രാജ്യത്തിന്റെ ജാഗ്രതയ്ക്കുമേലാണ് ഇന്നലെ സന്ധ്യയ്ക്കു ഡൽഹിയിൽ വൻസ്ഫോടനമുണ്ടായത്. ഭരണത്തിന്റെ കേന്ദ്രബിന്ദുവും സുരക്ഷാക്രമീകരണങ്ങളുടെ വൻസന്നാഹങ്ങൾ സദാ സജ്‌ജവുമായ തലസ്ഥാനനഗരത്തിന്റെ ഹൃദയഭാഗമായ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലാണ് കാർ സ്ഫോടനം ഉണ്ടായതെന്നത് സംഭവത്തിന് അതീവ ഗുരുതരമാനം നൽകുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനു തലേന്നാണ് സ്ഫോടനമുണ്ടായതെന്നതും ശ്രദ്ധേയം.
- Also Read ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
സ്ഫോടനം ഭീകരാക്രമണമാവാം, സ്ഫോടക വസ്തുക്കൾ എവിടേക്കെങ്കിലും മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചതാവാം, കാറിലെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം തുടങ്ങി പല സാധ്യതകളാണ് സംഭവമുണ്ടായി മണിക്കൂറുകൾക്കുശേഷവും സൂചിപ്പിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ കാരണം ഇപ്പോൾ പറയുക പ്രയാസകരമാണെന്നും എല്ലാ വശങ്ങളും അന്വേഷിക്കുന്നുവെന്നും അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയശേഷമേ കാരണം തീർച്ചപ്പെടുത്താനാവൂ എന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറയുകയുണ്ടായി.
ഇന്നലെയുണ്ടായത് ആസൂത്രിത ആക്രമണമാണെങ്കിൽ സ്ഫോടനത്തിനു രാജ്യതലസ്ഥാനവും ചെങ്കോട്ടയുടെ പരിസരവും തന്നെ തിരഞ്ഞെടുത്തതിൽ ഭീകരതയുടെ വ്യക്തമായ മുന്നറിയിപ്പു വായിച്ചെടുക്കാം. ഇവിടെത്തന്നെ സ്ഫോടനം നടത്തി രാജ്യത്തെ നടുക്കാൻ തങ്ങൾ പ്രാപ്തരാണെന്ന ഭീകരരുടെ പ്രഖ്യാപനമായും ഈ സംഭവത്തെ കാണാം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിമാർ ദേശീയപതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് ഇന്ത്യയുടെ പരമാധികാരത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമെന്ന പ്രസക്തി കൂടിയുണ്ട്.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
വേണമെന്നുവച്ചാൽ നഗരത്തിൽ പറക്കുന്ന ഈച്ചയെപ്പോലും നിരീക്ഷിക്കാനുള്ള പ്രാപ്‌തിനേടിയെന്നു വിശേഷിപ്പിക്കാവുന്ന സുരക്ഷാ സന്നാഹത്തിന്റെ മൂക്കിൻതുമ്പിലാണ് രാജ്യത്തെ നടുക്കിയ ഉഗ്രസ്ഫോടനമുണ്ടായതെന്നത് കടുത്ത ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ സുരക്ഷാസംവിധാനങ്ങൾ വീണ്ടും പരാജയപ്പെടുന്നുവോ എന്ന ആശങ്കയും ഒപ്പം ഉയരുന്നു. ആഭ്യന്തരസുരക്ഷാ സംവിധാനത്തിലെ അപായകരമായ വിള്ളലുകളിലേക്കും സുരക്ഷാവീഴ്ചകൾക്കു വലിയ വില കൊടുക്കേണ്ടിവരും എന്ന തിരിച്ചറിവിലേക്കും കൂടിയാണ് ഇന്നലെ ജീവൻ പൊലിഞ്ഞവരുടെ ഓർമ നമ്മെ കൊണ്ടുപോകുന്നത്.
- Also Read മൗനനിഴലിൽ മഹാനഗരം: തിരക്കു നിറഞ്ഞ ചെങ്കോട്ട പരിസരത്തും ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ഇന്നലെ നിശ്ശബ്ദത മാത്രം
ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദ്, അൻസർ ഗസ്‌വത്തുൽ ഹിന്ദ് (എജിഎച്ച്) എന്നിവയുമായി ബന്ധമുള്ള 3 ഡോക്ടർമാർ ഉൾപ്പെടെ എട്ടുപേരെ ജമ്മു കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും ഇവരിൽനിന്നു 2900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതും ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവമുള്ളതായി മാറുന്നു. ദേശീയതലസ്ഥാന മേഖലയിൽ ഉൾപ്പെട്ട ഫരീദാബാദിലാണ് പിടിയിലായവരിൽ ഒരു ഡോക്ടർ താമസിച്ചിരുന്നത്. ദീപാവലി ആഘോഷങ്ങൾക്കിടെ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതിന്, ഭീകരബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ രണ്ടാഴ്ച മുൻപ് ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.
സ്‌ഫോടനങ്ങളിൽ മുൻപും പലതവണ വിറകൊണ്ടിട്ടുണ്ട് ഡൽഹി. ഖലിസ്ഥാൻ വാദം ശക്‌തിപ്പെട്ട എൺപതുകളുടെ മധ്യത്തോടെയാണു തലസ്‌ഥാനനഗരം ഭീകരരുടെ പ്രധാന ആക്രമണലക്ഷ്യമായി മാറിയത്. അന്നാളുകളിൽ ട്രാൻസിസ്‌റ്റർ ബോംബുകൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. പിന്നീടും പല ഭീകരാക്രമണങ്ങളെയും ഡൽഹി അഭിമുഖീകരിച്ചിട്ടുണ്ട്. 2005 ഒക്ടോബർ 29നു നഗരത്തിൽ പഹാഡ്ഗഞ്ച്, സരോജിനി നഗർ, ഗോവിന്ദ്പുരി മാർക്കറ്റുകളിൽ നടന്ന വൻ സ്ഫോടനപരമ്പരയിൽ 65 പേരാണു കൊല്ലപ്പെട്ടത്.
- Also Read മൗനനിഴലിൽ മഹാനഗരം: തിരക്കു നിറഞ്ഞ ചെങ്കോട്ട പരിസരത്തും ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ഇന്നലെ നിശ്ശബ്ദത മാത്രം
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമ അത്രമേലാഴമുള്ളൊരു മുറിവായി രാഷ്ട്രത്തെയാകെ വേദനിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡൽഹിയിലെ ഇപ്പോഴത്തെ സ്ഫോടനം. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ആത്മവിശ്വാസത്തിനും ഏകതയ്ക്കും വേണ്ടിയുള്ള ഇച്‌ഛയും നിശ്‌ചയവും നെഞ്ചിലേറ്റി നാം തോളോടുതോൾ ചേർന്നു നിൽക്കണമെന്നും ഭീകരവാദത്തിനെതിരെ സന്ധിയില്ലാസമരം നടത്തണമെന്നും ഓർമിപ്പിക്കുന്നുണ്ട്, ഓരോ ഭീകരാക്രമണവും.
ഇന്നലെയുണ്ടായത് ഭീകരാക്രമണമാണെന്ന് ഇതെഴുതുന്ന വേളയിൽ ഉറപ്പായിട്ടില്ലെങ്കിലും ആ സംശയം പുകഞ്ഞുനിൽക്കുന്നു. അനുമാനങ്ങൾ പറയാൻ മുതിരാതെ, അന്വേഷണത്തിലൂടെയുള്ള സ്ഥിരീകരണത്തിനു കാത്തുനിന്ന് കേന്ദ്ര സർക്കാർ പ്രകടിപ്പിച്ച പക്വത എടുത്തുപറയേണ്ടതുണ്ട്. ഭീകരാക്രമണമാണ് സ്ഥിരീകരിക്കുന്നതെങ്കിൽ, പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുൻപിലെത്തിക്കേണ്ട വലിയ ഉത്തരവാദിത്തമാണു സർക്കാരിനുള്ളത്. അത്രതന്നെ ഭാരിച്ചതും സങ്കീർണവുമാണ് ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുന്നതു തടയുക എന്നതും. ഇന്റലിജൻസ് - സുരക്ഷാസംവിധാനങ്ങളിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയും ആവശ്യമായ പ്രതിവിധികൾ ഉടൻ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഡൽഹിയടക്കം കൂടുതൽ സുരക്ഷിതമാക്കിയും നിരീക്ഷണസംവിധാനങ്ങൾ ശക്തിപ്പെടുത്തിയും നാം കൂടുതൽ സജ്ജമാകുകയുംവേണം. സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമയ്ക്കു മുൻപിൽ രാജ്യമെടുക്കേണ്ട പ്രതിജ്ഞ കൂടിയാണത്. English Summary:
Delhi Blast refers to the explosion in Delhi near the Red Fort, raising concerns about a potential terror attack and security breaches. It highlights the need for strengthened intelligence and security measures to prevent future incidents and safeguard national security. |
|