാതെ ആത്മവിശ്വാസത്തോടെയും കടന്നുപോകാനുള്ള അന്തരീക്ഷം ഉറപ്പുവരുത്തുകയാണു വേണ്ടത്. അതുപോലെ റിസർച് ഗൈഡുമാർക്ക് രാഷ്ട്രീയ സമ്മർദത്തെ മറികടന്ന് സുതാര്യമായി മൂല്യനിർണയം നടത്താനുള്ള സാഹചര്യവും ഉണ്ടാവണം.
ബാഹ്യസമ്മർദം മൂലം ഒപ്പിട്ടുകൊടുക്കുന്ന പ്രബന്ധങ്ങളിലെ തെറ്റുകൾക്കു മറുപടി പറയേണ്ട ഗതികേടിലാണ് ചില റിസർച് ഗൈഡുമാർ. ഒപ്പിട്ടില്ലെങ്കിൽ ആരോപണങ്ങളുടെ ട്രെയിനിടിച്ചു ചതഞ്ഞരയണം. അതേസമയം, വൈരാഗ്യവും കടുത്ത ഈഗോയും മൂലം ‘നീ അങ്ങനിപ്പോൾ ഡോക്ടറേറ്റ് എടുത്ത് വലിയ ആളാവണ്ട’ എന്ന വിചാരത്തോടെ വിദ്യാർഥിയുടെ ജീവിതം ദുഷ്കരമാക്കുന്നവരുമുണ്ട്.
യുജിസി ഫെലോഷിപ് തുക വാങ്ങിയശേഷം പ്രബന്ധം സമർപ്പിക്കാതെ പോകുന്നവരുണ്ട്. ചെയ്യുന്ന കാര്യത്തിനോട് ആത്മാർഥതയില്ലാത്തവരെ ഗൈഡിന് ഒരു പരിധിവിട്ട് നിർബന്ധിക്കാൻ ഉൾഭയം കാണും; ഒരു വ്യാജ ആരോപണം വന്നാൽ തീർന്നല്ലോ!
(തൃശൂർ സെന്റ് തോമസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക) English Summary:
The Erosion of Seriousness in Research: Research quality in higher education is declining, as evidenced by superficial studies and exploitation within the system. Many students are getting PhDs just to get a job, as the UGC has mandated PhDs for teachers in higher education, negatively impacting the field. It is important to create an environment where students can confidently pursue research with transparency and without fear. |
|