ലോകത്തെ ഏറ്റവും വലിയ ഊർജ വികസന പദ്ധതിയായ ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡ് വെസ്റ്റ് പ്രോജക്ടിന്റെ (എൻഎഫ് ഡബ്ല്യു)നിർമാണ- സംഭരണ കരാറായി. ടെക്നിപ് എനർജീസ്, കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി(സിസിസി), ഗൾഫ് ഏഷ്യ കോൺട്രാക്ടർ(ജിഎസി) എന്നിവർ ചേർന്നുള്ള കൂട്ടുകമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. പ്രവാസി മലയാളിയായ ഡോ.ബി.രവിപിള്ള ചെയർമാനും മാനേജിങ് ഡയറക്ടറുമായ കമ്പനിയാണ് ജിഎസി.
ഖത്തർ എനർജിയുടെ ദോഹയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ഊർജ മന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെറിദ അൽ കാബി, ടെക്നിപ് എനർജി സിഇഒ അർനോട് പീടൺ, സിസിസി ചെയർമാൻ സമർ ഖൗരി, ജിഎസി ചെയർമാനും എംഡിയുമായ ഡോ.ബി രവിപിള്ള എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇതോടെ ഖത്തറിന്റെ എൽഎൻജി(ദ്രവീകൃത പ്രകൃതി വാതകം) ഉൽപാദന ശേഷി പ്രതിവർഷം 142 ദശലക്ഷം ടണ്ണായി വർധിക്കും. പ്രതിവർഷം 16 ദശലക്ഷം(എംടിപിഎ) ശേഷിയുള്ള രണ്ടു എൽഎൻജി വൻ നിർമാണ യൂണിറ്റുകൾ, വാതക ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഹീലിയം വേർതിരിക്കൽ, ദ്രവീകൃത വാതക നിർമാണം എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
എൽഎൻജി കൂടാതെ 1,75,000 ബാരൽ എണ്ണ, ഈഥേൻ, എൽപിജി ഗ്യാസ് എന്നിവയുടെ ഉൽപാദനവും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. എൽഎൻജിയുടെ വൻതോതിലുള്ള ആഗോള ആവശ്യത്തിനുള്ള ഖത്തറിന്റെ മറുപടിയും പ്രകൃതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നതാണ് ഈ പദ്ധതിയെന്ന് അൽ കാബി ചടങ്ങിൽ വ്യക്തമാക്കി. നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയിൽ അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുത്ത് വേർതിരിക്കാനുള്ള ശേഷി പ്രതിവർഷം 1.1ദശലക്ഷമാണെന്നും 2035 ഓടെ ഈ ശേഷി 11 എംപിടിഎ ആക്കാനുള്ള ഖത്തറിന്റെ ലക്ഷ്യത്തിന് ഊർജം പകരുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ ഹരിതവാതക നിർഗമനം വൻതോതിൽ കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2031ൽ ഉൽപാദനം ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
QatarEnergy awards the North Field West (NFW) project contract to a consortium including Dr. B. Ravi Pillai\“s Gulf Asia Contracting. This mega-project aims to boost Qatar\“s LNG production to 142 MTPA by 2031 while focusing on carbon capture and sustainability. |