തിരുവനന്തപുരം∙ ഗവർണറുടെ ഒൗദ്യോഗിക വസതിയായ രാജ്ഭവന് ഇനി പുതിയ പേര് – ലോക്ഭവൻ. കേന്ദ്ര സർക്കാർ നിർദേശപ്രകാരം രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നു മാറ്റി ഗവർണർ രാജേന്ദ്ര ആർലേക്കർ വിജ്ഞാപനമിറക്കി. വെള്ളയമ്പലത്തെ വസതിക്കു മുന്നിലെ രാജ്ഭവൻ എന്നു രേഖപ്പെടുത്തിയ ലോഹ ബോർഡ് അഴിച്ചുമാറ്റി. ലോക്ഭവൻ എന്നെഴുതിയ പുതിയ ബോർഡ് ഇന്നു സ്ഥാപിക്കും. ഗവർണറുമായും അദ്ദേഹത്തിന്റെ വസതിയുമായും ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഇനി മുതൽ ലോക്ഭവൻ എന്ന പേരിലായിരിക്കും. ലോക്ഭവൻ എന്ന പേരു സ്വീകരിച്ച ശേഷം ഗവർണർ പങ്കെടുത്ത ആദ്യ പരിപാടി യാത്രയയപ്പായിരുന്നു. വേദിയിൽ ലോക്ഭവൻ എന്ന ബോർഡ് സ്ഥാപിച്ചാണ് ഉദ്യോഗസ്ഥരിലൊരാൾക്ക് ഇന്നലെ യാത്രയയപ്പ് നൽകിയത്.
കൊളോണിയൽ മനോഭാവത്തിൽനിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാന മാറ്റത്തിന്റെ പ്രതീകമാണിതെന്ന് ഗവർണർ പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസരിച്ചുള്ള പുതിയ ചിന്താഗതി ഉൾക്കൊള്ളാൻ തയാറായ കേരള ജനതയെ അഭിനന്ദിക്കുന്നുവെന്നും ലോക്ഭവന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള രാജ്ഭവനുകളെ ലോക്ഭവനുകളെന്നും ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകളെ ലോക് നിവാസുകളെന്നും പുനർനാമകരണം ചെയ്യാൻ കഴിഞ്ഞ മാസം 25നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശമിറക്കിയത്.
അസം, ബംഗാൾ എന്നിവിടങ്ങളിലെ രാജ്ഭവനുകൾ കഴിഞ്ഞ ദിവസം പേര് മാറ്റിയിരുന്നു. ജനങ്ങളുടെ ഭവനം എന്ന അർഥം വരുന്ന ലോക്ഭവൻ എന്ന പേര് സ്വീകരിക്കാനുള്ള ആശയം ആർലേക്കറാണ് അവതരിപ്പിച്ചത്. 2022ൽ ബിഹാർ ഗവർണറായിരിക്കെ പങ്കെടുത്ത ഗവർണർമാരുടെ ദേശീയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം അത് അംഗീകരിച്ചതോടെ പേര് മാറ്റത്തിനു വഴിയൊരുങ്ങി. കേരള ലോക്ഭവനിലെ ആദ്യ അതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെയെത്തും. English Summary:
Kerala Raj Bhavan is now Lok Bhavan following a name change. This transition, initiated by Governor Rajendra Arlekar and approved by the central government, reflects a shift towards a more democratic approach. President Droupadi Murmu will be the first guest at the newly named Lok Bhavan. |
|