കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടൻ അമിത് ചക്കാലയ്ക്കലിന് കോയമ്പത്തൂർ ഗ്യാങ്ങുമായുള്ള ബന്ധം പരിശോധിച്ച് കസ്റ്റംസ്. ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 8 വാഹനങ്ങളാണ് അമിത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. എന്നാൽ തന്റേത് ഒരു വാഹനം മാത്രമേയുള്ളൂ എന്നും ബാക്കിയുള്ളവ തന്റെ ഗാരേജിൽ വിവിധ മോടിപിടിപ്പിക്കലുകൾക്കായി കൊണ്ടുവന്നവയാണെന്നുമാണ് അമിത്തിന്റെ നിലപാട്.
ഭൂട്ടാനിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നു ഭൂട്ടാൻ വഴിയും ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന സംഘങ്ങളിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെ കഴിഞ്ഞ വർഷം നവംബറിൽ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് അമിത്തിന്റെ ഗാരേജിലടക്കം പരിശോധന നടത്തുകയും വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി അമിത്തിനെ ഇന്നും കസ്റ്റംസ് വിളിച്ചു വരുത്തിയിരുന്നു. ഒപ്പം, വാഹനങ്ങൾ അമിത്തിനെ ഏൽപ്പിച്ച 3 വാഹനങ്ങളുടെ ഉടമകളും കസ്റ്റംസിനു മുൻപാകെ ഹാജരായി. അതിനിടെ, കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ ടൊയോട്ട ലാൻഡ് ക്രൂസറിന്റെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി നാളെ കസ്റ്റംസിനു മുൻപാകെ ഹാജരായേക്കും.
കഴിഞ്ഞ നവംബറിൽ തന്റെ ഗാരേജ് കസ്റ്റംസ് പരിശോധിച്ചിരുന്നു എന്ന് അമിത്ത് തന്നെയാണ് വെളിപ്പെടുത്തിയത്. കോയമ്പത്തൂരിലെ സംഘത്തെ പിടികൂടിയ കാര്യവും അമിത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. താൻ ഈ സംഘത്തിന്റെ പക്കൽ നിന്ന് വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വാങ്ങിയിരുന്ന കാര്യം കസ്റ്റംസിന് അറിയാമായിരുന്നു എന്നും അക്കാര്യം തന്നോട് ചോദിച്ചെന്നും അദ്ദേഹം പറയുന്നു. തന്റെ പക്കലെത്തുന്ന പല വാഹനങ്ങളും 20–30 കൊല്ലം പഴക്കമുള്ളവയാണ്. അവയ്ക്കുള്ള പല ഉപകരണങ്ങളും എല്ലായിടത്തും ലഭ്യമല്ല. ഇത്തരം ജോലികൾ ചെയ്യുന്ന പലരും കോയമ്പത്തൂർ പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സ്പെയർപാർട്സുകൾ വാങ്ങുന്നത്. അക്കാര്യം താൻ കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു എന്നും അമിത് പറയുന്നു. എന്നാൽ അമിത്തിന്റെ ഗാരേജിൽ നിന്നു പിടിച്ചെടുത്ത വാഹനങ്ങളെല്ലാം കസ്റ്റംസിന്റെ റഡാറിൽ ഉണ്ടായിരുന്നവയാണ് എന്നതാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. Kerala IPS Transfer, Yogesh Gupta Transfer, Road Safety Commissioner Kerala, Fire and Rescue Services Kerala, Kerala Police Transfers, Malayala Manorama Online News, Kerala Government News, IPS Officer Transfer News, Kerala Police Department, വിജിലൻസ് അന്വേഷണം, Kerala Police latest news, Kerala Police officer transfer, Kerala Government decisions, Government actions in Kerala, കേരള പോലീസ്
കഴിഞ്ഞ ഒരു വർഷമായി, ഇപ്പോൾ പിടിച്ചെടുത്തതു പോലുള്ള വാഹനങ്ങൾ ലഭ്യമാണെന്നു കാണിച്ച് സമൂഹ മാധ്യമങ്ങളിലടക്കം പരസ്യങ്ങൾ ധാരാളമായി കാണുന്നുണ്ടെന്നും അത് അസാധാരണമായി തോന്നിയെന്നും അമിത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 10 ദിവസമാണ് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നൽകിയിരിക്കുന്നത്. താൻ ഉപയോഗിക്കുന്ന വാഹനം 1999 റജിസ്ട്രേഷനാണെന്നും ലഭ്യമായ എല്ലാ രേഖകളും കസ്റ്റംസിനു നൽകിയെന്നും അമിത് പറയുന്നു. അതേ സമയം, അമിത്തും കോയമ്പത്തൂർ സംഘവുമായുള്ള പണമിടപാടുകൾ അടക്കം കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും എന്നാണ് വിവരം. അമിതിനെ കാറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ വാഹനങ്ങൾ ഏൽപ്പിച്ചവർ നൽകിയ രേഖകളും പരിശോധനയിലുണ്ട്. ഇന്ന് പുതിയ വാഹനങ്ങളൊന്നും കസ്റ്റംസ് പിടികൂടിയിട്ടില്ല. ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചു വരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ അരുണാചൽ പ്രദേശ് റജിസ്ട്രേഷനുള്ള ലാന്‍ഡ് ക്രൂസർ ഭൂട്ടാൻ വാഹനക്കടത്തിൽ നിർണായക വിവരം തരുമെന്നുമാണ് കസ്റ്റംസ് കരുതുന്നത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം AmithChakalakkalalactor എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Bhutan Car Smuggling: Amith Chakalakkal is under customs investigation regarding a Bhutan car smuggling case and his potential links to a Coimbatore gang. |