search

കോഡിലുണ്ട് കെണികൾ

deltin33 5 hour(s) ago views 492
  

  



കേന്ദ്രത്തിന്റെ ലേബർ കോഡുകൾക്കെതിരെ വിവിധ മേഖലകളിൽനിന്ന് ഉയരുന്നത് കടുത്ത വിമർശനങ്ങൾ. കാര്യമായ ചർച്ചകളില്ലാതെ നടപ്പാക്കിയതടക്കമുള്ള പ്രശ്നങ്ങൾ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോൾ സർക്കാർ പക്ഷത്തെ ബിഎംഎസിനും എതിർപ്പുകളുണ്ട്. മലയാള മനോരമ ഒരുക്കിയ ചർച്ചയിൽ തങ്ങളുടെ ആശങ്കകളും പ്രതിഷേധങ്ങളും  പ്രതീക്ഷകളും പങ്കുവച്ച് തൊഴിലാളി നേതാക്കൾ

  • Also Read ലേബർ കോഡ്: മുന്നണിയും യൂണിയനുകളും അറിയാതെ കേരളത്തിൽ കരടുചട്ടം; തൊഴിൽവകുപ്പ് വിജ്ഞാപനം 2021 ഡിസംബറിൽ   


രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തിയുള്ള 4 ലേബർ കോഡുകൾ പ്രാബല്യത്തിലായിരിക്കുന്നു. വേതനം, സാമൂഹിക സുരക്ഷ, വ്യവസായബന്ധങ്ങൾ, തൊഴിലിട സുരക്ഷ എന്നിവയുടെ വ്യവസ്ഥകളാണ് 4 കോഡുകളിലുള്ളത്. മിനിമം വേതനം സർക്കാർ നിശ്ചയിക്കുന്നതിനും അതു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വ്യവസ്ഥകളുള്ളതാണ് വേതന കോഡ്. ജോലി സമയം, ഓവർ ടൈം, സ്ത്രീ സുരക്ഷ തുടങ്ങിയവയ്ക്കുള്ളതാണ് തൊഴിലിട സുരക്ഷാ കോഡ്. തൊഴിലാളി സംഘടനാസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള വിഷയങ്ങളുടേതാണ് വ്യവസായ ബന്ധ കോഡ്. ശമ്പളനിർണയം, ഇഎസ്ഐ തുടങ്ങിയവയുടെ വ്യവസ്ഥകളാണ് സാമൂഹിക സുരക്ഷാ കോഡിലുള്ളത്. 29 തൊഴിൽ നിയമങ്ങൾക്കു പകരമാണിവ.

  • Also Read നാലു കോഡുകളുമായി നാലാം വഴിയേ; ആർഎസ്എസിനും മേലേ ആരാണ് കേന്ദ്രത്തെ ഉപദേശിക്കുന്നത്?   


നാലു കോഡുകളെയും ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ എതിർക്കുന്നു. കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തൊഴിൽനയമായ ‘ശ്രം ശക്തി നീതി 2025’ന് എതിരെയും കടുത്ത വിമർശനമാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾക്കുള്ളത്. വ്യാവസായിക ബന്ധങ്ങൾ, തൊഴിലിട സുരക്ഷ എന്നിവയുടെ കോഡുകളെ ബിഎംഎസും എതിർക്കുന്നു.   
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എതിർപ്പിന്റെ കാരണമെന്ത്? ലേബർ കോഡുകളെക്കുറിച്ച് മലയാള മനോരമ ഒരുക്കിയ ചർച്ചയിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ.ആർ.സിന്ധു, ഐഎൻടിയുസി ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, മുൻ മന്ത്രിയും എഐടിയുസി ദേശീയ വൈസ് പ്രസിഡന്റുമായ കെ.പി.രാജേന്ദ്രൻ, ബിഎംഎസ് ദേശീയ നിർവാഹകസമിതി അംഗം സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ആശങ്കകൾക്കൊപ്പം പ്രതീക്ഷകളും പങ്കുവച്ചു. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് മോഡറേറ്ററായിരുന്നു.   എ.ആർ.സിന്ധു, കെ.പി.രാജേന്ദ്രൻ, വി.ജെ.ജോസഫ്, സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ

വേതന കോഡ്

എ.ആർ.സിന്ധു: മിനിമം വേതനം ഉറപ്പാക്കുമെന്നു പറയുമ്പോഴും സർക്കാരിന് എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഇളവുനൽകാൻ വ്യവസ്ഥയുണ്ട്. പിന്നെങ്ങനെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും? തൊഴിലാളിയെന്ന നിർവചനത്തിൽനിന്ന് വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ മാറ്റിനിർത്തുന്നത് എങ്ങനെ അംഗീകരിക്കും? വർക്കർ, എംപ്ലോയി എന്നീ പദങ്ങൾ മാറിമാറി ഉപയോഗിച്ചത് ബഹുഭൂരിപക്ഷത്തിനും ആനുകൂല്യം ലഭിക്കാനുള്ള വഴി അടയ്ക്കാനാണ്.

വി.ജെ.ജോസഫ്:
മിനിമം വേതനത്തിനും താഴെ തറക്കൂലി (ഫ്ലോർ വേജ്) ഏർപ്പെടുത്തി ആധുനിക അടിമത്തത്തിനാണ് കേന്ദ്രം അവസരമൊരുക്കുന്നത്. നടപടിയെടുക്കാൻ തൊഴിൽ വകുപ്പിനുള്ള അധികാരം വെട്ടിക്കുറച്ചു. നിയമലംഘനങ്ങൾ സംഭവിക്കുമ്പോൾ തൊഴിൽവകുപ്പ് ഇടപെടില്ല; പകരം തൊഴിൽദാതാക്കളെ ഉപദേശിച്ചാൽ മതിയെന്നാണു പുതിയവ്യവസ്ഥ. ബോണസ് വ്യവസ്ഥയിലെ മാറ്റം അതു ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.

കെ.പി.രാജേന്ദ്രൻ:
തൊഴിലാളികളെ ആശ്രയിക്കുന്ന കുടുംബത്തെയും പരിഗണിച്ച് ശാസ്ത്രീയമായി വേണം വേതന പരിഷ്കരണം. കേരളത്തിൽ എൽഡിഎഫ് സർക്കാരാണ് ഏറ്റവും ഉയർന്ന നിരക്കിൽ മിനിമം വേതനം നടപ്പാക്കിയത്, 700 രൂപ; ചില മേഖലകളിൽ 500 രൂപ. തറക്കൂലി അസംഘടിത മേഖലയിലുൾപ്പെടെ തൊഴിലാളികൾക്കു കിട്ടുന്ന വേതനം നിയമപരമായി വെട്ടിക്കുറയ്ക്കുന്നതാണ്. അങ്കണവാടി, ആശാ, ലോട്ടറി എന്നിങ്ങനെയുള്ള അസംഘടിത തൊഴിലാളികളുടെ വേതനം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് നിലവിലെ വേതനം പോലും ഇല്ലാതാക്കുന്നത്.

ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ:
രാജ്യത്ത് 7% തൊഴിലാളികൾക്കു മാത്രമാണ് നിലവിൽ മിനിമം വേതനം ലഭിക്കുന്നത്. കേന്ദ്രമാണ് മിനിമം വേതനം നിശ്ചയിക്കുക. അതിൽ കുറഞ്ഞ തുക നൽകാൻ തൊഴിലുടമകൾക്ക് അവകാശമില്ല, വർഷത്തിൽ രണ്ടു തവണ വിഡിഎ നൽകണം. അഞ്ചു വർഷത്തിലൊരിക്കൽ അത് അടിസ്ഥാന വേതനവുമായി കൂട്ടിച്ചേർത്ത് മിനിമം വേതനം പുതുക്കണം. കരാർത്തൊഴിലാളികൾക്ക് ഉൾപ്പെടെ ബോണസ് നൽകണം. മുൻപ് 50 മണിക്കൂർവരെ ഓവർ ടൈം നിർബന്ധമായിരുന്നു. ഇപ്പോൾ ഓവർ ടൈം സമയപരിധി 125 മണിക്കൂറാക്കിയിട്ടുണ്ടെങ്കിലും ചെയ്യണമെന്നു നിർബന്ധിക്കാൻ കഴിയില്ല. ഇതെല്ലാം  തൊഴിലാളികൾക്കു ഗുണകരമാണ്.   

സാമൂഹിക സുരക്ഷാ കോഡ്

കെ.പി.രാജേന്ദ്രൻ:
ഇഎസ്ഐ കവറേജ്, പെൻഷനുള്ള അർഹത, പ്രസവാനുകൂല്യങ്ങൾ എന്നിവയാണ് തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത്. കേരളത്തിൽ 1957 മുതൽ മറ്റേണിറ്റി നിയമമുണ്ട്. നിശ്ചിതകാലത്തേക്കുള്ള തൊഴിൽ എന്ന തരത്തിൽ ഫിക്സഡ് ടേം എംപ്ലോയ്മെന്റ് നടപ്പാക്കുമ്പോൾ ഗ്രാറ്റുവിറ്റി എങ്ങനെ ഉറപ്പാക്കും? ഫിക്സഡ് ടേം എംപ്ലോയ്മെന്റിൽ എവിടെയാണ് തൊഴിൽസുരക്ഷ?

വി.ജെ.ജോസഫ്:  
ഇനി സ്ഥിര ജീവനക്കാർ എന്നതു സ്വപ്നമായി മാറും. ജീവനക്കാരെ കരാർത്തൊഴിലാളികളായി മാറ്റുന്നതോടെ പല ആനുകൂല്യങ്ങളും ഇല്ലാതാകും. കരാർത്തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും അവരെ 6 മാസം കഴിഞ്ഞ് പിരിച്ചുവിട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞ് തിരിച്ചെടുത്താൽ ആനുകൂല്യം ലഭിക്കുമോ? ശ്രം ശക്തി നീതി കൂടി പ്രാബല്യത്തിലാകുമ്പോൾ ഇഎസ്ഐ, ഇപിഎഫ്, ക്ഷേമ ബോർഡുകളുടെ പ്രവർത്തനവും നിലയ്ക്കും.

എ.ആർ.സിന്ധു:
ഓവർ ടൈം നിർബന്ധമല്ലെന്നു പറയുമ്പോഴും, 125 മണിക്കൂറായി ഉയർത്തിയതിന്റെ ഫലമെന്താവുമെന്ന് തൊഴിലിടങ്ങളിലേക്കു ചെന്നാൽ മനസ്സിലാകും.  പൂട്ടിയിട്ട് ജോലിയെടുപ്പിക്കുന്ന സാഹചര്യം പലയിടത്തുമുണ്ട്. സ്ഥിരം ജോലി ഇല്ലാതാക്കിയിട്ട് ഗ്രാറ്റുവിറ്റി നൽകുമെന്നു പറയുന്നതിന്റെ ഉദ്ദേശ്യം കബളിപ്പിക്കലാണ്. എല്ലാവർക്കും ഇഎസ്ഐയെന്നത് എന്തൊരു കള്ളത്തരമാണ്? വേതനപരിധി നിശ്ചയിച്ചതിനാൽ തൊഴിലാളികൾ കൂട്ടത്തോടെ ഇഎസ്ഐയ്ക്കു പുറത്താകും. തൊഴിലിടത്തിൽ തൊഴിലാളി കൊല്ലപ്പെട്ടാൽപോലും തൊഴിലുടമയ്ക്കു നടപടി നേരിടേണ്ടി വരില്ല.

ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുകൂടി സാമൂഹികസുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന വ്യവസ്ഥകളാണ് കോഡുകളിലുള്ളത്. ഗിഗ് വർക്കേഴ്സിന് ഉൾപ്പെടെ ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാൻ വഴിയൊരുക്കിയ പരിഷ്കാരമാണിത്. കമ്പനികൾ അവരുടെ വിറ്റുവരവിന്റെ 2 ശതമാനം കെട്ടിവയ്ക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വ്യവസായ ബന്ധം, തൊഴിലിട സുരക്ഷ കോഡ്

ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ:
  ചാരിറ്റബിൾ സ്ഥാപനങ്ങൾക്കു നൽകിയ ഇളവുകളും 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള വ്യവസ്ഥകളും ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അവശ്യസേവനം ഒഴികെയുള്ള മേഖലകളിലും സമരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തൊഴിലിട സുരക്ഷയുടെ കോഡിൽ സ്ത്രീകളുടെ രാത്രികാല ഷിഫ്റ്റ് സംബന്ധിച്ച നിർവചനത്തിൽ പ്രശ്നങ്ങളുണ്ട്.

എ.ആർ.സിന്ധു:
സ്ത്രീകൾക്കു സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കിയെന്നു പറഞ്ഞ് ഓവർടൈം വ്യവസ്ഥകൾ ഉൾപ്പെടെ കൂട്ടിച്ചേർക്കുമ്പോൾ അതെങ്ങനെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുമോ? പ്രതിഷേധിക്കാനുള്ള അവകാശംപോലും ഇല്ലാതാക്കിയിരിക്കുന്നു. നോട്ടിസ് നൽകിയാൽ പിന്നെ പണിമുടക്കാൻ വ്യവസ്ഥയില്ല. ഇതു തൊഴിലാളി സംഘടനകളെത്തന്നെ ഇല്ലാതാക്കും.  

വി.ജെ.ജോസഫ്:  
പണിമുടക്കു നടത്താൻ 14 ദിവസം മുൻപു നോട്ടിസ് നൽകണം. ചർച്ചയ്ക്കുശേഷം പണിമുടക്കിന് അനുമതി നിഷേധിക്കപ്പെടാം. അനുവാദമില്ലാതെ സമരം നടത്തിയാൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ്. സമരത്തിൽ പ്രസംഗിച്ചാലും സംഭാവന നൽകിയാലും അറസ്റ്റിലാകാം. ട്രേഡ് യൂണിയനുകളെ ഇല്ലായ്മ ചെയ്യാനാണു ശ്രമം. കുറഞ്ഞത് 300 ജീവനക്കാരുള്ള സ്ഥാപനങ്ങൾ മാത്രം അടച്ചുപൂട്ടലിനു മുൻകൂർ അനുമതി വാങ്ങിയാൽ മതിയെന്നു പറയുന്നു. എന്നാൽ, 299 സ്ഥിരജീവനക്കാരും 3000 കരാർ തൊഴിലാളികളുമുള്ള സ്ഥാപനം അടച്ചുപൂട്ടുമ്പോഴോ?  

കെ.പി.രാജേന്ദ്രൻ:  അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ തൊഴിലാളികളെയും ദ്രോഹിക്കുകയാണ്. ഇനി ട്രേഡ് യൂണിയനുകൾ‍ എവിടെ സംഘടിക്കും? പുതിയ യൂണിറ്റുകൾ എങ്ങനെ റജിസ്റ്റർ ചെയ്യും? തൊഴിലാളികളായ യൂണിയൻ നേതാക്കളെപ്പോലും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പുറത്താക്കാൻ കഴിയും. പണിമുടക്കും അവകാശങ്ങൾക്കായുള്ള വിലപേശലും പോലെ ഭരണഘടനാപരമായ അവകാശങ്ങൾതന്നെ ഇല്ലാതാകും.   

സംഘടനകൾക്കു മുന്നിൽ ഇനിയുള്ള വഴിയെന്ത്?

കെ.പി.രാജേന്ദ്രൻ:
വേതനം, സാമൂഹികസുരക്ഷ തുടങ്ങിയ അവകാശങ്ങൾക്കായി ശബ്ദിക്കാൻ എല്ലാ യൂണിയനുകളും തയാറാകണം. ബിഎംഎസ് നിലപാട് തിരുത്തണം. സമരത്തിന് ഒരുമിക്കാം എന്ന ബിഎംഎസിന്റെ നിലപാട് സ്വാഗതാർഹമാണ്. ഇന്നു നടക്കുന്ന തൊഴിലാളി പ്രതിഷേധത്തിൽ ട്രേഡ് യൂണിയനുകളും കർഷകസംഘടനകളും പങ്കെടുക്കുന്നത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഒരു ദിവസത്തെ പ്രതിഷേധംകൊണ്ട് ഇത് അവസാനിക്കുന്നില്ല.

വി.ജെ.ജോസഫ്:
കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് നയത്തിൽനിന്നു വ്യതിചലിച്ച് മുതലാളിത്ത വ്യവസ്ഥ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ലേബർ കോഡുകൾ. ഇതിനെ ശക്തമായി എതിർക്കും. ദേശീയ മിനിമം വേതന പോളിസിയും ജോലിസ്ഥിരതയും സാമൂഹികസുരക്ഷയും ഉറപ്പാക്കാനായി പ്രവർത്തിക്കും.

ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ:
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന താൽപര്യത്തോടെയാണ് കോഡുകൾക്കെതിരെ പ്രതിഷേധിക്കേണ്ടത്. ഗുണപരമായ വ്യവസ്ഥകൾ കണ്ടില്ലെന്നു നടിക്കരുത്. ട്രേഡ് യൂണിയനുകളെ തകർക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള എതിർപ്പ് ബിഎംഎസ് തൊഴിൽമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതിനു മാറ്റം വരുത്തുമെന്ന് ഉറപ്പും ലഭിച്ചു. അതുണ്ടായില്ലെങ്കിൽ സംയുക്ത പ്രക്ഷോഭത്തിനു ബിഎംഎസ് തയാറാണ്.

എ.ആർ.സിന്ധു:
  ബിഎംഎസിന് എന്ത് ഉറപ്പാണ് ലഭിച്ചതെന്നറിയില്ല. ഇത്തരത്തിൽ മുൻപു ലഭിച്ച ഉറപ്പുകൾക്ക് എന്തു സംഭവിച്ചുവെന്നതു പരിശോധിക്കണം. ഐഎൽസി വിളിക്കുമെന്ന് ഉറപ്പു പറഞ്ഞിട്ടു നടപ്പായോ? ശ്രം ശക്തി നീതി നയത്തിനെതിരെയും ബിഎംഎസ് മറ്റു സംഘടനകൾക്കൊപ്പം നിൽക്കണം.

കോവിഡ്കാലത്താണ് പാർലമെന്റിൽ കോഡുകൾ അവതരിപ്പിച്ചത്. പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തു, ചർച്ചയ്ക്ക് അവസരം നൽകിയില്ല. ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) വിളിച്ചുചേർത്തില്ല. 2015ൽ ആണ് ഐഎൽസി അവസാനം ചേർന്നത്.

എ.ആർ.സിന്ധു, സിഐടിയു


കോഡുകൾ ഉണ്ടാക്കിയപ്പോൾ നിയമനിർമാണത്തിന്റേതായ സൂക്ഷ്മത സർക്കാർ പുലർത്തിയില്ല. അഭിപ്രായം പറയാനും ചർച്ചയ്ക്കും അവസരം നൽകിയതുമില്ല. ധനമന്ത്രിയും തൊഴിൽമന്ത്രിയും ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ പലതും മറച്ചുവച്ചു.

കെ.പി.രാജേന്ദ്രൻ, എഐടിയുസി


പാർലമെന്റ് പാസാക്കി 5 വർഷത്തിനുശേഷം കോഡുകൾ പ്രാബല്യത്തിലാക്കാൻ ആരാണ് ആവശ്യപ്പെട്ടത്? തൊഴിലാളിയുടെ സമഗ്ര ജീവിതാഭിവൃദ്ധി സംബന്ധിച്ച ഐഎൽഒ ധാരണകൾക്കും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ ഒപ്പുവച്ച കരാറിനും വിരുദ്ധമാണ് കോഡുകൾ.  

വി.ജെ.ജോസഫ്, ഐഎൻടിയുസി


കോഡുകളുടെ കരട് വിജ്ഞാപനം ചെയ്തശേഷം എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകി. ബ്രിട്ടിഷ്കാലം മുതലുള്ള നിയമങ്ങൾ മാറേണ്ടതു തന്നെയാണ്. കോഡുകളെ മുഴുവൻ കണ്ണടച്ച് എതിർക്കരുത്. തൊഴിലാളികൾക്കു ഗുണകരമാകുന്ന ഒട്ടേറെ വ്യവസ്ഥകളുണ്ട്.  

ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ബിഎംഎസ്
English Summary:
Labor codes are a set of laws governing employment conditions in India. These codes address wages, social security, industrial relations, and workplace safety, intending to streamline labor regulations and ensure minimum standards for workers.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469863