cy520520 • 2025-10-10 22:21:00 • views 1036
തിരുവനന്തപുരം∙ ശബരിമല ശ്രീകോവില്‍ നട അടയ്ക്കുമ്പോള്‍ അയ്യപ്പനെ യോഗനിദ്രയില്‍ അണിയിക്കുന്ന യോഗദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണികളുടെ ചുമതല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മന് നല്‍കിയത് വിവാദമാകുന്നു. ഇത് എന്ത് നടപടി ക്രമത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് അവിടെ കാര്യങ്ങള്‍ നടന്നിരുന്നത് എന്നതിന്റെ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- Also Read ‘സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന നടന്നു, ദേവസ്വം ബോർഡിന് വീഴ്ചയില്ല; കുറ്റം ചെയ്തവരെല്ലാം പെടും’
2019ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്കു തൊട്ടുമുന്‍പാണ് യോഗദണ്ഡിന്റെ അറ്റകുറ്റപ്പണിയും നടന്നത്. നട തുറന്നിരിക്കുന്ന സമയത്ത് തിരുവാഭരണം കമ്മിഷണറുടെ മേല്‍നോട്ടത്തിലും ജയശങ്കര്‍ പത്മന്റെ പൂര്‍ണ ഉത്തരവാദിത്തത്തിലും ചുമതലയിലും നല്ല സ്വര്‍ണം ഉപയോഗിച്ച് യോഗദണ്ഡും രുദ്രാക്ഷമാലയും സ്വര്‍ണം കെട്ടി പണി പൂര്‍ത്തീകരിച്ച് നല്‍കാന്‍ അനുമതി നല്‍കിയാണ് ദേവസ്വം സെക്രട്ടറി 2019 മാര്‍ച്ച് 16ന് ഉത്തരവിറക്കിയത്. യോഗദണ്ഡും മാലയും അഴുക്കുപിടിച്ചതിനാല്‍ തന്ത്രിയാണ് അറ്റകുറ്റപ്പണി നിര്‍ദേശിച്ചതെന്നും അതിനെ തുടര്‍ന്ന് മകന്‍ സ്വമേധയാ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നുമാണ് പത്മകുമാര്‍ പ്രതികരിച്ചത്.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്ത് പന്തളം കൊട്ടാരം സമര്‍പ്പിച്ചതാണു യോഗദണ്ഡ്. ഹരിവരാസനത്തിനു ശേഷം അയ്യപ്പന്‍ നിദ്രയിലേക്കു പ്രവേശിക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ചുവരുന്നു. തുടര്‍ന്ന് ഭസ്മാഭിഷേകം ചെയ്താണ് യോഗനിദ്രാവസ്ഥയിലേക്കു കടക്കുന്നത്. 2019 മാര്‍ച്ച് 16ലെ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണ് സ്വര്‍ണം ചുറ്റാന്‍ യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തെടുത്തത്. സ്വര്‍ണപ്പണിക്കാര്‍ യോഗദണ്ഡിലെ സ്വര്‍ണച്ചുറ്റുകള്‍ തൂക്കി 19.2 ഗ്രാം സ്വര്‍ണമെന്നു തിട്ടപ്പെടുത്തി.
പിന്നീട് 44.54 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് 18 സ്വര്‍ണച്ചുറ്റുകളും അടിഭാഗത്ത് സ്വര്‍ണക്കപ്പും തീര്‍ത്തു. രുദ്രാക്ഷമാലകള്‍ പുളിഞ്ചിക്കായ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയതായും 2019 ഏപ്രില്‍ 14നു തയാറാക്കിയ മഹസര്‍ വ്യക്തമാക്കുന്നു. സ്വര്‍ണപ്പാളി വിവാദത്തില്‍ സസ്‌പെന്‍ഷനിലായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു, വിരമിച്ച എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാര്‍, തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ മഹസറില്‍ ഒപ്പുവച്ചിട്ടുണ്ട്. English Summary:
Sabarimala controversy: Yoga Danda controversy surrounds the Travancore Devaswom Board\“s decision to assign repair work of the Yoga Danda and Rudraksha to A. Padmakumar\“s son. |
|