ന്യൂഡൽഹി/കൽപറ്റ ∙ വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ തുടർ സഹായ ധനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഇതുൾപ്പെടെ ഒൻപതു സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ ധനസഹായത്തിനാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ബുധനാഴ്ച ഡൽഹിയിൽ ചേർന്ന ഉന്നതതല സമിതി അംഗീകാരം നൽകിയത്.
വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് സഹായധനമല്ല ഉപാധികളോടു കൂടിയ വായ്പയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടിനെ കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് 526 കോടി രൂപയാണ് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്നും ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല മറിച്ച് വായ്പയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദേശീയ ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 2262 കോടി രൂപയുടെ മെമ്മോറാണ്ടം സമർപ്പിച്ചു. 260.65 കോടി രൂപയുടെ ധനസഹായം കേന്ദ്രം അനുവദിച്ചെങ്കിലും തുക കിട്ടിയിട്ടില്ലെന്നും ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അസം, കേരളം, മധ്യ പ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ, ചത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ധനസഹായം ലഭിക്കുക. യോഗത്തിൽ കേന്ദ്ര ധനമന്ത്രി, കൃഷി മന്ത്രി, നിതി ആയോഗ് ഉപാധ്യക്ഷൻ എന്നിവരും പങ്കെടുത്തു. കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്നാകും ഈ സഹായം സംസ്ഥാനങ്ങൾക്ക് നൽകുക. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 11 നഗരങ്ങൾക്ക് പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട ധനസഹായമായി 2,444.42 കോടി രൂപ നൽകുന്നതിനും യോഗം അംഗീകാരം നൽകി. English Summary:
Wayanad Landslide Rehabilitation: Wayanad flood relief receives additional funding from the central government. The central government has approved ₹260.56 crore for rehabilitation efforts related to the Churalmala-Mundakkai landslide disaster in Wayanad, along with ₹4645.60 crore for nine states. |