കൊട്ടാരക്കര ∙ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നു പൊതുചടങ്ങിൽ ആഹ്വാനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയുമായി കോൺഗ്രസ്. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുകയും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. ഇന്നലെ വെട്ടിക്കവലയിൽ ചേർന്ന അടിയന്തര പഞ്ചായത്ത് തല കോൺഗ്രസ് നേതൃയോഗത്തിലാണു നടപടി. കഴിഞ്ഞ ദിവസം നിരപ്പിൽ-തലച്ചിറ റോഡ് ഉദ്ഘാടന വേദിയിലാണ് സംഭവം. ഗണേഷ് കുമാറായിരുന്നു ഉദ്ഘാടകൻ. അദ്ദേഹം വേദിയിലിരിക്കെയാണു യോഗത്തിൽ അധ്യക്ഷത വഹിച്ച തലച്ചിറ അസീസ് പുകഴ്ത്തിയത്.
ഒരു വർഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റാണ് അസീസ്. വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്കു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജി.ഉജ്വലകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. തലച്ചിറ കോൺഗ്രസ് വാർഡ് പ്രസിഡന്റ് സ്ഥാനം ബിജി നാസറിനു കൈമാറി. മൂന്നു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും കത്ത് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അസീസിനെ കോൺഗ്രസിൽ നിന്നു പുറത്താക്കും. മാസങ്ങളായി അസീസ് കോൺഗ്രസ് നേതൃത്വമായി ഇടഞ്ഞു നിൽക്കുകയാണെന്നും കെ.ബി.ഗണേഷ്കുമാറുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നുമാണു പാർട്ടി നേതൃത്വം പറയുന്നത്.
പാർട്ടി നിർദേശം ലംഘിച്ചു വികസനസദസ് നടത്തുകയും മന്ത്രി ഗണേഷ്കുമാറിനെ പങ്കെടുപ്പിച്ചു പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ആളാണ് അസീസ് എന്നും നേതൃത്വം പറയുന്നു. 3 മാസമായി കമ്മിറ്റികളിലും പങ്കെടുക്കുന്നില്ല. റോഡ് ഉദ്ഘാടന ചടങ്ങിൽ ഇത്തരം പ്രഖ്യാപനം ഉണ്ടാകുമെന്ന വിവരം കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നതായും ഇതു കാരണം ഭാരവാഹികൾ വിട്ടു നിന്നതായും മണ്ഡലം പ്രസിഡന്റ് പറഞ്ഞു. ഇന്നലെ നടന്ന കോൺഗ്രസ് യോഗത്തിൽ നേതാക്കളായ സജി യോഹന്നാൻ, ഡി.സജയകുമാർ,എം.പി.സജീവ്, ഗിരിജാരാജ്, ടിജു യോഹന്നാൻ,ബിജി നാസർ എന്നിവർ സംബന്ധിച്ചു. English Summary:
Congress party action was taken against a Panchayat President who publicly supported Minister KB Ganesh Kumar. The president was removed from his position and given a show-cause notice due to his controversial speech at a public event. The party is considering further disciplinary action if his explanation is not satisfactory. |
|