LHC0088 • 1 hour(s) ago • views 792
ചെറുവണ്ണൂർ ∙ നല്ലളത്ത് കാർ നിയന്ത്രണംവിട്ടു ലോറിയിലിടിച്ചു 4 യുവാക്കൾക്കു ദാരുണാന്ത്യം. സുഹൃത്തുക്കളും ഫാറൂഖ് കോളജ് സ്വദേശികളുമായ മേലേവാരം അമ്പാടിയിൽ കളിപ്പറമ്പിൽ കെ.അജീഷ് (മുത്തു–35), പാറപ്പുറവൻ ശ്യാംലാൽ (വാവുട്ടി–33), നന്മയിൽ കളിപ്പറമ്പിൽ വിമൽകുമാർ (36), രാമനാട്ടുകര സേവാമന്ദിരം സ്കൂളിനു സമീപം പരിയാപുരത്ത് ദിനിൽ (31) എന്നിവരാണു മരിച്ചത്. കാർ ഓടിച്ച, പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിനിനെ (33) ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച അജീഷ്, ശ്യാംലാൽ, വിമൽ കുമാർ, ദിനിൽ
രാമനാട്ടുകര – കോഴിക്കോട് സംസ്ഥാന പാതയിൽ പികെ സ്റ്റീലിനു സമീപം ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. തിരൂരിൽനിന്നു കണ്ണൂരിലേക്കു ചെങ്കല്ല് കയറ്റാൻ പുറപ്പെട്ട ലോറിയിലാണു കാറിടിച്ചത്. ലോറി ഡ്രൈവർ ഉസ്മാൻകുട്ടിക്കു നിസ്സാര പരുക്കുണ്ട്.
ഫാറൂഖ് കോളജിനു സമീപത്തെ കോട്ടശ്ശാലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു യുവാക്കൾ. നല്ലളം പികെ സ്റ്റീലിനു മുന്നിലെ വളവിൽ നിയന്ത്രണംവിട്ട കാർ എതിർദിശയിലേക്കു പാഞ്ഞു ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ദിനിലിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കാർ വെട്ടിപ്പൊളിച്ചാണു മറ്റു നാലു പേരെയും പുറത്തെടുത്തത്. ADVERTISEMENT Go AD-FREE
അജീഷ്, വിമൽകുമാർ, ദിനിൽ എന്നിവരുടെ സംസ്കാരം നടത്തി. ശ്യാംലാലിന്റെ സംസ്കാരം പിന്നീട്. അമ്പാടി കളിപ്പറമ്പിൽ പരേതനായ ഗോപിയുടെ മകനാണ് അജീഷ്. അമ്മ: കമല. സഹോദരങ്ങൾ: ലിനീഷ്, രാജേഷ്, ബിജേഷ്. പാറപ്പുറവൻ പ്രഭുവാണ് ശ്യാംലാലിന്റെ അച്ഛൻ. അമ്മ: വസന്ത. ഭാര്യ: സ്വാതി. സഹോദരങ്ങൾ: പ്രസുലാൽ (കാനഡ), വർഷ. പരേതനായ കളിപ്പറമ്പിൽ നാരായണന്റെ മകനാണു വിമൽകുമാർ. അമ്മ: തങ്ക. സഹോദരങ്ങൾ: വിനയകുമാർ, വിനോദ്, വിജേഷ്. രാമനാട്ടുകര പരിയാപുരത്ത് ദിവാകരന്റെ മകനാണ് ദിനിൽ. അമ്മ: വിനോദിനി, സഹോദരങ്ങൾ: ദിവ്യ, ദിവിൻ. കോഴിക്കോട് ചെറുവണ്ണൂർ നല്ലളത്ത് അപകടമുണ്ടായ വളവിൽ പൊലീസ് താൽക്കാലിക ഡിവൈഡർ സ്ഥാപിക്കുന്നു. ചിത്രം: മനോരമ
ബ്ലാക്ക് സ്പോട്ടിൽ വീണ്ടും അപകടം
പഴയ ദേശീയപാതയുടെ ഭാഗമായിരുന്ന ഈ റോഡിൽ ഒരു കാലത്ത് നല്ലളം മോഡേൺ ബസാറിലും അരീക്കാട്ടും അപകടങ്ങൾ തുടർക്കഥയായിരുന്നു. അക്കാലത്ത് ‘ബ്ലാക്ക് സ്പോട്ട്’ ആയി പ്രഖ്യാപിച്ച ഭാഗത്താണ് ഇന്നലെയും അപകടമുണ്ടായത്. വീതി കൂടിയ റോഡിലെ വളവിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത്. കോൺക്രീറ്റ് ഡിവൈഡർ വച്ചാൽ അപകടം കൂടുമെന്ന വിദഗ്ധ നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇവിടെ ഡിവൈഡർ ഉണ്ടായിരുന്നെങ്കിൽ മധ്യവര മറികടന്നുള്ള അപകടങ്ങൾ കുറയ്ക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടകരമായ വളവിന്റെ ഒരു വശത്ത് ടേക്ക് എ ബ്രേക്ക് തുടങ്ങിയതിനെതിരെയും നാട്ടുകാർ പരാതി ഉയർത്തിയിട്ടുണ്ട്.
3 സെക്കൻഡ്; കണ്ണീരോർമയായി 4 കൂട്ടുകാർ
ചെറുവണ്ണൂർ ∙ മൂന്നേ മൂന്നു സെക്കൻഡ്. നാട്ടിലെ ക്ഷേത്രത്തിലെ തിറയാട്ട ഉത്സവത്തിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ നാലു കൂട്ടുകാരുടെ ജീവൻ റോഡിൽ പൊലിഞ്ഞത് മിന്നൽ വേഗത്തിൽ. ഒരു നാടിനെ ഒന്നടങ്കം നടുക്കിയ അപകടത്തിനാണ് ഇന്നലെ നല്ലളം–അരീക്കാട് മേഖല സാക്ഷിയായത്. ഇന്നലെ പുലർച്ചെ 3.25ന് ആണ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. നല്ലളം കെഎസ്ഇബി സബ് സ്റ്റേഷനു സമീപത്തെ ടേക്ക് എ ബ്രേക്ക് കടയായ വീ ബ്രേക്കിനു മുന്നിലെ വളവിലാണ് അപകടമുണ്ടായത്. ADVERTISEMENT Go AD-FREE
മീഞ്ചന്ത ഭാഗത്തുനിന്നു വന്ന കാർ അമിത വേഗത്തിൽ റോഡിന്റെ മധ്യവര മറികടന്ന് എതിർവശത്തെ കടയുടെ മുന്നിലേക്കു കുതിക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം. റോഡിന്റെ എതിർവശത്തുനിന്നു വന്ന ലോറിയുടെ ഇടതു വശത്തേക്കാണ് കാർ ഇടിച്ചുകയറിയത്. വീ പാർക്കിനു മുന്നിലെ അരമതിലിനും ലോറിയുടെ മുൻവശത്തുമാണു കാർ കുടുങ്ങിക്കിടന്നത്. 3 സെക്കൻഡു കൊണ്ട് കാർ തവിടുപൊടിയായി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻവശം ഉയർന്നു പൊങ്ങുകയും ലോറി ഒന്നടങ്കം തിരിഞ്ഞ് റോഡിനു കുറുകെ വന്നുനിൽക്കുകയും ചെയ്തു.
ഈ കാറിനു തൊട്ടു പിന്നിലുണ്ടായിരുന്ന കാർ നിർത്തി അതിലുള്ളവരാണ് ആദ്യം ഓടിയെത്തിയത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടു. തുടർന്നു മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നൽകിയ വിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ, സീനിയർ ഫയർ റെസ്ക്യു ഓഫിസർ പി.എം.ബിജേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് അംഗങ്ങളും നല്ലളം പൊലീസും ചേർന്നാണ് ഹൈഡ്രോളിക് ഉപകരണങ്ങളും കട്ടർ, സ്പെഡർ എന്നിവയും ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചത്. ക്രെയിൻ എത്തിച്ച് ലോറി നീക്കി. ഒരു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. നല്ലളത്ത് അപകടമുണ്ടായ സ്ഥലത്ത് കമ്മിഷണർ ജി.ജയ്ദേവിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ.
താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു
ചെറുവണ്ണൂർ ∙ നാലു ജീവനുകൾ പൊലിഞ്ഞ വാഹനാപകടത്തിനു പിന്നാലെ നല്ലളം പികെ സ്റ്റീലിനു സമീപം സംസ്ഥാനപാതയിലെ വളവിൽ താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു. രാവിലെ അപകടസ്ഥലം സന്ദർശിച്ച കമ്മിഷണർ ജി.ജയ്ദേവിന്റെ നിർദേശപ്രകാരമാണ് റോഡിലെ വളവിൽ 7 പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിച്ചത്. പൊലീസും മോട്ടർ വാഹനവകുപ്പും പൊതുമരാമത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഡിസിപി പഥം സിങ്, ഫറോക്ക് എസിപി എ.പ്രേംജിത്ത്, ട്രാഫിക് എസിപി എൻ.ബിജു, ഇൻസ്പെക്ടർമാരായ എസ്.വി.ബിജു, പി.കെ.സുമേഷ്, കെ.അബ്ദുൽ ഹക്കീം എന്നിവർ സ്ഥലത്തെത്തിയിരുന്നു. ADVERTISEMENT GO AD-FREE
വാഹനങ്ങളിൽ വിദഗ്ധ പരിശോധന
ചെറുവണ്ണൂർ ∙ നല്ലളത്ത് അപകടത്തിൽപെട്ട കാറും ലോറിയും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ പി.രാജേഷ്, രാമനാട്ടുകര ജോയിന്റ് ആർടിഒ സി.പി.സക്കരിയ എന്നിവരുടെ നേതൃത്വത്തിലാണ് ഇരു വാഹനങ്ങളും അപകട സ്ഥലവും പരിശോധിച്ചത്. കാറും ലോറിയും വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥ സംഘം അപകട കാരണം കണ്ടെത്താൻ വിവരങ്ങൾ ശേഖരിച്ചു. അപകട സ്ഥലത്ത് റോഡിന്റെ ഉപരിതലം, ദിശ എന്നിവയും കാറിന്റെ വേഗം കണ്ടെത്താൻ മീറ്ററും പരിശോധിച്ചു. അപകടത്തിനു മുൻപു വാഹനങ്ങൾ കടന്നു പോയതിന്റെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണ്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജെ.രാഗേഷ്, വി.ഉമ്മർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മന്ത്രി റിയാസ് അനുശോചിച്ചു
ഫറോക്ക്∙ നല്ലളത്ത് കാർ ലോറിയിലിടിച്ച് നാല് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അനുശോചിച്ചു. അവരുടെ കുടുംബത്തിനും നാടിനാകെയും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. |
|