മഞ്ചേരി ∙ എടവണ്ണ ഒതായി പള്ളിപ്പറമ്പൻ മനാഫ് (32)വധക്കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചത് സംഭവം നടന്ന് 30 വർഷത്തിനു ശേഷം. ഒതായി അങ്ങാടിയിൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കലക്ടറേറ്റ് ധർണയും നിയമ പോരാട്ടങ്ങളും നിറഞ്ഞ കേസ് രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴി വച്ചിരുന്നു.
യൂത്ത് ലീഗ് പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായിരുന്നു മനാഫ്. 1995 ഏപ്രിൽ 13ന് ആയിരുന്നു ദാരുണ സംഭവം. ഒട്ടേറെ ദൃക്സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ ഒന്നാം സാക്ഷി ഉൾപ്പെടെയുള്ളവരുടെ കൂറുമാറ്റമാണ് ആദ്യം ആരോപണങ്ങൾക്ക് ഇടയാക്കിയത്. കേസിൽ പി.വി.അൻവറും പിതാവും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് പിതാവ് മരിച്ചു. ആകെ 25 പ്രതികൾക്കെതിരെയായിരുന്നു കേസ്.
∙ ഭൂമിത്തർക്കം
ഭൂമി സംബന്ധമായ തർക്കമാണ് സംഘർഷത്തിനു കാരണമെന്ന് മനാഫിന്റെ കുടുംബം പറയുന്നു. മനാഫിന്റെ ബന്ധുവായ ഉണ്ണിമുഹമ്മദിന്റെ സഹോദരൻ കുട്ട്യാലിയുടെ 10 ഏക്കർ പിടിച്ചെടുക്കാൻ ഒരു വിഭാഗം നീക്കം നടത്തി. ഗുണ്ടാ സംഘത്തെ ഉപയോഗിച്ചായിരുന്നു ഇത്. ഇക്കാര്യം ഉണ്ണിമുഹമ്മദ് 1995 ഏപ്രിൽ 12ന് മനാഫിന്റെ വീട്ടിലെത്തി അറിയിച്ചു മടങ്ങുമ്പോൾ ഒരു കൂട്ടമാളുകൾ ഓട്ടോ തടഞ്ഞ് ഉണ്ണിമുഹമ്മദിനെ മർദിച്ചത് മനാഫ് തടഞ്ഞു. ഇതിന്റെ പ്രതികാരം തീർക്കാൻ പിറ്റേദിവസം മനാഫിന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ആക്രമണം നടത്തി. വിവരമറിഞ്ഞു വീട്ടിലേക്ക് പോകാൻ ഒതായി അങ്ങാടിയിൽ എത്തിയപ്പോൾ കാറിലും ജീപ്പിലുമെത്തിയ സംഘം മനാഫിനെ മർദിച്ചു. പിതാവ് ആലിക്കുട്ടിക്ക് മർദനമേറ്റു. മനാഫിനു കുത്തേറ്റു.
∙കൂറുമാറ്റം
കേസിന്റെ വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം കേസിൽ നിർണായകമായി. അൻവർ ഉൾപ്പെടെ 21 പ്രതികളെ മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി 2009 സെപ്റ്റംബറിൽ വിട്ടയച്ചു. കൂറുമാറ്റം ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നയിച്ചു. പ്രതികളും പ്രോസിക്യൂഷനും ഒത്തുകളിച്ചതാണ് വിട്ടയയ്ക്കാൻ വഴിയൊരുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി ഉൾപ്പെടെ 4 പേരെ തിരികെ എത്തിക്കാത്തത് രാഷ്ട്രീയ ഇടപെടലുമാണെന്നു കുടുംബം ആരോപിച്ചു.
∙ കലക്ടറേറ്റ് ധർണ
വിദേശത്തുള്ള 4പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ കോടതിയെ സമീപിച്ചു. കോടതി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ നിലനിൽക്കെ, 2 പേർ മഞ്ചേരി വിചാരണക്കോടതിയിൽനിന്ന് ജാമ്യം നേടി. എന്നാൽ ഇരുവരുടെയും ജാമ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണയ്ക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റസാഖ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഇതേ ആവശ്യം ഉന്നയിച്ച് കുടുംബം കലക്ടറേറ്റിനും സെക്രട്ടേറിയറ്റിനും മുന്നിൽ സമരം നടത്തി. അനുകൂല നടപടി ഇല്ലാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സിബിഐയുടെ സീനിയർ സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാറിനെ പ്രോസിക്യൂട്ടറായി നിയമിച്ചു വിചാരണ തുടങ്ങി. അഭിഭാഷകരായ ആസാദ് ആര്യാടൻ, മുഹമ്മദ് മുസ്തഫ തയ്യിൽ, എം.പി.വിനോദ്, എ.മുംതാസ്, കെ.ടി.പ്രവീണ എന്നിവർ നിയമ പോരാട്ടത്തിനു ഒപ്പം നിന്നു.
ഒരാൾക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിൽ ആശ്വാസമെന്ന് ബന്ധുക്കൾ
മഞ്ചേരി ∙ ‘മനാഫ് കൊലക്കേസിൽ ഒരാൾക്കെങ്കിലും ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞല്ലോ. 30 വർഷമായി ഞങ്ങൾ കുടുംബം നീതിക്കായി പോരാടുകയായിരുന്നു’ – മനാഫിന്റെ പിതൃ സഹോദരൻ അബൂബക്കറിന്റെ വാക്കുകളിൽ നീണ്ട പോരാട്ടം കഴിഞ്ഞതിന്റെ ഭാവമായിരുന്നു. വിധി കേൾക്കാൻ മനാഫിന്റെ കുടുംബത്തോടൊപ്പം കോടതിയിൽ എത്തിയതായിരുന്നു. ഒന്നും രണ്ടും വർഷമല്ല, 30 വർഷം ഞങ്ങൾ കാത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ജീവിതത്തെ മാറ്റിമറിച്ചു. പ്രലോഭനങ്ങളും പ്രതിസന്ധികളും നേരിട്ടു.
പക്ഷേ, മനാഫിന് നീതി ലഭിക്കണമെന്ന നിശ്ചയ ദാർഢ്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. അത് സാധിച്ചു. പി.വി.അൻവറിന്റെ സ്വാധീനം കേസിൽ നിർണായകമായി. വിട്ടയച്ച പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞില്ല. നീതിക്കായുള്ള പോരാട്ടം ലക്ഷ്യം കണ്ടു. വിട്ടയച്ച പ്രതികൾക്കെതിരെ അപ്പീൽ നൽകുമെന്ന് അബൂബക്കർ പറഞ്ഞു.മനാഫിന്റെ സഹോദരങ്ങളായ അബ്ദുൽ റസാഖ്, മൻസൂർ, അബ്ദുൽ ജലീൽ, സഹോദരി റജീന, ഭർത്താവ് സക്കീർ, റസൽ തുടങ്ങിയവർ കോടതിയിൽ എത്തിയിരുന്നു. English Summary:
Manaf Murder Case: After a 30-year legal battle, the court has convicted a defendant in the Manaf murder case that took place in Edavanna. The family fought for justice, navigating political controversies and legal hurdles to finally see a resolution, though they plan to appeal against acquitted defendants. |
|