പനയാൽ ∙ മതിൽ നിർമാണത്തിനായി മണ്ണുനീക്കുന്നതിനിടെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. പള്ളിക്കര പഞ്ചായത്തിലെ പനയാൽ കളിങ്ങോത്ത് മീത്തൽവീട് കൂക്കൾ തറവാടിനു സമീപം എം.മധുസൂദനൻ നമ്പ്യാർ, എം.പാർവതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ മണ്ണു നീക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. മഹാശിലാ സംസ്കാര കാലഘട്ടത്തിലാണ് ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്ത് ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം അധ്യാപകനും ചരിത്രഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത് ഗുഹ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചു.ചെങ്കൽപാറ തുരന്ന് നിർമിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം കല്ലുകൊണ്ട് അടച്ചുവച്ച നിലയിലായിരുന്നു. മുകൾഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്ക്കാവുന്ന വിധത്തിൽ, ഒരാൾക്ക് ഗുഹയിലേക്ക് ഇറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. ദ്വാരം അടച്ചു വയ്ക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള മൂടി മണ്ണ് നീക്കുന്നതിനിടയിൽ പൊട്ടിപ്പോയിരുന്നു. ചെങ്കല്ലറയുടെ ഉൾഭാഗത്ത് മണ്ണ് നിറഞ്ഞതിനാൽ മൺപാത്രങ്ങൾ കാണാനാകുന്നില്ല. ചെങ്കല്ലറ സംരക്ഷിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു. English Summary:
An ancient megalithic burial site, estimated to be around two thousand years old, has been discovered in Panayal, Kerala, during excavation for wall construction. This significant archaeological find offers valuable insights into the megalithic culture of the region. |