തിരുവനന്തപുരം∙ എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘കേരളത്തിൽ ഫലപ്രദമായി ഫോം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മിഷൻ പറയുന്നത്. എത്രത്തോളം നിയമയുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകും’’ – എം.വി.ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
- Also Read ‘യൂണിഫോമിലെ നക്ഷത്രവും സിപിഎമ്മിന്റെ കൊടിയിലെ നക്ഷത്രവും ചിലർക്ക് ഒരുപോലെ, അങ്ങനെയല്ലെന്ന് വൈകാതെ മനസ്സിലാകും’
തദ്ദേശതിരഞ്ഞെടുപ്പിനിടെ എസ്ഐആറിനായി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിനു കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4നാണ് എസ്ഐആർ പൂർത്തിയാക്കേണ്ടത്. തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ അറിയിച്ചിരുന്നു. English Summary:
MV Govindan\“s Stand on SIR: CPM State Secretary M.V. Govindan stated they will approach the Supreme Court against SIR, alleging deliberate voter removal attempts using the Election Commission. He mentioned the inability to effectively distribute forms in Kerala and their readiness to pursue legal battles as much as possible. |