ന്യൂഡൽഹി ∙ ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.യു.സോമശേഖരൻ നായർ (62) ആണു മരിച്ചത്. പ്രാഥമിക പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നതായി സംശയിക്കുന്നുവെന്നും വിശദവിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
ഡൽഹിയിലുള്ള സുഹൃത്തിനു കടമായി നൽകിയ പണം തിരികെ വാങ്ങാനെത്തിയ സോമശേഖരൻ നായർ മാർച്ച് മുതൽ പട്ടേൽ നഗറിൽ ഇയാൾക്കൊപ്പമായിരുന്നു താമസം. 27നു മയൂർവിഹാറിലെ ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെയാണ് ഇന്ത്യാ ഗേറ്റ് പരിസരത്തെത്തിയത്. ഇവിടെ ബോധരഹിതനായി കണ്ടെത്തിയ സോമശേഖരനെ കർത്തവ്യപഥ് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ക്ഷീണം തോന്നി തളർന്നിരുന്നപ്പോൾ അപരിചിതനായ ഒരാൾ വെള്ളം കുടിക്കാൻ നൽകിയെന്നും അതിനു ശേഷം എന്താണു നടന്നതെന്ന് ഓർമയില്ലെന്നുമാണു കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ച പരിചയക്കാരോട് ഇദ്ദേഹം പറഞ്ഞത്.
വിവരമറിഞ്ഞ് ഭാര്യ ജിജിയും സോമശേഖരന്റെ സഹോദരി ഉഷയും ഡൽഹിയിലെത്തി. മക്കൾ: അമൽ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകൾ: ദിവ്യ (കാനഡ). സംസ്കാരം ശനിയാഴ്ച 12നു മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.
സോമശേഖരന്റെ ഭാര്യ ജിജി പറയുന്നത്: സോമശേഖരൻ 2017ൽ സുഹൃത്തിന് 50 ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഏറെക്കാലമായി ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു. ഡൽഹിയിൽ ഉണ്ടെന്നറിഞ്ഞ് പണം തിരികെ വാങ്ങാൻ കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെത്തി. സുഹൃത്തിനൊപ്പമായിരുന്നു താമസം. ദിവസവും വീട്ടിലേക്കു വിളിച്ചിരുന്നു. ആശുപത്രിയിൽ ആണെന്ന വിവരം സുഹൃത്താണു കഴിഞ്ഞ ദിവസം അറിയിച്ചത്. ഉടൻ ഡൽഹിയിലെത്തി. സോമശേഖരന്റെ കയ്യിലുണ്ടായിരുന്ന മുക്കാൽ പവന്റെ വിവാഹ മോതിരം നഷ്ടപ്പെട്ടു. മൊബൈൽ ഫോണും വാച്ചും പഴ്സും പണവും എടിഎം കാർഡുകളും കൈവശം തന്നെയുണ്ടായിരുന്നു. English Summary:
Somasekharan Nair\“s death is currently under investigation after he was found in critical condition near India Gate. He was in Delhi to recover money he had lent to a friend. The police are awaiting the postmortem report for further details. |