search

ബിഇഎം സ്കൂൾ തേങ്ങി; അദിതി.. നീ പാവമായിരുന്നു: 12 വർഷം കഴിഞ്ഞിട്ടും നടുക്കം മാറാതെ തട്ടേക്കാട്ട് തറവാട്

Chikheang 4 hour(s) ago views 925
  

  



തിരുവമ്പാടി ∙ 12 വർഷം മുൻപ് നടന്ന സംഭവങ്ങളുടെ നടുക്കുന്ന ഓർമകളിലാണ് ഇപ്പോഴും താഴെ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലം. ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയും രണ്ടാം ഭാര്യ റംല ബീഗം എന്ന ദേവകി അന്തർജനവും ചേർന്ന് ക്രൂരമായി മർദിച്ച് കൊന്ന അദിതി എസ്.നമ്പൂതിരി എന്ന 6 വയസ്സുകാരിയുടെ ഓർമ ഇപ്പോഴും തറവാട്ടിലെ ആളുകളുടെ മനസ്സിൽ ഉണ്ട്. ആദ്യഭാര്യയുടെ മരണ ശേഷം സുബ്രഹ്മണ്യൻ നമ്പൂതിരി റംല ബീഗത്തെ വിവാഹം ചെയ്തതിൽ തറവാട്ടിലുള്ളവർക്ക് പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് സുബ്രഹ്മണ്യൻ നമ്പൂതിരി റംല ബീഗത്തിന്റെ താൽപര്യ പ്രകാരം ബിലാത്തിക്കുളത്തേക്കു താമസം മാറുകയായിരുന്നു. ആദ്യ ഭാര്യയിൽ ഉണ്ടായിരുന്ന അദിതിയെയും അരുണിനെയും അവർ ഒപ്പം കൂട്ടി. അവിടെ വച്ചുണ്ടായ കൊടിയ മർദനത്തിലാണ് അദിതി കൊല്ലപ്പെടുന്നത്. അന്ന് മൂന്നാംക്ലാസിൽ പഠിച്ചിരുന്ന അരുൺ സുബ്രഹ്മണ്യന്റെ മൊഴിയിലൂടെയാണ് ക്രൂരപീഡനത്തിന്റെ കഥകൾ പുറത്തറിയുന്നത്.   ശിക്ഷിക്കപ്പെട്ട സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും (റംല ബീഗം).

അദിതി ചേതനയറ്റു കിടന്ന ആശുപത്രിയുടെ മൂലയിൽ പേടിച്ചരണ്ടിരിക്കുന്ന 10 വയസ്സുകാരൻ അരുണിനെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പിതൃസഹോദരൻ നാരായണൻ നമ്പൂതിരി തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരിക യായിരുന്നു. പിന്നീട് സുബ്രഹ്മണ്യന്റെ അനുജൻ ഗോവിന്ദൻ നമ്പൂതിരിക്കും അമ്മയ്ക്കും ഒപ്പമാണ് അരുൺ വളർന്നത്. അരുണിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ ജനസമ്പർക്ക പരിപാടിയിൽ ഗോവിന്ദൻ നമ്പൂതിരി കൊണ്ടുവരികയും ഇതിനെ തുടർന്ന് അരുണിനെ സർക്കാർ ദത്ത് എടുക്കുകയും ചെയ്തു. കാരശ്ശേരി ബാങ്ക് അരുണിന് വീട് നിർമിച്ചു കൊടുത്തു. സർക്കാർ സഹായത്തോടെ അരുൺ ഡിഗ്രി പഠനം പൂർത്തിയാക്കി. ഇപ്പോൾ താഴെ തിരുവമ്പാടി കൽപുഴായി ക്ഷേത്രത്തിൽ ശാന്തിക്കാരനാണ്.ഓൺലൈനായി കംപ്യൂട്ടർ കോഴ്സ് ചെയ്യുന്നുമുണ്ട്. ഒരു ജോലി നേടണമെന്നാണ് അരുണിന്റെ ആഗ്രഹം. സഹോദരിയെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ തിരയടിക്കുമ്പോഴും അതൊന്നും വീണ്ടും പങ്ക് വയ്ക്കാൻ അരുണിന് ശക്തിയില്ല.

വീടും സ്ഥലവും നശിക്കുന്നു
അരുൺ 10 വയസ്സുവരെ വളർന്ന വീട് ഇന്ന് അനാഥമായി നശിക്കുകയാണ്. സുബ്രഹ്മണ്യൻ ഈ വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പത്തുക അടയ്ക്കാത്തതിനാൽ വീടും സ്ഥലവും ജപ്തിയിലാണ്. വായ്പ കുടിശികയും നിയമ പ്രശ്നങ്ങളും തീർത്ത് സ്ഥലം ഏറ്റെടുത്താൽ അത് അരുണിന് സഹായമാകുമെന്ന അഭിപ്രായം ബന്ധുക്കൾക്കുണ്ട്.

ബിഇഎം സ്കൂൾ തേങ്ങി; അദിതി.. നീ പാവമായിരുന്നു
കോഴിക്കോട് ∙ ക്ലാസിലെ കുട്ടികളുടെ ആരവം. അതിനിടെ ഇടവേളയുടെ ബെല്ലടിച്ചു. അധ്യാപകർ ക്ലാസിൽ നിന്നു വിശ്രമ മുറിയിലേക്ക് പോയി. മൊബൈൽ ഫോൺ നോക്കിയപ്പോഴാണ് പൂർവ വിദ്യാർഥിനിയായ അദിതി എസ്.നമ്പൂതിരി കൊലക്കേസിലെ കോടതിവിധി അറിഞ്ഞത്. ജീവപര്യന്തം തടവ്. അദിതിയുടെ ഓർമയിൽ ബിലാത്തിക്കുളം ബിഇഎം യുപി സ്കൂൾ നിശ്ശബ്ദമായി. 12 വർഷം മുൻപ് ഈ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അദിതി. 2013 ഏപ്രിൽ 29ന് ആണ് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക അന്തർജനം എന്ന റംലത്ത് ബീഗത്തിന്റെയും ക്രൂര പീഡനത്തിനിരയായി അദിതി മരിച്ചത്. ഇരു പ്രതികളുടെയും പേരിൽ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തി, ഇന്നലെ ജീവപര്യന്തത്തിനു വിധിച്ചു.

ഒന്നാം ക്ലാസിൽ ഇവിടെ ചേർന്ന അദിതി പഠനത്തിലും കളികളിലും തിളങ്ങിയിരുന്നു. പിന്നീട് കുട്ടിക്ക് മാനസികമായി പ്രയാസം ഉള്ളതായി അധ്യാപകർക്ക് മനസ്സിലാക്കി. രണ്ടാം ക്ലാസിലെത്തിയപ്പോഴാണ് ഇടയ്ക്കിടെ സ്കൂളിൽ എത്താതെയായതെന്ന് അധ്യാപകർ ഓർക്കുന്നു. പിന്നീട് കുട്ടിയുടെ വീട്ടുകാരുമായി അധ്യാപകർ സംസാരിച്ചു. കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്നായിരുന്നു മറുപടി. അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടും മർദിച്ചും നരകയാതന അനുഭവിക്കുകയായിരുന്നു അദിതി. സ്വകാര്യഭാഗം ചൂടുവെള്ളം ഒഴിച്ചു പൊള്ളിയ നിലയിലായിരുന്നു. ചവിട്ട് ഏറ്റതിന്റെയും തൊഴിച്ചതിന്റെയും പാടുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു. സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യയും അദിതിയുടെ അമ്മയുമായ ശ്രീജ മരിച്ചു 6 മാസം കഴിഞ്ഞാണ് ദേവികയെ സുബ്രഹ്മണ്യൻ വിവാഹം ചെയ്തത്. ഈസ്റ്റ്ഹിൽ ബിഇഎം യുപി സ്കൂളിൽ അദിതിയുടെ മൃതദേഹം പൊതുദർശനത്തിനു എത്തിച്ചപ്പോൾ സ്കൂൾ അങ്കണം മാത്രമല്ല, ഒരു നാടു മുഴുവൻ കുട്ടിയുടെ വേർപാടിന്റെ തേങ്ങൽ നെഞ്ചേറ്റുകയായിരുന്നു.

പ്രതികൾ പിടിയിലായത് ബസ് യാത്രയ്ക്കിടെ
കോഴിക്കോട് ∙ ഒളിവിലുള്ള പ്രതികളെ പിടികൂടിയത് സ്ഥലം ഈടു വച്ച വായ്പ സ്വകാര്യ ബാങ്കിൽ തിരിച്ചടയ്ക്കാൻ പോകും വഴിയിൽ. ബുധനാഴ്ച വൈകിട്ട് പാലക്കാട് മങ്കരയിൽ നിന്നാണ് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയും രണ്ടാനമ്മ ദേവിക അന്തർജനം എന്ന റംലത്ത് ബീഗവും തിരുവമ്പാടിയിലേക്ക് യാത്ര പുറപ്പെട്ടത്. പൊലീസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു സുബ്രഹ്മണ്യൻ. നിരന്തരം തിരുവമ്പാടിയിലെ ഒരു മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടുന്നതായി നടക്കാവ് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. തിരുവമ്പാടിയിൽ അന്വേഷിച്ചപ്പോൾ സുബ്രഹ്മണ്യന്റെ സ്ഥലം വീണ്ടെടുക്കാൻ ബാങ്കിൽ എത്തുമെന്ന വിവരം ലഭിച്ചു. ഫോൺ ബന്ധുവിന്റേതാണെന്നും കണ്ടെത്തി. ഈ നമ്പർ നിരീക്ഷിക്കുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ ബസിൽ വരുന്ന വിവരം ലഭിച്ചത്. പൊലീസ് സംഘം മലപ്പുറം മുതൽ പിന്തുടരുകയായിരുന്നു. രാമനാട്ടുകര ജില്ലാ അതിർത്തിയിൽ നിന്ന് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത ശേഷം പുലർച്ചയോടെ ഹൈക്കോടതിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. English Summary:
Adithi S. Namboothiri murder case highlights the tragic death of a 6-year-old girl due to severe abuse. The article delves into the past events surrounding the case and its aftermath, focusing on the life of her brother and the current state of their former home.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361