പാലക്കാട് ∙ അപൂർവ ഇനത്തിൽപെട്ട ‘പമ്പരക്കാട’ പക്ഷിയെ (റെഡ് നെക്ഡ് ഫലറോപ്) ജില്ലയിൽ ആദ്യമായി കണ്ടെത്തി. പക്ഷി നിരീക്ഷകനായ നോവൽ കുമാറാണ് മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിൽ നിന്നു പമ്പരക്കാടയെ കണ്ടെത്തിയത്. പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങൾ ആയ രവി കാവുങ്ങൽ, വിവേക് സുധാകരൻ എന്നിവരും പക്ഷി നിരീക്ഷകസംഘത്തിൽ ഉണ്ടായിരുന്നു. പക്ഷികളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് പ്ലാറ്റ്ഫോമിലെ കണക്കനുസരിച്ച് ജില്ലയിൽ കണ്ടെത്തുന്ന 422–ാം പക്ഷി ഇനമാണ് പമ്പരക്കാട.
- Also Read ‘പീലി’ വിടർത്തട്ടെ, അരുണിന്റെ സ്വപ്നം; മിന്നൽ പ്രളയം തകർത്ത കുടുംബത്തിൽ കളിചിരിയുമായി ഒരു കുഞ്ഞ്
കടൽത്തീരത്തു നിന്നു മാറി ഉൾനാടുകളിൽ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. 2023ൽ കോയമ്പത്തൂർ ഭാഗത്തും ഇവയെ കണ്ടെത്തിയിരുന്നു. പ്രത്യേക കാലാവസ്ഥയും മഴയുമാവാം ഇവിടേക്കെത്താൻ കാരണമായതെന്നും പക്ഷി നിരീക്ഷകസംഘം പറഞ്ഞു. പാലക്കാട്ടെ ഉൾനാടൻ പാടശേഖരങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. ആറായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുള്ളവയാണു പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്കു കഴിയും. വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ജലോപരിതലത്തിൽ വച്ചാണ് ഇവ ഭക്ഷണമാക്കുന്നത്. പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്കു പമ്പരക്കാട എന്നു പേരു വന്നത്.
വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു. ശൈത്യകാലത്ത് ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ തീരത്തെത്തുന്നത്. യുറേഷ്യയിൽ നിന്ന് അറേബ്യൻ സമുദ്രത്തിലേക്കു പറന്നാണ് ഇവയുടെ ദേശാടനം. ശരാശരി 18 സെന്റിമീറ്ററോളം നീളം വരുന്ന ഇവയുടെ പെൺപക്ഷികൾക്കാണ് ആൺപക്ഷികളെക്കാൾ സൗന്ദര്യമെന്നതും പമ്പരക്കാടകളുടെ പ്രത്യേകതയാണ്.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
First-Time Sighting: Red-necked Phalarope, a rare bird species, has been sighted in Palakkad district for the first time. This finding highlights the biodiversity significance of Palakkad\“s inland paddy fields and contributes to the region\“s ecological importance, emphasizing the need for further conservation efforts. |