കോഴിക്കോട്∙ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ട തുരങ്കപാതയ്ക്കു പാറ തുരക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയായി (സ്റ്റേജ് 2 ക്ലിയറൻസ്). വയനാട് ഉൾപ്പെടെ വടക്കൻ കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ തോതിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിക്കാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പൂർണ അനുമതിയായത്.
What you should read next
- ചുരംയാത്രയുടെ ഗതി മാറ്റാൻ വരുന്നൂ, തുരങ്കപ്പാത; സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി Wayanad
പാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട് ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർ യാത്ര ചെയ്ത് തുരങ്കത്തിലൂടെ വയനാട് മേപ്പാടിയിൽ എത്താനാകും. ചുരം റോഡിലെ യാത്രാ ദുരിതത്തിനും പരിഹാരമാകും. കേരളത്തിൽനിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്.
What you should read next
- EXPLAINER 2134.5 കോടിയുടെ പദ്ധതി, നിർമിക്കുന്നത് തുരങ്കവും 2 പാലങ്ങളും റോഡും; ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ഇരട്ട തുരങ്കപ്പാത നിർമാണ ഉദ്ഘാടനം ഇന്ന് Latest News
തുരങ്കപാത പദ്ധതിക്ക് 2023 മാർച്ച് 31ന് ആണ് ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി കേന്ദ്ര സർക്കാർ തത്വത്തിൽ നൽകിയത്. തുടർന്ന് 2024 നവംബർ 11 നും 2025 ഡിസംബർ എട്ടിനും ഇതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതായി കാട്ടി കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തുകൾ നൽകി. 104 മരം മുറിക്കാനുളള ആദ്യ ഘട്ട അനുമതിക്കൊപ്പം പദ്ധതി പ്രദേശത്തേക്കുളള താൽക്കാലിക പാലവും അപ്രോച്ച് റോഡും നിർമിക്കാൻ 20 മരം കൂടി നീക്കാൻ നിർമാണ ഏജൻസിയുടെ ആവശ്യം സൂചിപ്പിച്ചുള്ള കത്ത് 2025 ഡിസംബർ 8 ന് കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ഇതിനു പിന്നാലെയാണ് 1980 ലെ വന സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 2 (1) പ്രകാരം നാലുവരി അപ്രോച്ച് റോഡുകൾ ഉൾപ്പെടെ ഇരട്ടതുരങ്കപാത നിർമാണത്തിന് 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കുന്നതിന് അന്തിമ അനുമതി നൽകുന്നതായി സൂചിപ്പിച്ച് ഇന്ന് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചത്. സംസ്ഥാന പിഡബ്ലുഡിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കോഴിക്കോട് പിഡബ്ലുഡി റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പരിസ്ഥിതി നിബന്ധനകൾ പാലിച്ച് തുരങ്കപാതയുടെ നിർമാണ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കും.
∙ പാറതുരക്കലിന് സജ്ജം, മാർച്ചിൽ തുടങ്ങും ADVERTISEMENT Go AD-FREE
തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്കുള്ള മുന്നൊരുക്കങ്ങൾ ഏകദേശം പൂർത്തിയായി. പാറ തുരക്കുന്നതിനുള്ള ‘ബൂമർ’ യന്ത്രങ്ങൾ കള്ളാടിയിലെ പദ്ധതി സ്ഥലത്ത് ആഴ്ചകൾക്ക് മുൻപ് തന്നെ എത്തിച്ചു. നിലവിൽ തുരങ്കമുഖം വരെയുള്ള ‘കട്ട് ആൻഡ് കവർ’ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. അടുത്ത മാസം ആദ്യ ആഴ്ച പാറതുരക്കൽ തുടങ്ങും. ചേനപ്പാറയുടെ താഴെ ഭാഗത്തെ 60 മീറ്ററോളം ഉയരമുള്ള പാറ തുരന്നാണ് തുരങ്കകവാടം ഒരുക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴ–കുണ്ടൻതോട് ഭാഗത്തു നിന്നാകും പാറതുരക്കൽ. ഒരാഴ്ചയ്ക്കകം വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും പാറ തുരക്കൽ ആരംഭിക്കും. ഒരേ സമയം ഇരുവശത്തു നിന്നും വലതുവശത്തെ തുരങ്കം തുരന്നു പോകുന്നതാണു നിർമാണ രീതി. ഇതിനായി തുരങ്ക മുഖത്തേക്കുളള തടസ്സങ്ങളെല്ലാം നീക്കി. മറിപ്പുഴയിൽ തുരങ്കത്തിന് അനുബന്ധമായി നിർമിക്കുന്ന പ്രധാന പാലത്തിന്റെ പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിർമാണ പ്രവർത്തനം.
വെന്റിലേഷൻ, അഗ്നിശമന സംവിധാനങ്ങൾ, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്‌ദ സംവിധാനം, എസ്‌കേപ് റൂട്ട്‌ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലൊരുക്കും. ഉള്ളിൽ രണ്ടു പാതയും വൺവേ ട്രാഫിക്കിൽ ആയിരിക്കുമെങ്കിലും അത്യാവശ്യ ഘട്ടത്തിലോ അപകടങ്ങൾ ഉണ്ടാകുമ്പോഴോ തിരിച്ചുവിടാൻ സൗകര്യം ഒരുക്കുന്ന വിധം ഇരുതുരങ്കങ്ങളും തമ്മിൽ 300 മീറ്റർ അകലം വിട്ട് ക്രോസ് പാസേജും ഉണ്ടാകും.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചു ഭീമൻ പാറകൾ തുരക്കുന്നതിനായി തുരങ്കമുഖം നിരപ്പാക്കുന്ന പ്രവൃത്തിയാണ് പൂർത്തിയാകുന്നത്. 16 മണിക്കൂർ വരെയുള്ള ഷിഫ്റ്റിലാണു നിലവിൽ പ്രവൃത്തി പുരോഗമിക്കുന്നത്. പാറ തുരക്കൽ ആരംഭിക്കുന്നതാടെ 24 മണിക്കൂറും പല ഷിഫ്റ്റിലായി പ്രവൃത്തി നടക്കും. തൊഴിലാളികൾക്കു താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപ്പാതയ്ക്ക് അരികിലായി പാട്ടത്തിന് എടുത്ത സ്ഥലത്ത് പൂർത്തിയായി. ആർച്ച് സ്റ്റീൽ പാലത്തിന്റെ നിർമാണവും പൂർത്തിയാകുന്നു.
പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റ്, തുരങ്കത്തിൽ നിന്നുള്ള കല്ല് നിക്ഷേപിക്കാനുള്ള ഡംപിങ് യൂണിറ്റ് എന്നിവ പദ്ധതി പ്രദേശത്ത് സജ്ജമാണ്. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ് എന്നിവയും ഇരുഭാഗത്തും ഒരുക്കി. പ്രത്യേക കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റും ഒരുക്കി. 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണു തുരങ്കപ്പാത നിർമിക്കുന്നത്. പാതപൂർത്തിയാകുന്നതോടെ അനുബന്ധ റോഡുകളുടെ വികസനവും നടക്കും. നാലു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 2025 ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ADVERTISEMENT Go AD-FREE
കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് തുരങ്കപാത നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതി നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോണിന് ആണ് തുരങ്കപാതയുടെയും കരാർ. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ ആണ് ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തുരങ്കപാതയിലേക്ക് എത്തുന്ന 80.4 കോടിയുടെ പാലത്തിന്റെ കരാർ ഏറ്റെടുത്തത്.
∙ ചിറകടിക്കുന്നത് ടൂറിസം പ്രതീക്ഷകൾക്ക്
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ചുരത്തിലെ യാത്രാദുരിതം കൂടാതെ വയനാട്ടിലെത്താം എന്നതാണ് തുരങ്കപാതയുടെ പ്രധാന സവിശേഷത. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് കർണാടകയിലേക്കുള്ള യാത്ര–സമയ ദൈർഘ്യത്തിലും ഇതിലൂടെ ഗണ്യമായ കുറവുണ്ടാകും.
വയനാടിനൊപ്പം മലയോരമേഖലയുടെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പിനും തുരങ്കപാത ഊർജം പകരുമെന്നാണ് വിലയിരുത്തൽ. നീലമല, വെള്ളരിമല, മരുതുംകോട്ട് മലകൾക്കിടയിൽ പശ്ചിമഘട്ടത്തിന്റെ പച്ചപ്പുനിറയുന്ന ആനക്കാംപൊയിൽ, മറിപ്പുഴ, മുത്തപ്പൻ പുഴ പ്രദേശങ്ങൾ ടൂറിസത്തിന്റെ വികസന പ്രതീക്ഷകളിലാണ്. തുഷാരഗിരി, അരിപ്പാറ, പൂവാറൻതോട്, മറിപ്പുഴ, കക്കാടംപൊയിൽ തുടങ്ങി ടൂറിസം സാധ്യത ഇതിനകം പ്രകടമാക്കിയ പ്രദേശങ്ങളിൽ വിനോദസഞ്ചാരരംഗത്തെ കൂടുതൽ നിക്ഷേപത്തിനും പാത അവസരമൊരുക്കും.
ഫാം ടൂറിസത്തിന്റെയും ഇക്കോ ടൂറിസത്തിന്റെയും വളക്കൂറുള്ള തിരുവമ്പാടി മണ്ഡലവും തുരങ്കപാതയിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്നു. മലയോര, കുടിയേറ്റ മേഖലയുടെ വികസനത്തിനൊപ്പം ചരക്കുനീക്കം സുഗമമാക്കാൻ സഹായിക്കുന്നതിലൂടെ കാർഷിക മേഖലയുടെ കുതിപ്പിനും തുരങ്കപാത സഹായമാകുമെന്നാണ് വിലയിരുത്തൽ. സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയും വർധിക്കും. 2018ലെ പ്രളയകാലത്ത് വയനാട് ജില്ല ഒറ്റപ്പെട്ടപ്പോൾ വൈദ്യസഹായം എത്തിക്കുന്നതിൽ ഉൾപ്പെടെ പ്രയാസമുണ്ടായതാണ് തുരങ്കപാത ഉൾപ്പെടെ ബദൽ സംവിധാനത്തിന് പ്രേരകമായത്. ADVERTISEMENT GO AD-FREE
JUST IN
-
2 MINUTES AGO ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർ നിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ് Business News
-
2 MINUTES AGO കോഴിക്കോട്–വയനാട് തുരങ്കപാത; പാറ തുരക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി Latest News
-
21 MINUTES AGO എക്സ്പ്രസ് വേയിൽ ഗതാഗതക്കുരുക്കിൽപെട്ട ഒരു ലക്ഷം വാഹനങ്ങൾക്കു ടോൾ തിരികെ നൽകും Mumbai News
VIEW MORE
English Summary:
Anakkampoyil-Wayanad tunnel road: The Union Ministry of Environment and Forests has given its final approval (Stage 2 Clearance) for rock boring for the Anakkampoyil-Kalladi-Meppadi twin tunnel road. This marks the full approval from the Ministry of Environment and Forests for a project that will bring significant changes to travel facilities in northern Kerala, including Wayanad. |
|