എടത്വ ∙ പശ്ചിമേഷ്യയിലെ യുദ്ധം ലോകമാകെ ബാധിച്ചു തുടങ്ങിയതേയുള്ളെങ്കിലും കുട്ടനാട്ടിലെ കാർഷിക മേഖലയിൽ അത് ഇതിനോടകം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രൂഡ് ഓയിൽ വില വർധിക്കുന്നതോടെ നാട്ടിലും പെട്രോൾ, ഡീസൽ വില ഉയരുമെന്ന ആശങ്കയിൽ കൊയ്ത്ത് യന്ത്രത്തിന്റെ ഇടനിലക്കാർ കൊയ്തു കൊടുക്കുന്നതിനായി മുൻകൂട്ടി കരാർ വയ്ക്കാൻ മടിക്കുകയാണ്. ഇതോടെ സമയത്ത് കൊയ്ത്തു നടത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം രൂപപ്പെട്ടതാണ് കർഷകരെ വലയ്ക്കുന്നത്. എണ്ണ വില വർധന ഉണ്ടായാൽ പുഞ്ചക്കൃഷിയുടെ കൊയ്ത്തിനെയും നെല്ലു സംഭരണത്തെയും അത് കാര്യമായി ബാധിക്കാൻ സാധ്യതയാണ് ഇതോടെ സംജാതമായിരിക്കുന്നത്.
ഒരു മണിക്കൂർ കൊയ്യുന്നതിന്റെ കൂലി നിലവിൽ 2100 രൂപയും, വള്ളത്തിൽ കയറ്റി ഇറക്കുന്നതിന് 2200 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പെട്രോളിനും, ഡീസലിനും ഇപ്പോഴത്തെ വില കണക്കാക്കിയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയിൽ ഒരേക്കർ കുറഞ്ഞത് ഒന്നര മണിക്കൂർ കൊണ്ടാണ് കൊയ്ത്തു നടത്തുന്നത്. കാലാവസ്ഥ മാറിയാൽ അതിൽ കൂടുതൽ സമയം വേണ്ടി വരും. പല പാടശേഖരങ്ങളിലും ക്വട്ടേഷൻ നൽകിയാണ് മില്ലുകാരുമായി ധാരണയിൽ ആകുന്നത്. പലപ്പോഴും നിലവിലുള്ളതിലും കുറഞ്ഞ നിരക്കിൽ ആണ് കരാർ എടുക്കുന്നത്.
എണ്ണവില വർധന ഉണ്ടായാൽ കരാറിൽ പറഞ്ഞിരിക്കുന്ന തുകയ്ക്ക് കൊയ്തു കൊടുക്കാൻ സാധിക്കാതെ വരും. അത് അവസാനം തർക്കത്തിൽ എത്തുകയും കൊയ്ത്തിനെ ബാധിക്കുകയും ചെയ്യും. അതു കൊണ്ടാണ് ആഴ്ചകൾ കഴിഞ്ഞുള്ള കൊയ്ത്തിന് കരാർ വയ്ക്കാൻ ഇടനിലക്കാർ മടിക്കുന്നത്. നല്ലൊരു പങ്ക് പാടശേഖരത്തും വലിയ ലോറി എത്താത്തതിനാൽ ചെറിയ വാഹനങ്ങൾ കൂലിക്ക് എടുത്താണ് നെല്ല് പ്രധാന പാതയിൽ എത്തിക്കുന്നത്. എണ്ണ വില വർധന ഉണ്ടായാൽ കൂലി ചെലവിനൊപ്പം വണ്ടിക്കൂലിയും വർധിക്കും. ഇപ്പോൾ തന്നെ ചെലവിന് ആനുപാതികമായി വില ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും യുദ്ധം മുറുകിയാൽ തങ്ങളുടെ സ്ഥിതി വലിയ പ്രതിസന്ധിയിലാകുമെന്നും കർഷകർ പറയുന്നു.
English Summary:
Iran War: West Asia war is already creating a severe crisis in Kuttanad\“s agricultural sector, impacting paddy harvest schedules. Rising crude oil prices are making intermediaries hesitant to sign advance contracts for harvest machinery, leading to uncertainty for farmers. |