LHC0088 • 10 hour(s) ago • views 800
ഇളകൊള്ളൂർ ∙ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ ശ്രമം നടത്തിയത് ഒരു മാസത്തിനിടെ രണ്ട് തവണ. ഈ മാസം രണ്ടിന് രാത്രിയിലാണ് ആദ്യ ശ്രമം നടന്നത്. സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഒഴിച്ചു. പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു. 2 ലക്ഷം രൂപ ചെലവഴിച്ച് പണികൾ ചെയ്തു ടെസ്റ്റിങ് നടത്തുകയും ചെയ്തു. എന്നാൽ, 25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.
ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. ബസുമായി സംസ്ഥാന പാതയിലേക്ക് ഇറങ്ങി നിയന്ത്രണം നഷ്ടപ്പെട്ടാൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആദ്യം ബസിനു നേരെയുണ്ടായ സംഭവം സ്കൂൾ അധികൃതർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം കോന്നി പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തില്ല.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് ചേർന്ന് വിവരം എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതിനും ശേഷമാണ് ഡിവൈഎസ്പി ഉൾപ്പെടെ സ്കൂളിലെത്തി അന്വേഷണം നടത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്ത ശേഷമാണ് കേസെടുക്കുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാൽ പരിസരങ്ങളിലെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. സ്കൂൾ വാഹനത്തിന്റെ യന്ത്ര ഭാഗങ്ങൾ നശിപ്പിച്ചത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ക്രിമിനൽ കുറ്റവും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നടപടി ഉണ്ടാകാത്ത പക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് പഞ്ചായത്തംഗം എം.കെ.മനോജ് അറിയിച്ചു. English Summary:
School bus sabotage incidents are alarming and necessitate immediate action. An intentional attempt to damage a school bus at St. George High School, involving tampering with the power steering system, endangered the lives of students and requires a thorough investigation by the police. |
|