LHC0088 • 3 hour(s) ago • views 328
സർക്കാർ മെഡിക്കൽ കോളജുകളിൽ പരിശോധനകളും ശസ്ത്രക്രിയകളുമെല്ലാം നീണ്ടുനീണ്ട് പോകുമ്പോൾ ദുരിതത്തിലാകുന്നത് പാവങ്ങളാണ്. അവരിൽ ഗുരുതര പരുക്കേറ്റവരും മാരകരോഗങ്ങൾ ബാധിച്ചവരുമെല്ലാം ഉണ്ടാകും. അവരുടെ വേദനകളിൽ ഒപ്പം നിൽക്കാൻ, ആശ്വാസമേകാൻ നമ്മുടെ മെഡിക്കൽ കോളജുകൾക്ക് കഴിയേണ്ടതല്ലേ?
- Also Read ഭക്ഷണം വൈകി; ചോദ്യംചെയ്ത സഞ്ചാരിയെ ചട്ടുകംകൊണ്ട് തലയ്ക്ക് അടിച്ചു; മൂന്നാറിൽ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശി
നട്ടെല്ലിനു ക്ഷതമേറ്റ മകന്റെ എംആർഐ സ്കാനിങ്ങിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയിലേറെയായി കാത്തിരിക്കുകയാണു റോബർട്ട്. സ്കാനിങ് കഴിഞ്ഞ് റിപ്പോർട്ട് കിട്ടിയിട്ടു വേണം ഡോക്ടർക്കു ചികിത്സ തീരുമാനിക്കാൻ. എംആർഐ സ്കാനിങ് എടുക്കുന്നിടത്തെ കൗണ്ടറിൽ വിറയാർന്ന വാക്കുകളോടെ റോബർട്ട് ചോദിച്ചു: മോന്റെ സ്കാനിങ് നേരത്തേ നടത്താമോ?. ആ ചോദ്യത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണു ജീവനക്കാർ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2 എംആർഐ മെഷീനുകളാണുള്ളത്. ഒരെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ കണ്ടം ചെയ്യാറായ രണ്ടാം മെഷീൻ പ്രവർത്തിക്കുന്നത് കഷ്ടിച്ച് 12 മണിക്കൂർ. പുതിയ മെഷീന് 8.5 കോടി രൂപ അനുവദിച്ചെങ്കിലും വാങ്ങാൻ നടപടിയായിട്ടില്ല.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ജീവനക്കാരിലൊരാളുടെ വാക്കുകൾ: ‘സ്കാനിങ്ങിന് ഒന്നരമാസം വരെ കാത്തിരിക്കുന്നവരുണ്ട്. രോഗത്തിന്റെ ഗൗരവമനുസരിച്ചു മുൻഗണന നിശ്ചയിക്കും. സ്കാനിങ്ങിനായി കാത്തിരിക്കുന്നതിനിടെ രോഗം മൂർഛിച്ചവരുമുണ്ട്.’ ഒന്നരമാസത്തിനുശേഷം സ്കാനിങ് കഴിഞ്ഞാൽ അതിന്റെ റിപ്പോർട്ട് കിട്ടാൻ മൂന്നു ദിവസം വരെ കാത്തിരിക്കണം. ഫിലിം നോക്കി വേണം ഡോക്ടർമാർക്കു റിപ്പോർട്ടെഴുതാൻ. അതുകൊണ്ടാണു ദിവസങ്ങളെടുക്കുന്നത്.
- Also Read മുംബൈയിലും വിമാനങ്ങൾക്കുനേരെ ‘ജിപിഎസ് വഴിതെറ്റിക്കൽ’; തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു, ജാഗ്രതാ നിർദേശം
മലബാർ മേഖലയിലെ രോഗികൾ ഏറെയാശ്രയിക്കുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എംആർഐ സ്കാനിങ്ങിന് ഒന്നരമാസം കഴിഞ്ഞാണു തീയതി കിട്ടുന്നത്. സ്കാനിങ് കഴിഞ്ഞ് കുറച്ചുദിവസത്തിനുശേഷം സിഡി നൽകും. എന്നാൽ, ഡോക്ടർക്കു സിഡിയിലെ ചിത്രങ്ങൾ കാണാനുള്ള സൗകര്യം പല വകുപ്പുകളിലുമില്ല. അതിനാൽ രോഗികളോടു ഫിലിം വാങ്ങി വരാൻ പറയും. ഫിലിമിന്റെ ദൗർലഭ്യംമൂലം കാലതാമസമുണ്ടാകുന്നു. ദിവസം 20 എംആർഐ സ്കാനിങ്ങാണ് ഇവിടെ നടക്കുന്നത്, 200 സിടി സ്കാനും.
പണിമുടക്കി ഉപകരണങ്ങൾ
മെഡിക്കൽ കോളജുകളിലേക്കു കോടികൾ മുടക്കി വാങ്ങിയ മെഷീനുകളിൽ 30 ശതമാനത്തിലേറെയും പണിമുടക്കിലാണ്. ടെക്നിഷ്യൻമാരുടെ കുറവു മുതൽ വാർഷിക അറ്റകുറ്റപ്പണി കരാർ ഇല്ലാത്തതുവരെ കാരണങ്ങൾ പലത്. ആലപ്പുഴ മെഡിക്കൽ കോളജിൽ മാത്രം 40 ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തു പ്രവർത്തനം നിലച്ച ഉപകരണങ്ങൾ 14. പല ഉപകരണങ്ങളും കേടായ വിവരം സ്ഥാപന മേധാവികൾ അറിയുന്നതുപോലും വർഷങ്ങൾ കഴിഞ്ഞാകും.
മെഡിക്കൽ കോളജിലെ ‘റിവേഴ്സ് റഫറൽ’
ജില്ല/ ജനറൽ ആശുപത്രികളിൽനിന്നു രോഗികളെ റഫർ ചെയ്യുന്ന വലിയ ആശുപത്രികളാണു മെഡിക്കൽ കോളജുകളെന്നാണു വയ്പ്. പക്ഷേ, നമ്മുടെ പല മെഡിക്കൽ കോളജുകളിലും നടക്കുന്നതു തിരിച്ചാണ്– റിവേഴ്സ് റഫറൽ. അതായത് മെഡിക്കൽ കോളജുകളിലെത്തുന്ന രോഗികളെ തിരികെ ജില്ല/ ജനറൽ ആശുപത്രികളിലേക്കു റഫർ ചെയ്യുന്ന അപൂർവരീതി.
സേലം– കൊച്ചി ദേശീയ പാതയോരത്തു വൻ കെട്ടിടസമുച്ചയങ്ങളുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിലേക്കു കാര്യമായ നെഞ്ചുവേദനയുമായി ചെന്നാൽ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്യും. അപകടത്തിൽ ഗുരുതര പരുക്കേറ്റാലും അതുതന്നെ നടപടി. ട്രോമാ കെയർ, സിടി, എംആർഐ സ്കാനിങ് സൗകര്യങ്ങളോ പ്രധാന സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളോ ഇവിടില്ല. കോന്നി ഗവ. മെഡിക്കൽ കോളജിൽനിന്നു പല രോഗികളെയും റഫർ ചെയ്യുന്നതു പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ്. ഇവരെ പിന്നീട് കോട്ടയം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റും. എറണാകുളത്തു ഗവ. മെഡിക്കൽ കോളജുണ്ടെങ്കിലും സൂപ്പർ സ്പെഷ്യൽറ്റി സൗകര്യങ്ങളില്ലാത്തതിനാൽ മേജർ ശസ്ത്രക്രിയകൾക്കു ജനറൽ ആശുപത്രിയെത്തന്നെ ആശ്രയിക്കണം.
എല്ലാം പുറത്തുനിന്ന്
ആലപ്പുഴ മെഡിക്കൽ കോളജിലെ ഫാർമസിയിൽനിന്നു പുറത്തിറങ്ങുമ്പോൾ തോട്ടപ്പള്ളി പല്ലന സ്വദേശി ഭാൽജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കയ്യിൽ മരുന്നുകളുടെ നീണ്ട പട്ടിക. പലതും മെഡിക്കൽ കോളജ് ഫാർമസിയിൽ കിട്ടാനില്ല. ‘ഡയാലിസിസ് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട സൂചിയുൾപ്പെടെ പുറത്തുനിന്നു വാങ്ങണം. 11 മരുന്ന് എഴുതുന്നതിൽ രണ്ടോ മൂന്നോ മാത്രമേ മെഡിക്കൽ കോളജ് ഫാർമസിയിലുണ്ടാകൂ. ബാക്കി പുറത്തുനിന്നു വാങ്ങണം’– ഭർത്താവിന്റെ ചികിത്സയ്ക്കായുള്ള കുറിപ്പടിയിലൂടെ വിരലോടിച്ചു ഭാൽജി പറഞ്ഞു. ഡോക്റുടെ കുറിപ്പടിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ പേര് തൊട്ടുകാണിക്കുന്ന ഭാൽജി അനീഷ്. ചിത്രം: മനോരമ
ഇരുവൃക്കകളും തകരാറിലായ ഭർത്താവ് അനീഷിനു 2017ൽ ഭാൽജി തന്റെ വൃക്കകളിലൊന്നു നൽകി. 2023ൽ അനീഷിനു ന്യുമോണിയ ബാധിച്ചതോടെ ആ വൃക്കയുടെ പ്രവർത്തനവും തകരാറിലായി. പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു. ‘ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യണം. ഡയലൈസർ ട്യൂബ്, സൊല്യൂഷനുകൾ, നീഡിൽ എന്നിവ പുറത്തുനിന്നു വാങ്ങണം. ഡയലൈസർ ട്യൂബിനു മാത്രം 1800 രൂപയോളമാകും.’– അവർ പറഞ്ഞു.
കേറ്ററിങ് തൊഴിലാളിയായ അനീഷ് കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഡയാലിസേറ്റ് ഫ്ലൂയിഡും പുറത്തുനിന്നു വാങ്ങണമെന്നു ഡയാലിസിസ് യൂണിറ്റിനു മുന്നിൽ കണ്ടുമുട്ടിയ കൂട്ടിരിപ്പുകാർ വേദനയോടെ പറഞ്ഞു. എല്ലു രോഗ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള ഇംപ്ലാന്റുകൾ ഉൾപ്പെടെ മിക്ക മെഡിക്കൽ കോളജുകളിലും പുറത്തുനിന്നു വാങ്ങണം.
ഞായറാഴ്ച എല്ലൊടിയല്ലേ!
‘ഓർത്തോ വിഭാഗത്തിൽ ഞായറാഴ്ച ചികിത്സയില്ല’– ഇങ്ങനെ ഒരു ബോർഡ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ പുറത്ത് തൂക്കേണ്ടി വരുന്ന കാലം വിദൂരമല്ല. അല്ലെങ്കിൽ ഞായറാഴ്ചകളിൽ ആളുകൾക്ക് അപകടമൊന്നും സംഭവിക്കാതിരിക്കണം. അനസ്തെറ്റിസ്റ്റുമാരുടെ കുറവുമൂലമാണ് ഞായറാഴ്ചകളിൽ ഓർത്തോ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾപോലും നടക്കാതായത്. എല്ലിനു പൊട്ടലേറ്റ് ശസ്ത്രക്രിയ വേണ്ടവർക്ക് അതു കൃത്യസമയത്തു ചെയ്യണം. അല്ലെങ്കിൽ ആരോഗ്യനിലയെ ബാധിക്കും. ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വരുമ്പോൾ പലരും സ്വകാര്യ ആശുപത്രിയിലേക്കു പോകും. അവിടെ രണ്ടും മൂന്നും ലക്ഷം രൂപ ചെലവാകും.
നടന്ന്, നടന്ന്...
മലപ്പുറം അരീക്കോട് സ്വദേശിനി ഹെർണിയ, പിത്താശയത്തിൽ കല്ല് എന്നിവയുടെ ചികിത്സയ്ക്കാണ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഒന്നരമാസം കഴിഞ്ഞുള്ള തീയതി നൽകി. അന്നു ചെന്നപ്പോൾ രക്തസമ്മർദം കൂടുതലായതിനാൽ ഒരാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു. അന്നു ചെന്നപ്പോഴാകട്ടെ പ്രമേഹം കൂടുതലാണെന്നും ഒരാഴ്ചകൂടി കഴിഞ്ഞു ചെല്ലാനും പറഞ്ഞു. ശസ്ത്രക്രിയ വൈകാതിരിക്കാൻ സ്കാനിങ്ങെല്ലാം സ്വകാര്യ ലാബുകളിലാണു ചെയ്തത്. ഒടുവിൽ സ്വകാര്യാശുപത്രിയിൽ പോയി ശസ്ത്രക്രിയ നടത്തി.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം. വിദഗ്ധർ പങ്കെടുത്ത ചർച്ചയുടെ വിശദാംശങ്ങൾ നാളെ English Summary:
critical college part-3: Kerala Healthcare System is facing significant challenges due to delays in treatment at government medical colleges. Patients are suffering due to long waiting times for scans, equipment malfunctions, and reverse referrals, highlighting the need for immediate improvements. |
|