LHC0088 • 3 hour(s) ago • views 902
ആലപ്പുഴ ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾ മൂലവും സുരക്ഷാ മുൻകരുതൽ ഇല്ലാത്തതിനാലും ജില്ലയിൽ കഴിഞ്ഞ 3 വർഷത്തിനിടെ നൂറുകണക്കിന് വാഹനാപകടങ്ങളുണ്ടായി. ഒട്ടേറെപ്പേർ മരിച്ചു.
12.75 കിലോമീറ്റർ 42 മരണം
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരത്ത് മൂന്നു വർഷത്തിനിടെ 42 പേർക്കാണു വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. മുൻപു നാലുവരിപ്പാതയായിരുന്നിട്ടും തിരക്കുണ്ടായിരുന്ന റോഡിൽ ഉയരപ്പാത നിർമാണം കാരണം വീതി കുറഞ്ഞതാണു ഭൂരിഭാഗം അപകടങ്ങളുടെയും മൂലകാരണം.ഉയരപ്പാതയ്ക്കായി പൈലിങ് നടത്തുമ്പോൾ ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും തെന്നി വീഴുന്നതും അപകടങ്ങൾക്കിടയാക്കി. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണു മറിഞ്ഞു വലിയ വാഹനങ്ങൾക്കടിയിൽപെട്ടാണു ഭൂരിഭാഗം അപകടമരണങ്ങളും. രാത്രി വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രികരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ജീവനെടുത്ത റോഡ് നിർമാണം
ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിൽ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനു പോയ കുടുംബം സഞ്ചരിച്ച കാറിൽ കെഎസ്‍ആർടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മുത്തശ്ശി മരിച്ചത് ഈ വർഷം മേയ് 19നാണ്. ആലപ്പുഴ ആശ്രമം വാർഡ് നടുവിലപ്പറമ്പിൽ സരസ്വതിയമ്മയാണ് (72) മരിച്ചത്. ദേശീയപാത നവീകരണത്തിനായി ഗതാഗതം വഴിതിരിച്ചുവിട്ട ഭാഗത്തെ നിർമാണത്തിലെ അപാകതയായിരുന്നു അപകടകാരണം. കുത്തനെയുള്ള ഇറക്കവും ചെറിയ വളവും വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നായിരുന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. നാട്ടുകാർ പ്രതിഷേധിച്ചതോടെ കരാർ കമ്പനി ആ ഭാഗത്തെ റോഡിന്റെ വീതി കൂട്ടി ടാർ ചെയ്തു. ഇതേ സ്ഥലത്തു മുൻപു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചിരുന്നു
കുഴിയിൽ വീണും മരണം
ഈ വർഷം ജൂൺ 5ന് രാത്രി 10.30ന് കായംകുളം കെപിഎസി ജംക്‌ഷന് തെക്ക് ഭാഗത്ത് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. കായംകുളം എരുവ സ്വദേശി ആരോമലാണ് (27) മരിച്ചത്. സർവീസ് റോഡിന്റെ ഒരുവശത്ത് എടുത്ത കുഴിയിൽ വീണായിരുന്നു അപകടം. ഈ ഭാഗത്ത് മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുന്നതിൽ കരാറുകാർ വീഴ്ച വരുത്തിയതായി ആരോപണമുയർന്നിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയുടെ വശങ്ങളിൽ തലയിടിച്ചാണ് യുവാവ് വീണത്.
അപകടമേഖലയായി അമ്പലപ്പുഴ– തോട്ടപ്പള്ളി
അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും ഇടയിൽ രണ്ടു വർഷത്തിനിടെ ഒട്ടേറെപ്പേർ വാഹനാപകടത്തിൽ മരിച്ചു. ബൈക്കിൽ ലോറി തട്ടി ഒരു കുടുംബത്തിലെ 3 പേരും മരിച്ചത് 2024 ഏപ്രിൽ 7നാണ്. ദേശീയപാത നിർമാണത്തിനായി കല്ലും മണ്ണും റോഡിന്റെ ഒരുവശത്ത് കൂട്ടിയിട്ടതിനാൽ കാഴ്ച മറഞ്ഞതായിരുന്നു അപകടകാരണം. പുറക്കാട് ആനന്ദേശ്വരം കിഴക്ക് കളത്തിൽ പറമ്പിൽ സുദേവ്, ഭാര്യ വിനീത, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്.
പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തു ദേശീയപാതയരികിലെ ഇടുങ്ങിയ ഭാഗം വഴി വന്ന ബൈക്കിൽ പിന്നാലെയെത്തിയ ലോറിയിടിക്കുകയായിരുന്നു. മൂന്നു പേരും ലോറിയുടെ അടിയിലേക്കു വീണു. നേരത്തേ സ്കൂട്ടർ യാത്രികരായ 2 തൊഴിലാളികൾ ഇതേ സ്ഥലത്ത് ലോറി തട്ടി മരിച്ചിരുന്നു. തോട്ടപ്പള്ളി മാത്തേരി ജംക്‌ഷൻ, പഴയങ്ങാടി ജംക്‌ഷൻ എന്നിവിടങ്ങളിൽ നാലുപേർ, ഒറ്റപ്പന ജംക്‌ഷൻ, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഒരാൾ വീതവും അപകടത്തിൽ മരിച്ചു.
ചേർത്തല മേഖലയിൽ 6 മരണം
ചേർത്തല മേഖലയിൽ ദേശീയപാതയിൽ നടന്ന അപകടങ്ങളിൽ രണ്ടു വർഷത്തിനിടെ 6 പേരാണു മരിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് കെവിഎം ആശുപത്രിക്ക് സമീപം സർവീസ് റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാവ് ബൈക്ക് മറിഞ്ഞു ലോറിക്കടിയിൽപെട്ടു മരിച്ചത് ഒരാഴ്ച മുൻപാണ്. കഞ്ഞിക്കുഴിയിൽ ആവശ്യത്തിനു വെളിച്ചമില്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരൻ മരിച്ചിരുന്നു.
2024 നവംബർ 11ന് ചേർത്തല ഒറ്റപ്പുന്നയിൽ കഞ്ഞിക്കുഴിയിൽ പനമ്പടച്ചിറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന 2 തമിഴ്നാട് സ്വദേശികൾ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. 2024 ഏപ്രിൽ 23ന് പത്രവിതരണത്തിനിടെ പട്ടണക്കാട് സ്വദേശി സതീശൻ വയലാർ കവലയ്ക്ക് സമീപം ബൈക്ക് ഇടിച്ച് മരിച്ചു. 2024 ഓഗസ്റ്റ് മാസം 24ന് പട്ടണക്കാട് വച്ച് ബൈക്കിൽ കാറിടിച്ച് കായംകുളം കരീലക്കുളങ്ങര സ്വദേശി മരിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും മതിയായ സുരക്ഷയൊരുക്കാത്തതായിരുന്നു 3 അപകടങ്ങൾക്കും കാരണം.
വെളിച്ചക്കുറവും നിർമാണസാമഗ്രികളും
ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തെ വെളിച്ചക്കുറവും നിർമാണത്തിനുള്ള സാമഗ്രികൾ അലക്ഷ്യമായി ഇട്ടിരിക്കുന്നതുമാണു മാരാരിക്കുളം മേഖലയിലെ വാഹനാപകടങ്ങൾക്കു പ്രധാനകാരണം. പാതിരപ്പള്ളിയിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഭാര്യ ബൈക്ക് സ്വകാര്യ ബസിനടിയിൽപെട്ട് മരിച്ചിരുന്നു. ടോറസ് ലോറിയുടെ അടിയിൽ വീണ് വിദ്യാർഥിനി മരിച്ചതും ഇതേ സ്ഥലത്താണ്. English Summary:
Road accidents in Alappuzha are on the rise due to unscientific traffic reforms. The lack of safety precautions during National Highway construction has resulted in numerous fatalities and injuries over the past three years, highlighting the urgent need for improved road safety measures. |
|