ബെംഗളൂരു ∙ ഐടി നഗരത്തിൽനിന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തേക്കുള്ള ആദ്യ അർധ–അതിവേഗ ട്രെയിനായ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയാത്ര ആഘോഷമാക്കി യാത്രക്കാർ. തണുപ്പിന്റെ ആലസ്യത്തിലും കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെ 7–ാം പ്ലാറ്റ്ഫോമിൽ പുലർച്ചെ 4.30ന് തന്നെ മലയാളത്തിൽ ഡിസ്പ്ലേ ബോർഡുമായി എറണാകുളം വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങിയെത്തി. യാത്രക്കാരും നേരത്തെ തന്നെ എത്തിയിരുന്നു.
സെൽഫിയെടുത്ത് ജെൻ സി കുട്ടികൾ കോച്ചുകളിൽ നിറഞ്ഞപ്പോൾ പ്രായമായവരും മടിച്ചുനിന്നില്ല. മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ യാത്രക്കാരുടെ ഇരിപ്പിടങ്ങളിലെത്തിയപ്പോൾ പലരും വായനയിലേക്ക് വഴിമാറി. യാത്രക്കാർക്കുള്ള പ്രഭാത ഭക്ഷണം കോച്ചുകളിലേക്ക് സുരക്ഷിതമായി കയറ്റുന്ന തിരക്കിലായിരുന്നു കേറ്ററിങ് ജീവനക്കാർ. കൃത്യം 5.10ന് കെഎസ്ആറിൽനിന്ന് പുറപ്പെട്ട ട്രെയിൻ 13 കിലോമീറ്റർ അകലെയുള്ള നഗരത്തിലെ രണ്ടാം സ്റ്റേഷനായ കൃഷ്ണരാജപുരത്ത് 5.23ന് എത്തി. സീറ്റുകളെല്ലാം നിറഞ്ഞു.
ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസിലെ ലോക്കോ പൈലറ്റ് കൊല്ലം ഓച്ചിറ സ്വദേശി അനിൽകുമാർ ( ഇടത്തേ അറ്റം), അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഉജ്വൽ കുമാർ (ബിഹാർ), ബെംഗളൂരു സിറ്റി ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ബി.മനോജ്കുമാർ, സീനിയർ സെക്‌ഷൻ എൻജിനീയർ സഞ്ജീവൻ (തലശ്ശേരി) .
നേരം പുലർന്നപ്പോഴേക്കും ട്രെയിൻ കർണാടക –ആന്ധ്ര അതിർത്തിയായ ബംഗാർപേട്ട് പിന്നിട്ടിരുന്നു. പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി, സാമ്പാർ, ചമന്തി, പൊങ്കൽ, കട്‌ലറ്റ്, ബ്രഡ് ഓംലറ്റ് തുടങ്ങിയവ നൽകി. തിരുപ്പത്തൂരും ജോലാർപേട്ടും പിന്നിട്ട് കൃത്യസമയത്ത് തന്നെ മൂന്നാമത്തെ സ്റ്റേഷനായ സേലത്തെത്തി. ഈറോഡും, തിരുപ്പൂരും, കോയമ്പത്തൂരും പിന്നിട്ട് കേരളത്തിലെ ആദ്യ സ്റ്റേഷനായ പാലക്കാട് എത്തിയതോടെ കുറെപ്പേർ യാത്രപറഞ്ഞ് ഇറങ്ങി. കൃത്യം 1.50ന് തന്നെ വന്ദേഭാരത് എറണാകുളം സൗത്തിലെത്തി.
കുറഞ്ഞ സമയം; സുഖയാത്ര
ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും കുറഞ്ഞ സമയത്തിൽ നാട്ടിലെത്താമെന്ന കാര്യത്തിൽ യാത്രക്കാർക്ക് സന്തോഷം. 638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ എത്തുന്ന വന്ദേഭാരതിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നൽകേണ്ടത്. നിലവിൽ മധ്യ, തെക്കൻ കേരളത്തിലേക്ക് സേലം, കോയമ്പത്തൂർ വഴി പകൽ ബസ് സർവീസുകളില്ല. രാത്രി ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തവർ കേരളത്തിലേക്കുള്ള ഏക പകൽ ട്രെയിനായ കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനെയാണു ആശ്രയിച്ചിരുന്നത്.
ട്രെയിനിൽ കുറഞ്ഞ സമയത്തിൽ നാട്ടിലെത്താൻ ബെംഗളൂരു മലയാളികൾക്ക് വന്ദേഭാരത് സൗകര്യപ്രദമാണ്. കൃത്യസമയം പാലിച്ചു. ഭക്ഷണത്തിൽ ഉൾപ്പെടെ കാര്യമായ പരാതികളില്ല. എക്സിക്യൂട്ടീവ് ചെയർകാറിലെ സീറ്റുകളുടെ ക്രമീകരണം ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ മെച്ചപ്പെടുത്തണം. ബെംഗളൂരു– ചെന്നൈ റൂട്ടിലോടുന്ന വന്ദേഭാരതിലെ എക്സിക്യൂട്ടീവ് കോച്ചുകളാണ് കൂടുതൽ സൗകര്യപ്രദം
ബിനു ദിവാകരൻ (ദേശീയ സീനിയർ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ)
ടിക്കറ്റിന് വൻ ഡിമാൻഡ്
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് ഇന്ന് സർവീസ് നടത്തില്ല. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ കെഎസ്ആർ യാഡിലാണ് നടത്തുന്നത്. നിലവിൽ 8 കോച്ചുകളുള്ള ഒരു റേക്ക് ഉപയോഗിച്ചാണ് ഇരുവശങ്ങളിലേക്കും ഓടുന്നതെങ്കിലും യാത്രക്കാരുടെ തിരക്കേറിയാൽ 20 കോച്ചുകൾ വരെ വർധിപ്പിക്കാൻ സാധിക്കും. ആദ്യ യാത്രയിൽ തന്നെ 600 സീറ്റുകളിലേക്കുള്ള ബുക്കിങ് പൂർത്തിയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാളെ മുതൽ ഞായറാഴ്ച വരെയുള്ള ചെയർകാർ, എക്സിക്യുട്ടീവ് ചെയർകാർ ടിക്കറ്റുകളെല്ലാം വെയ്റ്റ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ അടുത്ത രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകളും വെയ്റ്റ് ലിസ്റ്റിലാണ്. ക്രിസ്മസ്, പുതുവർഷ, അവധി സീസണിലേക്കുള്ള ടിക്കറ്റുകളും തീർന്നു.
ബെംഗളൂരുവിൽ താമസിക്കുന്ന മക്കളുടെ അടുത്തേക്ക് പാലക്കാട്ട് നിന്നും തിരിച്ചും സ്ഥിരമായി ഇന്റർസിറ്റി എക്സ്പ്രസിലാണ് യാത്ര ചെയ്തിരുന്നത്. വന്ദേഭാരതിലെ ആദ്യ യാത്ര മോശമായില്ല. പെട്ടെന്ന് നാട്ടിലേക്ക് പകൽ യാത്ര ചെയ്യേണ്ടവർക്ക് വന്ദേഭാരത് സൗകര്യപ്രദമാകും. സ്ലീപ്പർ ട്രെയിൻ കൂടി വന്നാൽ രാത്രി യാത്രയും സുഖപ്രദമാകും. ശുചിത്വമില്ലായ്മയും സമയം പാലിക്കാത്തതുമാണ് ട്രെയിൻ യാത്രയിൽ നിന്ന് പലരെയും അകറ്റുന്നത്. വന്ദേഭാരത് പോലെയുള്ള ട്രെയിനുകൾ വരുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കും.
ജി. പത്മനാഭൻ (മാരുതിനഗർ)
നടുവൊടിക്കില്ല
ബസിൽ ഏറെസമയം ഇരുന്ന് യാത്ര ചെയ്യാൻ വിഷമിക്കുന്ന പ്രായമായവർക്കു വന്ദേഭാരത് യാത്ര ഏറെ സൗകര്യപ്രദമാണ്. ചെയർകാറിൽ 3+2, എക്സികൂയുട്ടീവ് ചെയർ കാറിൽ 2+2 അനുപാതത്തിലാണ് കുഷ്യൻ സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. എക്സിക്യൂട്ടീവ് ചെയർ കാറിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിക്കാൻ സാധിക്കും. സ്റ്റോപ്പുകൾ അറിയാൻ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, സെൻസർ അധിഷ്ഠിത സ്ലൈഡിങ് ഡോറുകൾ, തീപിടിത്തം തടയുന്നതിന് ഓട്ടമാറ്റിക് ഫയർ സെൻസറുകൾ, സുരക്ഷയ്ക്ക് സിസിടിവി ക്യാമറകൾ, പുറം കാഴ്ചകൾ കാണാൻ വിശാലമായ ഗ്ലാസ് ജനാലകൾ, മോഡുലർ ബയോ ശുചിമുറികൾ, കോച്ചുകളിലെ വായുശുദ്ധീകരണത്തിനു റൂഫ് മൗണ്ടഡ് എയർപ്യൂരിഫിക്കേഷൻ സംവിധാനം എന്നിവയും വന്ദേഭാരതിന്റെ പ്രത്യേകതയാണ്. English Summary:
Bengaluru Ernakulam Vande Bharat Express marks a new chapter in Kerala\“s transportation. This semi-high-speed train connects the IT hub of Bengaluru with Kerala\“s commercial capital, offering a faster and more comfortable travel option. |
|