ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു വിജയത്തിന്റെ ‘ബിഹാർ മോഡൽ’ ചില രാഷ്ട്രീയ സങ്കൽപങ്ങളെ തിരുത്തിയെഴുതുന്നതാണ്. കൃത്യമായ മുഖ്യമന്ത്രി മുഖമുണ്ടെങ്കിൽ നേട്ടം, യുവനേതാക്കൾക്ക് പിന്തുണയേറും, മറ്റെന്തിനുമപ്പുറം മത–ജാതി വിചാരം വിജയത്തിനു സഹായിക്കും, ഉയർന്ന പോളിങ് ശതമാനം ഭരണവിരുദ്ധവികാരത്തിന്റെ തെളിവാകും തുടങ്ങിയ വിലയിരുത്തലുകളാണ് ബിഹാറിൽ തിരുത്തപ്പെടുന്നത്.
- Also Read നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര
നിതീഷ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ബിജെപി താൽപര്യപ്പെട്ടില്ല. നിതീഷിനെ ഒതുക്കാനാണ് പരോക്ഷമായി ശ്രമിച്ചത്. തർക്കത്തിന്റെ സൂചനകൾ ഇന്നലെയുണ്ടാവുകയും ജെഡിയു സ്വരം കടുപ്പിക്കുകയും ചെയ്തു. കേന്ദ്രത്തിലെ സർക്കാരിന്റെ നിലനിൽപിൽ ജെഡിയുവിനുള്ള പങ്കു പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിയെ ഇപ്പോൾ മാറ്റാൻ ശ്രമിക്കുന്നത് ബുദ്ധിപരമല്ല. അതുകൊണ്ടുതന്നെ, രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവായ നിതീഷ് തുടരും; 5 വർഷത്തേക്കെന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ല.
മറുപക്ഷത്ത്, മഹാസഖ്യ മുഖ്യമന്ത്രിമുഖമായി തേജസ്വി യാദവിനെ പ്രഖ്യാപിക്കുന്നതിനോട് കോൺഗ്രസിന് വിയോജിപ്പുണ്ടായിരുന്നു. ജാതീയ വോട്ടുകളെ പ്രതികൂലമായി ബാധിക്കുമെന്ന വിചാരമായിരുന്നു കാരണം. തർക്കങ്ങൾക്കൊടുവിൽ തേജസ്വിയെ മാത്രമല്ല, ഇതുവരെ ഒരു തിരഞ്ഞെടുപ്പുപോലും ജയിക്കാത്ത മുകേഷ് സാഹനിയെ ഉപമുഖ്യമന്ത്രിയായും ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചു. ആരാവും സർക്കാരിനെ നയിക്കുകയെന്ന വ്യക്തത മേൽക്കൈ നൽകുന്നുവെന്നാണ് സഖ്യം അവകാശപ്പെട്ടത്.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
നിതീഷിന്റെ ഭരണം മാത്രം കണ്ടവരും നിതീഷിനു മാത്രം വോട്ടു ചെയ്തവരുമായ യുവജനത മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വിയുടെ ചെറുപ്പം അവരുടെ പിന്തുണ നേടുമെന്നുമുള്ള വിലയിരുത്തലും തെറ്റി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും തേജസ്വിയെയും ചേർത്തുവച്ചുള്ള പ്രചാരണവും ഏശിയില്ല.
മുസ്‌ലിം–യാദവ വോട്ട് ഏകീകരണം ഇത്തവണയും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ആർജെഡി വിലയിരുത്തിയത്. ഏകീകരണമേ സംഭവിച്ചില്ലെന്നു പറയാനാവില്ല. സംസ്ഥാനത്തെ വോട്ടെണ്ണത്തിൽ ഇത്തവണയും ആർജെഡിയാണ് ഒന്നാമത്. എന്നിട്ടും സീറ്റെണ്ണം മൂന്നിലൊന്നായി കുറഞ്ഞു. നിർണായക മുസ്‌ലിം സ്വാധീന മേഖലയായ സീമാഞ്ചലിൽപ്പോലും നഷ്ടം വ്യക്തമാണ്. മറുവശത്ത്, മേൽജാതി– അതിപിന്നാക്ക വോട്ടുകളുടെ ഏകീകരണത്തിനൊപ്പം ഭരണത്തുടർച്ചയ്ക്കുള്ള വോട്ടിന്റെ സ്വാധീനവും തെളിഞ്ഞു. ജെഡിയുവിന്റെ സീറ്റെണ്ണം ഇരട്ടിയോളം വർധിച്ചു.
പോളിങ് ശതമാനത്തിലുണ്ടായ വർധന തങ്ങൾ വിജയിക്കുന്നതിന്റെ തെളിവെന്നാണ് തേജസ്വി അവകാശപ്പെട്ടത്. അപ്പോഴും, വോട്ടു ചെയ്തതു കൂടുതലും സ്ത്രീകളെന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തിയിരുന്നു. എസ്ഐആറിലുടെ വലിയ തോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തിരിച്ചടിയുണ്ടാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറാണ് ഉത്തരവാദിയെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
സർക്കാരിൽനിന്നു സാമ്പത്തിക സഹായം ലഭിച്ച ‘ജീവിക ദീദി’മാരിൽ 1.8 ലക്ഷം പേരെ വോട്ടർമാരെ സഹായിക്കുന്നതിനു നിയോഗിച്ച കമ്മിഷന്റെ നടപടി നേരത്തെതന്നെ വിമർശിക്കപ്പെട്ടിരുന്നു. ബിഹാറിലെ സ്ത്രീവോട്ടർമാരിൽ ഏതാണ്ട് 40% പേരും ജീവിക ദീദിമാരുടേതായ സ്വാശ്രയ സംഘങ്ങളിലുള്ളവരാണ്. സർക്കാരിന്റെ സാമ്പത്തിക സഹായ വിതരണം പെരുമാറ്റച്ചട്ടം ലംഘിച്ച് വിതരണം ചെയ്തതു തടയാൻ കമ്മിഷൻ തയാറാകാതിരുന്നത് ഇനിയും ചോദ്യം ചെയ്യപ്പെടാം. English Summary:
Bihar Model: Rewriting Political Notions in Indian Electoral Dynamics |