ഭരണഘടനയെന്ന പരമോന്നത കവചംകൊണ്ടുതന്നെ സ്വതന്ത്രപ്രവർത്തനം സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ് ജുഡീഷ്യറി. മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ സ്വയം നടത്തുന്ന തിരുത്തലുകൾ ഈ സ്ഥാപനത്തെ സംബന്ധിച്ചു സുപ്രധാനമാണ്. അതിനാൽത്തന്നെ സുപ്രീം കോടതിയുടെ പ്രവർത്തനരീതിയെക്കുറിച്ചു സുപ്രീം കോടതിയിലെ ജഡ്ജിമാർതന്നെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരാമർശങ്ങൾ ഗൗരവമായ പരിഗണന അർഹിക്കുന്നു.
സുപ്രീം കോടതിയുടെ ഒരു ബെഞ്ച് നൽകുന്ന വിധി മറ്റൊരു ബെഞ്ച് തിരുത്തുന്ന പ്രവണത വർധിക്കുന്നതിലുള്ള ആശങ്ക ജസ്റ്റിസ് ബി.വി.നാഗരത്ന കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സർവകലാശാലയുടെ ചടങ്ങിലാണ് പ്രകടിപ്പിച്ചത്. ഇതേ പ്രശ്നം ഏതാനും ദിവസം മുൻപ് ജസ്റ്റിസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചും പരാമർശിക്കുകയുണ്ടായി.
കോടതിവിധികൾ മണ്ണിൽ എഴുതപ്പെടുന്നതല്ല, മഷികൊണ്ട് എഴുതുന്നവയാണെന്നും വിധികർത്താക്കളായ ജഡ്ജിമാർ വിരമിച്ചശേഷം ആ വിധികളെ മറ്റു ബെഞ്ചുകൾ അവഗണിക്കാൻ പാടില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്ന പറഞ്ഞത്. നിയമമേഖലയിലുള്ളവരും ഭരണം നിർവഹിക്കുന്നവരും വിധികളെ മാനിക്കണമെന്നും മുഖം മാറുമ്പോൾ അവഗണിക്കാനുള്ളതല്ല വിധികളെന്നും ജസ്റ്റിസ് നാഗരത്ന പറയുകയുണ്ടായി.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
ഒരു ബെഞ്ച് നൽകുന്ന വിധി മറ്റൊരു ബെഞ്ച് തിരുത്തുന്ന പ്രവണത വളരുന്നത് തങ്ങൾ വേദനയോടെ കാണുന്നുവെന്ന് ജസ്റ്റിസ് ദിപാങ്കർ ദത്ത വിധിന്യായത്തിൽത്തന്നെയാണ് വ്യക്തമാക്കിയത്. വിധി പറയപ്പെട്ടതോടെ അവസാനിച്ച കേസ് മറ്റൊരു ബെഞ്ചിൽ വീണ്ടും കൊണ്ടുവരുന്നത് വിധിയിൽ മാറ്റം വരുമെന്ന പ്രതീക്ഷയോടെയാണ്; അതു കോടതിയുടെ അധികാരത്തിനും വിധിപ്രസ്താവത്തിന്റെ മൂല്യത്തിനും തുരങ്കംവയ്ക്കുന്ന നടപടിയാണ്: ജസ്റ്റിസ് ദത്ത വിമർശിച്ചു. സുപ്രീം കോടതിയുടെ വിധിയിലൂടെ അവസാനിച്ച കേസ് വീണ്ടും പരിഗണിക്കുന്നത് കക്ഷിയുടെ താൽപര്യപ്രകാരമാണെന്ന കടുത്ത നിരീക്ഷണവും ജസ്റ്റിസ് ദത്തയുടെ വിധിന്യായത്തിലുണ്ട്.
ജസ്റ്റിസ് നാഗരത്നയുടെയും ജസ്റ്റിസ് ദത്തയുടെയും വിമർശനങ്ങൾ പരിശോധിക്കുമ്പോൾ ഭരണഘടനയിലെ രണ്ടു വകുപ്പുകൾ പരിഗണിക്കേണ്ടതുണ്ട്: സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണെന്ന് 141–ാം വകുപ്പ് വ്യക്തമാക്കുന്നു; തങ്ങൾ നൽകിയ ഏതു വിധിയും ഉത്തരവും പുനഃപരിശോധിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നാണ് 137–ാം വകുപ്പ് വ്യക്തമാക്കുന്നത്.
സുപ്രീം കോടതി നൽകുന്ന വിധിയുടെ ആധികാരികസ്വഭാവമാണ് 141–ാം വകുപ്പിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, തങ്ങൾ നൽകുന്ന വിധികൾ നിയമപരമായ പ്രക്രിയയിലൂടെ തിരുത്താൻ കോടതിക്ക് അധികാരം നൽകുന്ന 137–ാം വകുപ്പിനെക്കുറിച്ചു ധാരണയില്ലാതെയല്ല ഇപ്പോൾ ജഡ്ജിമാർ തിരുത്തൽവിധികളെക്കുറിച്ചു വിമർശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തേ നൽകപ്പെട്ട വിധികൾ പുനഃപരിശോധിക്കുന്നതിനു കൃത്യവും കർശനവുമായ രീതികളുണ്ട്. അവ പാലിച്ചുള്ള തിരുത്തലുകൾക്കു തടസ്സമില്ല. എന്നാൽ, അത്തരമല്ല ഇപ്പോൾ വളരുന്ന പ്രവണതയെന്നാണ് ജഡ്ജിമാർ സൂചിപ്പിക്കുന്നതെന്നു വ്യക്തം.
സുപ്രീം കോടതിയുടെ വിധികൾ സമൂഹത്തിന്റെയും കാലത്തിന്റെയും മാറ്റത്തിനൊപ്പം തിരുത്തപ്പെടേണ്ട സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. കാലത്തിനൊത്ത് ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിച്ച് പഴയ നിലപാടുകൾ തിരുത്തിയുള്ള അനേകം വിധികൾ സുപ്രീം കോടതിയിൽനിന്ന് ഉണ്ടായിട്ടുമുണ്ട്. ഉദാഹരണത്തിന്, സ്വകാര്യത മൗലികാവകാശമെന്ന് 2017ൽ സുപ്രീം കോടതി വിധിച്ചത് വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ചു നേരത്തേയെടുത്ത നിലപാടുകൾ പലതും തിരുത്തിയാണ്. അത്തരത്തിലുള്ള തിരുത്തലുകൾ സുപ്രീം കോടതിയുടെ അധികാരത്തിനു ഭംഗം വരുത്തുന്നില്ല. മറിച്ച്, ആ അധികാരം പ്രയോഗിക്കുന്നവർക്കു കാലത്തിനൊത്ത് പ്രതികരിക്കാനുള്ള ശേഷി വ്യക്തമാക്കുന്നു.
അത്തരം സാഹചര്യങ്ങളെയും തിരുത്തലുകളെയും കുറിച്ചല്ല ജസ്റ്റിസ് നാഗരത്നയും ജസ്റ്റിസ് ദത്തയും സൂചിപ്പിച്ചത്. ഒരു ബെഞ്ച് നൽകുന്ന വിധി പുനഃപരിശോധിക്കണമെങ്കിൽ വിധിയിൽ പ്രത്യക്ഷത്തിൽ പിഴവുണ്ടാവണം. ആദ്യവിധി നൽകിയ ബെഞ്ച് തന്നെയാവും സാധാരണഗതിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുക. പുനഃപരിശോധനാ ഹർജിക്കുശേഷം മാത്രം സാധ്യമാവുന്ന പിഴവു തിരുത്തൽ ഹർജിക്കും കർശനമായ നടപടിക്രമങ്ങൾ ബാധകമാണ്. അത്തരത്തിലുള്ള കടമ്പകളൊന്നുമില്ലാതെ വിധികൾ തിരുത്തപ്പെടുന്നതിനെക്കുറിച്ചാണ് ജഡ്ജിമാർ ആശങ്ക ഉയർത്തുന്നത്.
ജസ്റ്റിസ് ദത്തയുടെ വിധിന്യായത്തിലെ വാക്കുകളിലാണെങ്കിൽ, ‘വിധികളുടെ അന്തിമസ്വഭാവം പാലിക്കപ്പെടുന്നതിലൂടെ വ്യവഹാരങ്ങൾ അനന്തമായി തുടരുന്നതു തടയുക മാത്രമല്ല, ജുഡീഷ്യറിയിൽ ജനത്തിലുള്ള വിശ്വാസം സംരക്ഷിക്കുകകൂടിയാണ് ചെയ്യുന്നത്.’ മറിച്ചു സംഭവിക്കുമ്പോൾ സുപ്രീം കോടതിയുടെതന്നെ ആധികാരികതയും വിശ്വാസ്യതയുമാണ് അട്ടിമറിക്കപ്പെടുന്നത്. എന്തു കാരണത്താലും അതിനു തുനിയുമ്പോൾ, സുപ്രീം കോടതി തങ്ങളുടെ സ്വതന്ത്ര സ്വഭാവത്തിനു സ്വയം മുറിവേൽപിക്കുകയാണെന്നുകൂടി ആശങ്കപ്പെടേണ്ടതുണ്ട്. വിധികൾ വഴിവിട്ടു തിരുത്താനല്ല, സ്വയം തിരുത്താനാണ് ജഡ്ജിമാർ തങ്ങളുൾപ്പെടുന്ന സംവിധാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. English Summary:
A Wound from Within: Supreme Court Judges Question the Overturning of Verdicts