വടക്കൻ ശ്രീലങ്കയിലെ മാങ്കുളത്തിനടുത്ത് നീതിപുരം ഗ്രാമം. സ്കൂളിന് അവധിയായിരുന്നതുകൊണ്ട്, ഏഴുവയസ്സുകാരനായ നിദർശൻ അമ്മായിയുടെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ മുത്തച്ഛനൊപ്പം മുല്ലൈവീഥിയിലേക്കു പോയി. അവിടെയുണ്ടായിരുന്ന വിറകു തീർന്നപ്പോൾ കുറച്ചുകൂടി കീറിയെടുക്കാനായി മുത്തച്ഛൻ കോടാലിയുമായി ഇറങ്ങി. കൗതുകത്തോടെ, ചുറുചുറുക്കോടെ നിദർശനും പിന്നാലെ കൂടി. വരണ്ടുണങ്ങിക്കിടന്ന പാടത്തിലൂടെ നടക്കുമ്പോൾ നിലത്ത് അസാധാരണമായ ഒരു ലോഹവസ്തു നിദർശന്റെ കണ്ണിൽപ്പെട്ടു. അവനത് കയ്യിലെടുത്ത് മുത്തച്ഛനെ കാണിച്ചു. അതൊരു 40 എംഎം ഷെൽ ആയിരുന്നു; കൃഷിക്കാരന്റെ കലപ്പയിൽ തടഞ്ഞതിനെത്തുടർന്ന് അരികിലേക്കു മാറ്റിയിട്ടതായിരുന്നു അത്. അപകടം തിരിച്ചറിഞ്ഞ മുത്തച്ഛൻ ഉടൻതന്നെ അതു താഴെയിടാൻ പറഞ്ഞു. എന്നാൽ ആ കുട്ടി കളിയായി അതൊരു മരത്തിനു നേരെ എറിഞ്ഞു.
മരത്തിലിടിച്ചതും അതു വൻ ശബ്ദത്തോടെ പൊട്ടുകയും ചീളുകൾ ചിതറിത്തെറിക്കുകയും ചെയ്തു. ഒരു കഷ്ണം അവന്റെ വലതുകണ്ണിനു താഴെ മുഖത്തു തുളച്ചുകയറി. മറ്റു ചില കഷ്ണങ്ങൾ നെഞ്ചിലും കൈകാലുകളിലും മുറിവേൽപfച്ചു. അവൻ ബോധരഹിതനായി വീണു; ഒരു ചീള് തലച്ചോറിലും തറച്ചിരുന്നു. ഒരു കുഞ്ഞിനെ മുറിപ്പെടുത്താനായി ദശകങ്ങളോളം ആ യുദ്ധോപകരണം മണ്ണിൽ ഉറങ്ങിക്കിടന്നു; വിദ്വേഷത്തിന്റെ വിത്തുപോലെ.
ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ നിദർശൻ അമ്മ തേനുജയുടെ മടിയിൽ വിശ്രമിക്കുകയായിരുന്നു. മിക്കപ്പോഴും അവന്റെ കണ്ണുകൾ അടഞ്ഞുകിടന്നു; തുറക്കുമ്പോഴാകട്ടെ ശൂന്യമായിരുന്നു നോട്ടം. തേനുജ കീഴടങ്ങിയ ഒരു പുലിപ്പോരാളിയാണ്. ഈഴത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ അവൾക്ക് രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. എങ്കിലും ആ മുറിവുകൾ കാലക്രമേണ ഉണങ്ങി. ജനങ്ങൾ യുദ്ധത്തെ ഏറെക്കുറെ മറന്നിരിക്കുന്നു, എന്നാൽ മണ്ണ് ഇപ്പോഴും അത് ഓർത്തുവയ്ക്കുന്നു. മുൻ എൽടിടിഇ പോരാളി തേനുജ മകൻ നിദർശനൊപ്പം. യുദ്ധാവശിഷ്ടമായ ഷെൽ പൊട്ടിത്തെറിച്ചു പരുക്കേറ്റ നിദർശന് ഭാഗികമായ തളർച്ചയും ഇടതു കണ്ണിൽ കാഴ്ചക്കുറവും ഉണ്ട്. തേനുജയ്ക്ക് യുദ്ധത്തിൽ രണ്ടു വിരലുകൾ നഷ്ടമായി.
കാഴ്ചയിൽ ശ്രീലങ്ക കാലത്തിൽ ഉറഞ്ഞുപോയൊരു ജലത്തുള്ളി പോലെ തോന്നും. ദശകങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിൽ പൊഴിഞ്ഞ കണ്ണുനീർത്തുള്ളികളുടെ വിട്ടുപോകാത്ത ഓർമപ്പെടുത്തലാണ് ആ ആകൃതി. യുദ്ധം നയിച്ച എൽടിടിഇയുടെ മുദ്രയിൽ പല്ലും നഖവും കാട്ടിനിൽക്കുന്ന ഒരു പുലിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അവർ അവകാശവാദം ഉന്നയിച്ചിരുന്ന വടക്കൻ-കിഴക്കൻ പ്രവിശ്യകളുടെ രൂപം ദ്വീപിനെ റാഞ്ചിപ്പിടിക്കാൻ നിൽക്കുന്ന ഒരു പരുന്തിന്റെ നഖത്തിനു സമാനമാണ്. 2009 ൽ യുദ്ധം അവസാനിക്കുമ്പോൾ ഈ പ്രദേശങ്ങളിൽ ഏകദേശം 15 ലക്ഷത്തോളം കുഴിബോംബുകളും പൊട്ടാത്ത സ്ഫോടകവസ്തുക്കളും (UXO) ഉണ്ടായിരുന്നു. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ കുഴിബോംബുകളുള്ള രാജ്യങ്ങളിലൊന്നായി ശ്രീലങ്ക.
മുറിവേറ്റ ഭൂപ്രകൃതിയിലുടനീളം, കുഴിബോംബ് നിർവീര്യമാക്കുന്ന പ്രവർത്തകർ അക്ഷീണം പ്രയത്നിച്ച് മണ്ണിലെ ഓരോ ഇഞ്ചും പരിശോധിക്കുന്നു. ഒളിഞ്ഞിരിക്കുന്ന അപകടം കണ്ടെത്താനും നീക്കം ചെയ്യാനുമാണ് അവരുടെ ശ്രമം. പുരാവസ്തു ഖനനം പോലെ അതീവ ശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണിത്; എന്നാൽ ഇതിന്റെ ലക്ഷ്യം ഭയാനകമായ ഒരു ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളെ മായ്ച്ചുകളയുക എന്നതാണ്.
What you should read next
- Exclusive കത്രിക മൂത്രാശയം തുളച്ച് അകത്തു പ്രവേശിച്ചു! കത്രികയുടെ അഗ്രഭാഗത്ത് ലവണം അടിഞ്ഞു ‘കല്ലായി’; ‘ശസ്ത്രക്രിയയുടെ വിവരങ്ങൾ പുറത്ത്’ Latest News
ശ്രീലങ്കയുടെ വടക്കൻ ഭാഗങ്ങൾ തമിഴ്‌നാടിനു സമാനമാണ്. വരണ്ട കാറ്റിൽ ആടുന്ന പന നിരകൾ, തുറസ്സായ പാടങ്ങളിൽ ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്രങ്ങൾ. റോഡരികിലെ ഭോജനശാലകളിൽ മുല്ലപ്പൂമാല ചാർത്തിയ ദേവീദേവന്മാരുടെ ചിത്രങ്ങളുടെ ചോട്ടിൽ, നെറ്റിയിൽ ഭസ്മം പൂശിയിരിക്കുന്ന ഉടമസ്ഥർ. പശ്ചാത്തലത്തിൽ തമിഴ് സിനിമാ ഗാനങ്ങൾ ഒഴുകുന്നു. സാമ്പാറിന്റെയും ദോശയുടെയും ഇഡ്ഡലിയുടെയും വടയുടെയും ഗന്ധത്തിനൊപ്പം അതു കൂടിക്കലരുന്നു. ഇവിടെ സഞ്ചാരികൾ കുറവാണ്.
സിംഹള ഭാഷ സംസാരിക്കുന്ന തെക്കൻ ലങ്കയാകട്ടെ കേരളം പോലെയാണ്– പച്ചപ്പും ഈർപ്പവും കടൽമണവും നിറഞ്ഞ ഇടം. വിദേശ വിനോദസഞ്ചാരികൾ ബീച്ചുകളിലും ബാറുകളിലും തടിച്ചുകൂടുന്നു. എല്ലായിടത്തും ബുദ്ധപ്രതിമകൾ കാണാം. ഭൂപ്രകൃതിയിലെ ഈ വ്യത്യാസം അവിടുത്തെ ജനസമൂഹങ്ങൾ തമ്മിലുള്ള വിടവിനെ പ്രതിഫലിപ്പിക്കുന്നു.
ശ്രീലങ്കയിലെ പകുതിയോളം കുഴിബോംബുകളും ജാഫ്നയിലായിരുന്നു. ശ്രീലങ്കൻ തമിഴരുടെ സാംസ്കാരിക തലസ്ഥാനമാണ് വടക്കൻ ഉപദ്വീപ്. 1995 വരെ ഒരു പതിറ്റാണ്ടോളം എൽടിടിഇ ആയിരുന്നു ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. ഒന്നാം ഈഴം യുദ്ധം (1983-1987) മുതൽ തന്നെ കുഴിബോംബുകൾ ഉപയോഗിച്ചിരുന്നെങ്കിലും 1987ൽ ഇന്ത്യൻ സമാധാന സേനയുടെ ‘ഓപ്പറേഷൻ പവൻ’ കാലത്താണ് അവയുടെ എണ്ണം വർധിച്ചത്. 2006ൽ നാലാം ഈഴം യുദ്ധം ആരംഭിച്ചതോടെ ഇതു വീണ്ടും കൂടി.
പാലങ്ങൾ, സൈനിക ക്യാംപുകൾ, ആയുധ നിർമാണശാലകൾ എന്നിവ സംരക്ഷിക്കാനും ശത്രുവിന് നാശമുണ്ടാക്കാനുമാണ് കുഴിബോംബുകൾ സ്ഥാപിച്ചിരുന്നത്. വാഹനങ്ങൾ തകർക്കാനുള്ളവയും മനുഷ്യരെ ലക്ഷ്യം വയ്ക്കുന്നവയും ഇതിലുണ്ടായിരുന്നു. കേവലം 7 കിലോ മർദം ഏൽപിച്ചാൽ പോലും ഇവ പൊട്ടിത്തെറിക്കും. ക്ലേമോർ കുഴിബോംബുകളും ഉപയോഗിച്ചിരുന്നു. കൊലപ്പെടുത്തുന്നതിലുപരി ശത്രുവിന്റെ കരുത്തു കുറയ്ക്കാനും മുന്നേറ്റം തടസ്സപ്പെടുത്താനും അംഗഭംഗം വരുത്താനുമാണ് ഇവ പ്രധാനമായും ഉപയോഗിച്ചത്. മാങ്കുളത്ത് ഡീമൈനർമാർ കണ്ടെത്തിയ മോർട്ടാർ ഷെല്ലുകളുടെ വാൽഭാഗങ്ങൾ.
പാക്കിസ്ഥാൻ നിർമിത പി4, ഇറ്റാലിയൻ വിഎസ്–50, ചൈനീസ് 72എ തുടങ്ങിയവ ശ്രീലങ്കൻ സൈന്യം ഉപയോഗിച്ചപ്പോൾ, എൽടിടിഇയാകട്ടെ, കൊല്ലപ്പെട്ട കമാൻഡർമാരുടെ പേരിൽ ജോണി 95, രംഗൻ 99 എന്നിങ്ങനെ തനതായി കുഴിബോംബുകൾ വികസിപ്പിച്ചെടുത്തു. ഇതിനുപുറമെ ഐഇഡികളും വീണ്ടെടുത്ത കുഴിബോംബുകളും പ്ലാസ്റ്റിക് എണ്ണ കാനുകളിലും കലങ്ങളിലും ബക്കറ്റുകളിലും ഒളിപ്പിച്ചുവച്ച കെണികളും അവർ ഉപയോഗിച്ചിരുന്നു.
എലിഫന്റ് പാസും ജാഫ്ന ലഗൂണുമാണ് ഉപദ്വീപിനെ പ്രധാന ഭൂഭാഗത്തുനിന്ന് വേർതിരിക്കുന്നത്; സങ്കുപിഡ്ഡി, എലിഫന്റ് പാസ് പാലങ്ങളാണ് ഇപ്പോൾ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്. 1995ൽ ജാഫ്നയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ എൽടിടിഇ, വന്നിയെന്ന് അറിയപ്പെടുന്ന, തെക്കുഭാഗത്തുള്ള ജില്ലകളിലേക്കു പിൻവാങ്ങി. ഈ പ്രദേശത്തുനിന്ന് അവർ കായലിനു കുറുകെ പീരങ്കി ആക്രമണങ്ങൾ നടത്തിയിരുന്നു.
യുദ്ധം അവസാനിച്ച് മാസങ്ങൾക്കുശേഷം, രാസയ്യ ശാന്തിരൻ എന്ന യുവമത്സ്യത്തൊഴിലാളി ജാഫ്ന ലഗൂണിലേക്കു പോയി. വലകൾ ഉറപ്പിക്കാൻ കമ്പുകൾ വേണമായിരുന്നു. ഒരു കമ്പു വെട്ടിയെടുക്കാനായി അയാൾ കണ്ണത്തീവ് എന്ന വിജനമായ ചെറുദ്വീപിലെത്തി. കുറ്റിക്കാട്ടിലൂടെ നടക്കുമ്പോൾ അയാളുടെ കാൽച്ചോട്ടിൽ ഒരു കുഴിബോംബ് പൊട്ടിത്തെറിച്ചു. അയാളുടെ കാലിന്റെ താഴത്തെ ഭാഗം ചിതറിപ്പോയി. കണ്ണത്തീവിലും മനുഷ്യവാസമില്ലാത്ത രണ്ടു ദ്വീപുകളായ മാന്തീവിലും പുവരശാന്തീവിലും കുഴിബോംബുകൾ ഉണ്ടെന്ന് അതുവരെ ആരും കരുതിയിരുന്നില്ല. ശാന്തിരനെപ്പോലുള്ളവരുടെ ദുരന്തങ്ങളിലൂടെയാണ് പുതിയ കുഴിബോംബുനിലങ്ങൾ കണ്ടെത്തുന്നത്.
- Also Read കാൽച്ചുവട്ടിലെ മരണവിത്ത്: ഭയമൊഴിയാത്ത ലങ്ക; പാതി തകർന്ന ജീവിതങ്ങളും
What you should read next
- Live ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Latest News
കുഴിബോംബ് നിർവീര്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയായ ഹേലോ ട്രസ്റ്റാണ് (ഹസാഡസ് ഏരിയ ലൈഫ് സപ്പോർട്ട് ഓർഗനൈസേഷൻ) നിലവിൽ മാന്തീവ് കുഴിബോംബ് വിമുക്തമാക്കുന്നത്. 2002ൽ വെടിനിർത്തൽ കാലത്താണ് ഇവർ ഇവിടെ പ്രവർത്തനം തുടങ്ങിയത്. 2025 പകുതിയാകുമ്പോഴേക്കും മൂന്നു ലക്ഷത്തോളം കുഴിബോംബുകൾ അവർ നീക്കം ചെയ്തു. കംബോഡിയ കഴിഞ്ഞാൽ തങ്ങൾ ഏറ്റവും കൂടുതൽ കുഴിബോംബുകൾ നീക്കം ചെയ്തത് ഇവിടെയാണെന്ന് സംഘടനയുടെ ശ്രീലങ്കയിലെ പ്രോഗ്രാം മാനേജർ ഹ്യൂ ബേക്കർ പറഞ്ഞു. പ്രധാനമായും തമിഴ് ഭൂരിപക്ഷ മേഖലകളിലാണ് പ്രവർത്തനം നടക്കുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്. വടക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളാണ് ഹേലോ ട്രസ്റ്റ്. ഒരുകാലത്ത് പ്രദേശത്തെ 1200ലേറെ പേർക്ക് സംഘടന തൊഴിൽ നൽകിയിരുന്നു. ഇപ്പോൾ ആ സംഖ്യ ആയിരത്തിൽ താഴെയായിരിക്കുന്നു. ധനവിഹിതം വെട്ടിക്കുറച്ചതും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുമാണ് ഇതിനു കാരണം. യുദ്ധക്കെടുതി അനുഭവിച്ചവരാണ് ഈ തൊഴിലാളികളിൽ ഏറെയും.
∙∙
ഹേലോ ഓപ്പറേഷൻ മാനേജർ വിതൂസെൻ ആന്റണി എന്നെ മോട്ടർബോട്ടിൽ മാന്തീവിലേക്കു കൊണ്ടുപോയി. തീരത്തെത്തിയപ്പോൾ ഇംഗ്ലിഷ്, സിംഹള, തമിഴ് ഭാഷകളിൽ ‘േഡഞ്ചർ മൈൻസ്!’ എന്നെഴുതിയ ചുവന്ന ബോർഡുകൾ കണ്ടു. നിലത്ത് ചുവന്ന കമ്പുകൾ അപകടമേഖലകളെ അടയാളപ്പെടുത്തിയിരുന്നു. കുറ്റിക്കാടിനു പിന്നിൽ കുഴിബോംബുകൾ നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈർപ്പം കാരണം 40 മിനിറ്റ് ജോലിക്കു ശേഷം 10 മിനിറ്റ് വിശ്രമം നൽകുന്നു. അങ്ങനെയൊരു ഇടവേളയിൽ, തണലത്തിരുന്ന് അവർ തങ്ങളുടെ കഥകൾ പറഞ്ഞു. തങ്ങളുടെ ജോലി ഭൂമിയെ വീണ്ടും സുരക്ഷിതമാക്കുമെന്ന് തൊഴിലാളികളിലൊരാളായ തസിതരൻ കലൈശെൽവി പറഞ്ഞു. ഹേലോ ട്രസ്റ്റിന്റെ ഡീമൈനർ ഇന്ദിര പ്രിയദർശിനി, ജാഫ്നയ്ക്കടുത്തുള്ള മാന്തീവ് ദ്വീപിൽ മൈനുകൾ നീക്കം ചെയ്യുന്നതിനിടെ.
കുഴിബോംബ് നിർവീര്യമാക്കുന്ന ഇന്ദിര പ്രിയദർശിനി ഇടവേളയ്ക്കു ശേഷം, തന്റെ മെറ്റൽ ഡിറ്റക്ടർ പുറത്തെടുത്ത്, മണൽ നിറഞ്ഞ നിലത്ത് അതു കൃത്യമായി ക്രമീകരിച്ച ശേഷം ശ്രദ്ധയോടെ പരിശോധിച്ചു. ഒരു സിഗ്നൽ ലഭിച്ചപ്പോൾ, ഒരു ചുവന്ന മരക്കഷ്ണം ഉപയോഗിച്ച് ആ സ്ഥലം അടയാളപ്പെടുത്തുകയും ഒരു കൈക്കോട്ട് ഉപയോഗിച്ച് ആ വസ്തു പുറത്തുവരുന്നതു വരെ മണ്ണു നീക്കി പരിശോധിക്കുകയും ചെയ്തു. അതു വെറും പാഴ്‌ലോഹമോ കല്ലോ ആണെന്നു വരികിലും ഓരോ സിഗ്നലിനെയും മാരകമായ ഒന്നായി വേണം പരിഗണിക്കാൻ. മിക്കവാറും അത്യാധുനിക കുഴിബോംബുകളിൽ ലോഹത്തിന്റെ അളവ് വളരെ കുറവാണ്; അവ കണ്ടെത്തുന്നതു പ്രയാസകരമാക്കാൻ വേണ്ടിയാണ് ഇങ്ങനെ നിർമിച്ചിരിക്കുന്നത്.
അടുത്തതായി ഞങ്ങൾ പോയത് ശ്രീലങ്കയിലെ ഏറ്റവും സാന്ദ്രതയേറിയ കുഴിബോംബുനിലമായ മുഹമ്മലൈയിലേക്കായിരുന്നു. എൽടിടിഇയുടെ പ്രധാന പ്രതിരോധ നിര അവിടെയായിരുന്നു; ശ്രീലങ്കൻ സൈന്യം ഇതു ഭേദിച്ചിരുന്നെങ്കിൽ അവർക്ക് എലിഫന്റ് പാസിലേക്കു പ്രവേശനം ലഭിക്കുമായിരുന്നു. മുഹമ്മലൈയിലെ പഴയ കൃഷിഭൂമി ചതുപ്പു നിറഞ്ഞ പാടങ്ങളായതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിബോംബ് നീക്കം ചെയ്യുകയാണ് അവിടെ കൂടുതൽ ഫലപ്രദം. ഒരു കവചിത എക്സ്കവേറ്റർ ശ്രദ്ധയോടെ മണ്ണു കോരി, അരിച്ചെടുക്കുന്ന യന്ത്രത്തിലേക്ക് ഇടുന്നു. ഇതു കല്ലുകളെയും ലോഹഭാഗങ്ങളെയും വേർതിരിക്കുന്നു. അവിടെ സ്ത്രീകളുടെ സംഘങ്ങളാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
- Also Read കാൽച്ചുവട്ടിലെ മരണവിത്ത്: ഭയമൊഴിയാത്ത ലങ്ക; പാതി തകർന്ന ജീവിതങ്ങളും
What you should read next
- ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, ഹാജരാകാൻ രോഗിക്ക് നോട്ടിസ് ! Latest News
അടുത്ത ദിവസം രാവിലെ ഞങ്ങൾ മുല്ലൈത്തീവിനടുത്തുള്ള ചെറിയ ഗ്രാമമായ കൊക്കുതൊടുവായിലെ ഹേലോ കേന്ദ്രത്തിലായിരുന്നു. അണ്ടകുളം കാടുകളിലെ കുഴിബോംബ് നീക്കം ചെയ്യലിനു മേൽനോട്ടം വഹിക്കുന്നത് ഈ കേന്ദ്രമാണ്. പുലർച്ചെത്തന്നെ കാർഗോ ട്രൗസറുകളും കറുത്ത ബൂട്ടുകളും ധരിച്ച് കുഴിബോംബ് നീക്കം ചെയ്യുന്നവർ ദൈനംദിന പരിശീലനത്തിനായി അണിനിരന്നു. അവർ സുരക്ഷാ നിർദേശങ്ങൾ കേൾക്കുകയും തങ്ങളുടെ ഉപകരണങ്ങൾ- കത്രികകൾ, സ്ക്രാപ്പറുകൾ, സ്ട്രിമ്മറുകൾ, മൈൻ ഡിറ്റക്ടറുകൾ, വൈസറുകൾ, സ്ഫോടന പ്രതിരോധ ശേഷിയുള്ള ജാക്കറ്റുകൾ എന്നിവ - എടുക്കുകയും ചെയ്തു. ഓരോ ടീമിലും അടിയന്തര വൈദ്യസഹായം നൽകാൻ പരിശീലനം ലഭിച്ച ഓരോ അംഗം വീതമുണ്ട്. തൊഴിലാളികളെ ട്രക്കുകളിൽ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നു.
വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ ഞങ്ങൾ കാട്ടിലേക്കു വാഹനമോടിച്ചു. പഴയ മരങ്ങൾക്കുചുറ്റും പടർന്നുകിടക്കുന്ന വള്ളിച്ചെടികളും നിബിഡമായ മരത്തലപ്പുകളും കാരണം ആ കാടിന് പ്രാക്തനമായൊരു പ്രതീതിയുണ്ടായിരുന്നു. യുദ്ധം തകർത്ത വനനിലം സസ്യങ്ങൾ വീണ്ടും കീഴടക്കിയിരിക്കുന്നു. ആനകൾക്കും പുലികൾക്കും കരടികൾക്കും ഒളിത്താവളമൊരുക്കുന്ന ഈ അപ്രവേശ്യമായ വന്യത വർഷങ്ങളോളം തമിഴ് പുലികളെയും ഒളിപ്പിച്ചിരുന്നു. നിലത്തെ പച്ചപ്പിനു വിരുദ്ധമായി ചുവന്ന കമ്പുകളും അവിടെ കാണാമായിരുന്നു.
യുദ്ധസമയത്ത് ഏതെങ്കിലും ഒരു പക്ഷം കുഴിബോംബ് നിരകൾ ഭേദിക്കാൻ ആഗ്രഹിച്ചാൽ അവർ സ്‌ഫോടകവസ്തു നിർവീര്യമാക്കുന്ന സംഘങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇവർ (സൈനിക എൻജിനീയർമാർ) കുഴിബോംബുകളും കെണികളും കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തു. സൈന്യം ബാംഗ്ലൂർ ടോർപിഡോകളും ഉപയോഗിച്ചിരുന്നു. മൈൻ നീക്കുന്നതിനുള്ള ഈ സ്‌ഫോടകവസ്തു 1912ൽ ബാംഗ്ലൂരിലാണ് വികസിപ്പിച്ചത്. മദ്രാസിലെ സൈനികരാണ് ഇതാദ്യമായി ഉപയോഗിച്ചത്. പിന്നീടിതിന് ലോകമെമ്പാടും അംഗീകാരം ലഭിച്ചു.
ആളുകൾ കുഴിബോംബ് നീക്കം ചെയ്യുന്നത് ഇതിൽനിന്നു വ്യത്യസ്തമാണ്. അപകടകരമെന്ന് ഉറപ്പിച്ച ഓരോ ഇഞ്ചു ഭൂമിയിലും ക്ഷമയും കൃത്യതയും പ്രത്യേക ശ്രദ്ധയും ആവശ്യമാണ്. വനത്തിലൂടെ നടക്കുമ്പോൾ, നീല ബോംബ് സ്യൂട്ട് ധരിച്ച സ്ത്രീകളും പുരുഷന്മാരും മണ്ണിൽ പരിശോധന നടത്തുന്ന ഒരു ഭാഗത്ത് ഞാൻ എത്തി. വന്യമൃഗ ഭീഷണിക്കിടയിലും അവർ സൈനികരെപ്പോലെ, അച്ചടക്കത്തോടെ ജോലി ചെയ്തു. പതുക്കെ നീങ്ങുന്ന അവർ മണ്ണിൽ ദൃഷ്ടി പതിപ്പിച്ചു സിഗ്നലുകൾക്കായി കാതോർത്തു. ആ പരുക്കൻ വനഭൂമി ആരോ ഒരു സെൻ ഉദ്യാനം നിർമിക്കുന്നതുപോലെ വൃത്തിയാക്കിയ നിലയിലായി. ADVERTISEMENT Go AD-FREE
ടീം കമാൻഡറുടെ വയർലെസ് ശബ്ദിച്ചു–ഒരു ആർപിജി(റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്) കണ്ടെത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ മറ്റൊരു സന്ദേശം കൂടി വന്നു–ഒരു ‘രംഗൻ കുഴിബോംബ്’ കണ്ടെത്തി. ഞങ്ങൾ ആ സ്ഥലത്തേക്കു പോയി; സുരക്ഷാ കവചങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഞങ്ങളെ അടുത്തേക്കു പോകാൻ അനുവദിച്ചില്ല. കുഴിബോംബ് കണ്ടെത്തിയാൽ ഇഒഡി സ്പെഷ്യലിസ്റ്റിനു മാത്രമേ അതു നിർവീര്യമാക്കാൻ കഴിയൂ. മുറിവേറ്റ ഒരാളെ ഒഴിപ്പിക്കുന്നതിന്റെ മോക്ക് ഡ്രില്ലും അതിനിടെ നടന്നു.
പലയിടത്തായിരുന്ന തൊഴിലാളികൾ ഒത്തുചേരൽ കേന്ദ്രത്തിലേക്കു നീങ്ങി. ഒരാൾ മുട്ടുകുത്തിയിരുന്ന്, വലിയ മെഡിക്കൽ കിറ്റ് തുറന്ന് ബാൻഡേജുകളും സിറിഞ്ചുകളും ഐവി ട്യൂബുകളും നിരത്തി. ‘മുറിവേറ്റ’ സിലിക്കൺ കയ്യുള്ള യുവാവിനെ സ്ട്രെച്ചറിൽ നാലുപേർ ചുമന്നുകൊണ്ടുവന്നു. വൈദ്യസഹായം നൽകാൻ പരിശീലനം ലഭിച്ചയാൾ മറ്റുള്ളവരുടെ സഹായത്തോടെ അയാൾക്കു പ്രഥമശുശ്രൂഷ നൽകുകയും കൃത്രിമ മുറിവിൽ ബാൻഡേജ് ഇടുകയും ഐവി ലൈൻ ഘടിപ്പിക്കുകയും ചെയ്തു. പിന്നീട് അയാളെ ആംബുലൻസിലേക്കു മാറ്റി. ഇതൊരു മോക്ക് ഡ്രില്ലായിരുന്നിട്ടും ആരുടെയും മുഖത്ത് ഒരു കൗതുകവും ഉണ്ടായിരുന്നില്ല.
What you should read next
- എസ്ഐആർ: അപ്രത്യക്ഷരായത് 85,000 ഫ്ലാറ്റ് വാസികൾ; കാരണം ‘നോ മാപ്പിങ്’ പ്രതിസന്ധി Latest News
‘രംഗൻ കുഴിബോംബുകൾ’ കണ്ടെടുത്ത സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന, കറുത്ത അക്ഷരങ്ങളുള്ള ചെറിയ മഞ്ഞ മരക്കുറ്റികൾ മടക്കയാത്രയിൽ കാണാമായിരുന്നു. സാധാരണയായി ഒരു സെന്റീമീറ്റർ മുതൽ 5 സെന്റീമീറ്റർ വരെ ആഴത്തിലാണ് കുഴിബോംബുകൾ കുഴിച്ചിടുന്നത്. എന്നാൽ വർഷങ്ങളായുള്ള മഴയും മണ്ണൊലിപ്പും മണ്ണുനീങ്ങുന്നതും അവയുടെ സ്ഥാനം മാറ്റിയേക്കാം.
അൽപം കൂടി മുന്നോട്ടു പോയപ്പോൾ ഞങ്ങൾ ഒരു എൽടിടിഇ ബങ്കറിന്റെ അവശിഷ്ടങ്ങൾക്കു മുന്നിൽ ചെന്നുനിന്നു. തകർന്നു കിടക്കുകയാണെങ്കിലും അത് ആകർഷകമായിരുന്നു. കട്ടിയുള്ള കോൺക്രീറ്റ് ഭിത്തികളിൽ ലംബമായുള്ള വായുനാളികൾ, വലിയ ജലസംഭരണി, അലക്കാൻ തുറസ്സായ ഇടം എന്നിവ ഉണ്ടായിരുന്നു. തുരങ്കങ്ങൾ വഴി ബങ്കറുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു. കയറാനും ഇറങ്ങാനുമായി ഒന്നിലേറെ ഇടങ്ങളുണ്ടായിരുന്നു. അകത്തെ ഭിത്തികളിൽ അപ്പോഴും ടൈലുകൾ തിളങ്ങുന്നുണ്ടായിരുന്നു. സിമന്റ് തറയിൽ ചില എഴുത്തുകൾ മങ്ങലോടെ അവശേഷിക്കുന്നു. ഒന്നിൽ ഇങ്ങനെ വായിക്കാം: ‘ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം, 8.9.1990’. അടുത്തുള്ള ഒരു തൂണിൽ വെളുത്ത പെയിന്റിൽ ‘7 ജിഡബ്ല്യു’ എന്ന് എഴുതിയിരുന്നു-ശ്രീലങ്കൻ സൈന്യത്തിലെ ഗെമുനു വാച്ചിന്റെ ഏഴാം ബറ്റാലിയൻ എന്നാണതിനർഥം.
ഏതാനും കിലോമീറ്റർ അകലെയാണ് വേലി ഓയ എന്ന കുടിയേറ്റ പ്രദേശം. പണ്ട് മണലാർ എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തിന്റെ സിംഹള നാമമാണിത്. യുദ്ധകാലത്ത് തമിഴ് കുടുംബങ്ങളെ അവിടെനിന്ന് ഒഴിപ്പിക്കുകയും സിംഹള കുടിയേറ്റക്കാരെ കൊണ്ടുവരികയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ അവിടെ പുനരധിവസിപ്പിക്കപ്പെട്ടവർക്കും യുദ്ധത്തിന്റെ അപകടങ്ങളിൽനിന്നു രക്ഷപ്പെടാനായില്ല. സേനാനായക എന്ന സിംഹള കർഷകൻ ഗ്രാമാതിർത്തിയിൽ വച്ച് അബദ്ധത്തിൽ ഒരു കുഴിബോംബിൽ ചവിട്ടി കാലു നഷ്ടപ്പെട്ടു. അദ്ദേഹം ഇപ്പോൾ കൊളംബോയിൽ ഓട്ടോ ഓടിക്കുന്നു. അദ്ദേഹത്തിന്റെ കഥ ഒരൊറ്റപ്പെട്ട സംഭവമല്ല. സ്കൂൾ മൈതാനങ്ങളിൽ പോലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ വർഷം ആദ്യം മുല്ലൈത്തീവ്-കൊക്കിലായ് റോഡിലെ ഒരു സ്കൂൾ മൈതാനത്തുനിന്ന് സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തിരുന്നു.
അണ്ടകുളവുമായി താരതമ്യം ചെയ്യുമ്പോൾ മങ്കുളത്തിനടുത്തുള്ള വന്നിവിളാങ്കുളത്തെ വനങ്ങൾ മനുഷ്യനിർമിതമാണെന്നു തോന്നും. മൈൻസ് അഡ്വൈസറി ഗ്രൂപ്പാണ് (MAG) ഇവിടെ കുഴിബോംബുകൾ നീക്കം ചെയ്യുന്നത്. എൽടിടിഇ കാലത്ത് ഇവിടെ ആയിരക്കണക്കിനു തേക്കിൻതൈകൾ നട്ടുപിടിപ്പിച്ചിരുന്നു. മികച്ച ജീവിത നിലവാരം ആവശ്യപ്പെട്ട് കൊളംബോയിലെ പ്രസിഡൻഷ്യൽ ഓഫീസിന് പുറത്ത് മുൻ സൈനികർ പ്രതിഷേധിക്കുന്നു.
കുഴിബോംബുകൾ നിരോധിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങൾ നടത്തിയതിന് 1997ൽ നൊബേൽ സമാധാന പുരസ്കാരം പങ്കിട്ട രാജ്യാന്തര സംഘടനയാണ് മൈൻസ് അഡ്വൈസറി ഗ്രൂപ്പ്. ഫീൽഡ് ഓപ്പറേഷൻസ് മാനേജർ നഗുലേശ്വരി നാച്ചിമുത്തു ഒരു സൈനികയുടെ കൃത്യതയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഓല മേഞ്ഞൊരു മുറിയിൽ വച്ച് ടെക്നിക്കൽ ഫീൽഡ് മാനേജർ ബിയാജിയോ ഡിസാൽവോ കാര്യങ്ങൾ വിശദീകരിച്ചു തന്നു. നഗുലേശ്വരി സുരക്ഷാ നിർദേശങ്ങൾ ആവർത്തിച്ചു: ‘നിങ്ങൾ ദൗത്യമേഖലയിലേക്കു പ്രവേശിക്കുമ്പോൾ എന്നെ പിന്തുടരുക. ചിത്രങ്ങളെടുക്കാനായി മാറണമെന്നുണ്ടെങ്കിൽ ആദ്യം എന്നെ അറിയിക്കുക’. കുഴിബോംബുകൾ നീക്കിയ ഇടങ്ങളിൽനിന്നു ശേഖരിച്ച തുരുമ്പിച്ച മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളുടെ വാലറ്റങ്ങളും പ്രവേശന കവാടത്തിൽ അടുക്കിവച്ചിരുന്നു.
യുദ്ധത്തിനു സാക്ഷ്യം വഹിച്ച ഈ തേക്കിൻ തോട്ടങ്ങൾ ഇപ്പോൾ കാണുന്നത് പഴയ ശത്രുക്കൾ അതിന്റെ ആഘാതം ഇല്ലാതാക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതാണ്. മുൻ എൽടിടിഇ പോരാളികളും മുൻ ശ്രീലങ്കൻ സൈനികരും ഈ തൊഴിലാളികളിലുണ്ടെന്ന് മാഗ് ശ്രീലങ്കൻ കൺട്രി ഡയറക്ടർ സിഗ്ഗി ഗരേവാൾ പറഞ്ഞു. ‘ഇപ്പോൾ അവർ തമ്മിലുള്ള ബന്ധം കൂടുതൽ സൗഹാർദപരമാണ്. കാലം കഴിയുന്തോറും സംഘർഷത്തിന്റെ കാഠിന്യം ആളുകൾ മറക്കുന്നു. അവർ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു’ സിഗ്ഗി പറഞ്ഞു.
തേക്കു മരങ്ങൾ തീർത്ത മേലാപ്പിനടിയിലൂടെ ഞങ്ങൾ നീങ്ങുമ്പോൾ വീണ്ടെടുത്ത സ്ഫോടകവസ്തുക്കൾ നശിപ്പിക്കാനായി സൈന്യത്തിന്റെ ഇഒഡി സംഘം എത്തി. സ്ഫോടനം ചെറുക്കാൻ പോന്ന വസ്ത്രം ധരിച്ച ഒരു ഉദ്യോഗസ്ഥൻ കുഴിബോംബുകൾ എടുത്ത് മണൽ ചാക്കുകൾ നിറച്ച കുഴിയിൽ വച്ച് പിൻവാങ്ങി. ശക്തമായ സ്ഫോടനത്തിനു പിന്നാലെ പുക ഉയർന്നു. ഓരോ നിയന്ത്രിത സ്ഫോടനവും ഭൂമിയുടെ ഓരോ ഭാഗത്തെ കൂടി സ്വതന്ത്രമാക്കുന്നു. എന്നാൽ കുഴിബോംബുകൾ എവിടയെല്ലാം കുഴിച്ചിട്ടുണ്ടെന്നു കാണിക്കുന്ന ഭൂപടങ്ങളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടു. അല്ലെങ്കിൽ അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടാക്കിയിട്ടേയില്ല. കുഴിബോംബുകൾ കുഴിച്ചിട്ട മുൻ എൽടിടിഇ പോരാളികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ആ ഓർമകൾ അപൂർണമാണെങ്കിലും അമൂല്യമാണ്.
നാഷനൽ മൈൻ ആക്ഷൻ സെന്ററിന്റെ (NMAC) കണക്കനുസരിച്ച് യുദ്ധാനന്തരം 1,332 ചതുരശ്ര കിലോമീറ്റർ ഭൂമി മലിനമായിരുന്നു. അതിൽ അപകടരമെന്ന് സംശയിക്കുന്ന സ്ഥലങ്ങളും പെട്ടിരുന്നു. ഇപ്പോൾ ഏകദേശം 22 ചതുരശ്ര കിലോമീറ്റർ മാത്രമാണ് കുഴിബോംബ് വിമുക്തമാക്കാൻ ബാക്കിയുള്ളത്. 2028ഓടെ രാജ്യം കുഴിബോംബ് വിമുക്തമാകുമെന്നു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിലും ധനവിഹിതം കുറവായതിനാലും പുതിയ അപകടമേഖലകൾ കണ്ടെത്തുന്നതിനാലും അതു സംഭവിക്കാൻ സാധ്യത കുറവാണ്. എങ്കിലും ഈ പുരോഗതി ജനത്തിനു പ്രതീക്ഷ പകരുന്നു. ഹേലോ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള, അപകടസമയ ഒഴിപ്പിക്കൽ പരിശീലനം, മുല്ലൈത്തീവിനടുത്തുള്ള ആണ്ടാകുളം കാട്ടിലെ മോക്ക് ഡ്രിൽ.
64 വയസ്സുകാരനായ രസദുരൈ രാജേന്ദ്രൻ തന്റെ ഭൂമിയിലേക്ക് മടങ്ങാൻ 22 വർഷമാണ് മുഹമ്മലൈയിൽ കാത്തിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അഞ്ചേക്കർ കൃഷിഭൂമി വീണ്ടും സജീവമാണ്. ‘യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണു മാറ്റുന്നതുകൊണ്ട് പാമ്പുകൾ ഈ വശത്തേക്കു വരുന്നുണ്ട്’. വേലിക്കു സമീപം കുരയ്ക്കുന്ന തന്റെ നായ്ക്കളെ നോക്കി അദ്ദേഹം പറഞ്ഞു. ‘അവ എപ്പോഴും കുരച്ചുകൊണ്ടിരിക്കും’. എങ്കിലും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയിൽ ആശ്വാസം പ്രകടമായിരുന്നു.
മാന്നാർ മേഖലയിലും സമാനമായ കഥകളാണ് ചുരുൾനിവർന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥനായ ലാൽ സേനാവിരത്നെയുടെ ഭൂമി രണ്ടുതവണ കുഴിബോംബ് വിമുക്തമാക്കി. ഓരോ തവണയും നൂറുകണക്കിനു കുഴിബോംബുകളാണ് അവിടെനിന്നു ലഭിച്ചത്. ‘എന്റെ ഭൂമിയിൽനിന്നു കുഴിബോംബുകൾ ഇല്ലാതായതോടെ എന്റെ മനസ്സും ശാന്തമായി’ അദ്ദേഹം പറഞ്ഞു. 26 വയസ്സുകാരനായ പ്രവീൺ സെൽവകുമാറിനെപ്പോലുള്ള യുവാക്കൾ ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കേട്ടാണു വളർന്നത്. തന്റെ കലപ്പയിൽ കുഴിബോംബുകൾ തടഞ്ഞപ്പോൾ പ്രവീൺ ജോലി നിർത്തി പോലീസിനെ അറിയിച്ചു. കനകരായകുളത്തെ ഒരു സ്കൂളിൽ മാഗ് ടീം നടത്തുന്ന ബോധവൽക്കരണ ക്ലാസുകളിലൂടെ കുട്ടികൾ കുഴിബോംബുകൾ തിരിച്ചറിയാൻ പഠിക്കുന്നു.
നിദർശന്റെ തലയിലെ വലിയൊരു പാട് തേനുജ കാണിച്ചുതന്നു. സ്ഫോടനം മൂലമല്ല, അതിനു ശേഷം ഉണ്ടായ ചികിത്സാ സങ്കീർണതകൾ മൂലമാണ് ആ മുറിവുണ്ടായത്. 2023ലെ സ്ഫോടനത്തിനു ശേഷം ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക് അവനെ മാറ്റിക്കൊണ്ടിരുന്നു. മാങ്കുളത്തുനിന്നു കിളിനൊച്ചിയിലേക്കും ഒടുവിൽ ജാഫ്നയിലേക്കും മാറ്റി. അവൻ അബോധാവസ്ഥയിലായിരുന്നു, കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ ജാഫ്നയിലെത്തിയ ഉടനെ നിദർശൻ ബോധം വീണ്ടെടുത്ത് മന്ത്രിച്ചു: ‘അമ്മേ’.
അവന്റെ തലച്ചോറിൽ ഷെൽ കഷ്ണങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തലയ്ക്കു പിന്നിൽ ശസ്ത്രക്രിയ നടത്തി അവ നീക്കം ചെയ്തു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കാരണം ചികിത്സ പൂർത്തിയാക്കാതെ തന്നെ ഡോക്ടർമാർക്ക് മുറിവു തുന്നിക്കെട്ടേണ്ടി വന്നു.
ഭാഗികമായ തളർച്ചയോടെയും ഇടതുകണ്ണിനു കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലുമാണ് നിദർശൻ അതിജീവിച്ചത്. തലയോട്ടിയുടെ ഒരു ഭാഗമില്ലാതെയാണ് അവൻ ഇപ്പോൾ സ്കൂളിൽ പോകുന്നത്. സഹപാഠികൾ അറിയാതെ തലയിൽ തൊടാതിരിക്കാൻ അവൻ എപ്പോഴും ചുവരിനോടു ചേർന്നാണ് ഇരിക്കുന്നത്. സൂക്ഷിച്ചുവച്ചിരുന്ന അവന്റെ തലയോട്ടിയുടെ ഭാഗം ദ്രവിച്ചുപോയതായി അടുത്തിടെ ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.
കുഴിബോംബിന് ഇരകളായ ഒട്ടേറെപ്പേർ നീതിപുരത്തുണ്ട്. തേനുജയുടെ സഹോദരീഭർത്താവ് മുരുകേശ് പുഷ്പരശൻ അവരിലൊരാളാണ്. 19 വയസ്സുള്ളപ്പോൾ 1997ലാണ് മുരുകേശിനു പരുക്കേറ്റത്. പി4 കുഴിബോംബ് തട്ടിയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകർ മുരുകേശിനെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു. വലതുകാലിന്റെ കീഴ്ഭാഗം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോൾ ഒരു ചെറിയ ഹോട്ടലിൽ പാചകക്കാരനാണ്.
തേനുജയുടെ ഭർത്താവ് പാർഥിപനും ഒരു പോരാളിയായിരുന്നു. പുനരധിവാസ ക്യാംപിൽ വച്ചാണ് അവർ പ്രണയത്തിലായത്. അവർക്കു മൂന്നു പെൺമക്കളും ഒരു മകനുമുണ്ട്. താനൊരു അമ്മയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് തേനുജ പറഞ്ഞു. മാലതി ബ്രിഗേഡിന്റെ ഭാഗമായിരുന്ന തേനുജ ഒട്ടേറെ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഗ്രനേഡുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷെൽ സ്ഫോടനത്തിൽ അവർക്ക് ഓരോ കയ്യിലെയും ഓരോ വിരലുകൾ നഷ്ടപ്പെട്ടിരുന്നു. മുല്ലൈവൈക്കലിൽ തമിഴ്പുലികളെ വളഞ്ഞപ്പോൾ 2009 മേയ് മാസത്തിൽ, 19-ാം വയസ്സിലാണ് തേനുജ കീഴടങ്ങിയത്. സൈന്യത്തിന്റെ വശത്തേക്കു നടക്കുമ്പോൾ കുഴിബോംബു പൊട്ടി ശരീരം ചിതറിയ ഒരു സ്ത്രീയെയും വിശപ്പും ദാഹവും കൊണ്ടു തളർന്നുവീഴുന്നവരെയും കണ്ടു. ADVERTISEMENT Go AD-FREE
എന്തുകൊണ്ടാണ് എൽടിടിഇ പരാജയപ്പെട്ടതെന്ന് തേനുജ വിശദീകരിച്ചു: ‘അവസാന ഘട്ടത്തിൽ നിർബന്ധപൂർവ്വം ചേർത്ത യുവാക്കൾക്ക് യുദ്ധം ചെയ്യാൻ താൽപര്യമില്ലായിരുന്നു. താൽപര്യമില്ലാത്തവരെ ചേർക്കരുതെന്ന് അപേക്ഷിച്ച് ഞാനും സുഹൃത്തുക്കളും തലൈവർക്കു കത്തെഴുതിയിരുന്നു’. എന്നാൽ ആ കത്ത് നേതൃത്വത്തിനു ലഭിച്ചോയെന്ന് തേനുജയ്ക്ക് ഉറപ്പില്ല. മൈൻ സ്ഫോടനത്തിൽ പരുക്കേറ്റ വെട്രിവേലായുധപിള്ള തന്റെ വാഴത്തോട്ടത്തിലേക്ക് സൈക്കിൾ ചവിട്ടിപ്പോകുന്നു.
1991ൽ തണ്ഡികുളമായിരുന്നു എൽടിടിഇക്കും സർക്കാർ സേനയ്ക്കും ഇടയിലുള്ള അതിർത്തി. വീരക്കട്ടി വെട്രിവേലായുധപിള്ള എന്ന കർഷകൻ എൽടിടിഇ നിയന്ത്രണത്തിലുള്ള വന്നിവിളാങ്കുളത്താണ് താമസിച്ചിരുന്നതെങ്കിലും ജോലി ആവശ്യത്തിനായി വാവുനിയയിലേക്കു പോകാൻ അനുവാദമുണ്ടായിരുന്നു. ഒരിക്കൽ ചെക്ക്പോസ്റ്റിൽ നിൽക്കുമ്പോൾ എൽടിടിഇ ആക്രമണം നടത്തി. സൈന്യം തിരിച്ചടിച്ചു. ഇതിനിടയിൽ പാടത്തേക്ക് ഓടിയ വെട്രിവേലായുധപിള്ള കുഴിബോംബിൽ ചവിട്ടുകയും വലതുകാൽ നഷ്ടപ്പെടുകയും ചെയ്തു. വാവുനിയ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ എത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് കുടുംബം വിവരം അറിഞ്ഞത്.
വെട്രിവേലായുധപിള്ള തളർന്നിട്ടില്ല. 73 വയസ്സുള്ള അദ്ദേഹം കൃത്രിമക്കാലുമായി സൈക്കിൾ ചവിട്ടി തന്റെ വാഴത്തോട്ടത്തിലേക്കു പോകുന്നു. നിലവിലുള്ള കൃത്രിമക്കാൽ പ്രായം കാരണം പാകമാകാത്തതിനാൽ അദ്ദേഹത്തിന് പുതിയൊരെണ്ണം ആവശ്യമാണ്. ‘ഓരോ കുഴിബോംബ് ഇരയ്ക്കും 10,000 രൂപ പെൻഷന് അർഹതയുണ്ട്. എന്നാൽ എനിക്ക് അത് ഇതുവരെ ലഭിച്ചിട്ടില്ല’ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഹൗസിങ് പ്രോജക്ടിനു കീഴിൽ നിർമിച്ച വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
ജാഫ്ന തിരുനെൽവേലിയിലെ, അൻപത്തിയഞ്ചുകാരനായ കന്ദയ്യ വിജയനന്ദൻ 1996ൽ ആടുമേയ്ക്കുന്നതിനിടെയാണ് കുഴിബോംബിൽ ചവിട്ടിയത്. സൈന്യത്തെ ഭയന്ന് രക്തം വാർന്ന് മണിക്കൂറുകളോളം അദ്ദേഹം അവിടെ കിടന്നു. ചോദ്യം ചെയ്യലിനു ശേഷം ജാഫ്നയിലെ ഒരു ആശുപത്രിയിലെത്തിച്ചു. വലതുകാലിന്റെ അടിഭാഗം നഷ്ടപ്പെട്ട അദ്ദേഹം സുഖം പ്രാപിക്കാൻ രണ്ടു വർഷമെടുത്തു. പിന്നീട് ജയ്പുർ കൃത്രിമക്കാൽ ഉപയോഗിച്ച് പനകളിൽ കയറാൻ അദ്ദേഹം സ്വയം പരിശീലിച്ചു. ഇന്ന് അദ്ദേഹം കള്ള് ചെത്തുന്നു. അരയിൽ കന്നാസും ചെത്തുപകരണങ്ങളുമായി പനയിൽ കയറുന്നതു കാണാൻ പേടിയാണെങ്കിലും അദ്ദേഹം വളരെ അനായാസം അതു ചെയ്യുന്നു. ‘എനിക്ക് ഇപ്പോൾ എന്റെ കാര്യം നോക്കാൻ കഴിയും. പക്ഷേ പ്രായമാകുമ്പോൾ വികലാംഗനായി ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്’ അദ്ദേഹം പറഞ്ഞു. ആടുകളെ മേയ്ക്കുന്നതിനിടെ മൈനിൽ ചവിട്ടിയ കണ്ടയ്യ വിജയാനന്ദൻ പിന്നീട് പനകയറ്റം പഠിച്ച് കള്ളുചെത്തുകാരനായി.
വടക്കൻ ശ്രീലങ്കയിലുടനീളം ഇത്തരം ദുരന്താനുഭവങ്ങൾ ഒട്ടേറെയുണ്ട്. ജാഫ്നയിലെ തൊണ്ടമാനാറു കായലിനും പാലാലി വിമാനത്താവളത്തിനും ഇടയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ പുലർച്ചെ കൃഷി ചെയ്യുകയായിരുന്നു, അന്ന് 20 വയസ്സുണ്ടായിരുന്ന ശിവപാദൻ തസിതരൻ. രണ്ടായിരാമാണ്ടായിരുന്നു അത്. കുഴിബോംബ് പൊട്ടി കാലു നഷ്ടമായി. ഇപ്പോൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ അദ്ദേഹം സൈക്കിൾ നന്നാക്കുന്ന ഒരു കട നടത്തുന്നു. പാശ്ചാത്യ ശൈലിയിലുള്ള ഒരു ശുചിമുറി വേണം എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു ആവശ്യം. ട്രാക്ടർ ഉപയോഗിച്ച് ഉഴവുകയായിരുന്ന ഒരു കർഷകന് ഈയിടെ കുഴിബോംബുകൾ കിട്ടിയതായി അദ്ദേഹം പറഞ്ഞു.
ഗണേശപുരത്തുനിന്നുള്ള വേലു മോഹൻരാജ് 2003ൽ വിറകു ശേഖരിക്കുമ്പോഴാണ് ചാറ്റൽ മഴ വന്നത്. മഴ നനയാതിരിക്കാൻ തിടുക്കത്തിൽ മാറിയപ്പോൾ കുഴിബോംബിലാണു ചവിട്ടിയത്. നാലു മാസം ആശുപത്രിയിൽ കഴിഞ്ഞു. മുറിവു കാരണം അദ്ദേഹത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഇപ്പോൾ അദ്ദേഹത്തിനു പ്രമേഹവും വൃക്കരോഗവുമുണ്ട്. ‘വലതുകാലിലെ പരുക്കിനു മാത്രമേ 50,000 രൂപ ലഭിക്കൂ എന്നു പറഞ്ഞ് ഞങ്ങൾക്ക് 25,000 രൂപ മാത്രമാണ് നൽകിയത്’ അദ്ദേഹത്തിന്റെ ഭാര്യ കണ്ണകി പറഞ്ഞു. പാചകപ്പണി ചെയ്യുകയാണ് കണ്ണകി.
നെല്ലുക്കുളത്തുനിന്നുള്ള, മുപ്പത്തൊൻപതുകാരിയായ കരുണാനിധി യശോദിനി (39) രണ്ടു കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്നൊരു അമ്മയാണ്. 20-ാം വയസ്സിലാണ് അവർ എൽടിടിഇയിൽ ചേർന്നത്. ഭരണവിഭാഗത്തിലായിരുന്നു തുടക്കമെങ്കിലും 2008ൽ യുദ്ധത്തിന് അയച്ചു. സൈന്യം വീണ്ടും സ്ഥാപിച്ച എൽടിടിഇയുടെ തന്നെ ഒരു കുഴിബോംബിലാണ് താൻ ചവിട്ടിയതെന്ന് യശോദിനി കരുതുന്നു. കഴുത്തിലുണ്ടായിരുന്ന ‘കുപ്പി’ (സയനൈഡ് ഗുളിക) കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും അതു വസ്ത്രങ്ങൾക്കിടയിൽ കുരുങ്ങിപ്പോയി. തകർന്ന വലതുകാൽ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റി. യുദ്ധത്തിനുശേഷം യശോദിനിക്ക് ഡവലപ്‌മെന്റ് ഓഫിസറായി സർക്കാർ ജോലി ലഭിച്ചു.‘ഇന്ന് എനിക്ക് ആ പഴയ ജീവിതമില്ല. അന്ന് ഒരു ലക്ഷ്യബോധമുണ്ടായിരുന്നു’ യശോദിനി പറഞ്ഞു. ആൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് യശോദിനിയുടെ പുതിയ ലക്ഷ്യം. കരുണാനിധി യശോധിനി ആദ്യം എൽടിടിഇയുടെ ഭരണവിഭാഗത്തിൽ പ്രവർത്തിച്ചു. എന്നാൽ 2008 ൽ അവരെ യുദ്ധഭൂമിയിലേക്ക് അയച്ചു. ഒരു സ്ഫോടനത്തിൽപ്പെട്ടപ്പോൾ സയനൈഡ് ക്യാപ്സൂൾ കൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോൾ രണ്ട് മക്കളുടെ അമ്മയായ അവൾക്ക് സർക്കാർ ജോലി ലഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരിയായതിനാൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് യശോദിനി അർഹയല്ല. ശമ്പളത്തിന്റെ ഭൂരിഭാഗവും കൃത്രിമക്കാൽ പരിപാലിക്കുന്നതിനായി ചെലവാകുന്നു. കൃത്രിമക്കാലുമായി നിൽക്കുന്ന മോഡലിങ് ചിത്രങ്ങൾ അവർ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വന്നിയിൽനിന്ന് മത്സരിക്കുകയും ചെയ്തു.‘എനിക്ക് 1,700 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ’ യശോദിനി പറഞ്ഞു. ‘പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാര്യമാണ്’. ലാപ്ടോപ്പിൽ കാർട്ടൂണുകൾ കാണുന്ന മക്കൾ യശോദിനിയുടെ അരികിലിരുന്നു. തനിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് അവൾ ഒരിക്കലും മക്കളോടു വെളിപ്പെടുത്തില്ല.
What you should read next
- LIVE ‘കെട്ടിടം അൺഫിറ്റ് ആണെന്ന റിപ്പോർട്ട് ലഭിച്ചിരുന്നില്ല; ബലക്ഷയം പരിശോധിക്കാൻ അടിയന്തര നിർദേശം’ Latest News
ശ്രീലങ്കയിലെ മധ്യവയസ്കരായ ഒരു തലമുറ യുദ്ധത്തിന്റെ മുറിവുകൾ പേറുന്നവരാണ്. ചിലതു പ്രകടം, ചിലത് ഉള്ളിലാഴത്തിൽ അടക്കം ചെയ്തവ. സൂക്ഷിച്ചുനോക്കൂ, മുടന്തി നടക്കുന്ന അനേകം സ്ത്രീപുരുഷന്മാരെ നിങ്ങൾക്കു കാണാം. ഇരകൾ സാധാരണക്കാരോ തമിഴ് പോരാളികളോ മാത്രമല്ല. 2018ൽ പി4 കുഴിബോംബ് നിർവീര്യമാക്കുന്നതിനിടെയാണ്, സിംഹളവംശജനായ സ്‌ഫോടകവസ്തു വിദഗ്ധൻ നിമൽ കരുണതിലകയ്ക്കു പരുക്കേറ്റത്. ‘എല്ലാം മാനദണ്ഡങ്ങളനുസരിച്ചു തന്നെയാണ് ചെയ്തത്’ അദ്ദേഹം പറഞ്ഞു. ‘പക്ഷേ, പഴയ കുഴിബോംബുകൾ പ്രവചനാതീതമാകാം’. അദ്ദേഹത്തിന് ഇടതുകൈയുടെ ഒരു ഭാഗവും വലതുകയ്യിലെ പല വിരലുകളും നഷ്ടപ്പെട്ടു. അദ്ദേഹത്തെ ആദ്യം സഹായിക്കാൻ ഓടിയെത്തിയത് കുഴിബോംബുകൾ നീക്കുന്ന സഹപ്രവർത്തകരായിരുന്നു; അവർ മുൻ എൽടിടിഇ പോരാളികളായിരുന്നു. കരുണതിലക ഇപ്പോൾ കിളിനൊച്ചിയിലെ എൻഎംഎസി മേഖലാ ഓഫിസിൽ കുഴിബോംബ് നീക്കൽ പൂർത്തീകരണ സർവേകളുടെ മേൽനോട്ടം വഹിക്കുന്നു.
വടക്കുനിന്നുള്ള മടക്കയാത്രയിൽ, അനുരാധപുരത്തിന് അടുത്തുള്ള മരദങ്കടവലയിലെ ഹൈവേയിൽ പഴക്കടകൾ നിരനിരയായി ഉണ്ടായിരുന്നു. ഡ്രൈവർ ഗാമിനിക്ക് ടിജെസി മാമ്പഴങ്ങൾ വേണമായിരുന്നു (ശ്രീലങ്കയിൽ ഈ ഇനം വികസിപ്പിച്ച രണ്ടു ശാസ്ത്രജ്ഞരുടെ പേരുകളിൽനിന്നാണ് മാമ്പഴത്തിനു പേരു ലഭിച്ചത്). കടയുടമ മാമ്പഴം തൂക്കി നോക്കിയ ശേഷം ഗണപതി വിഗ്രഹത്തിന് അടുത്തുള്ള ഒരു കൂടിനായി കൈനീട്ടി. നീങ്ങിയപ്പോൾ അദ്ദേഹം മുടന്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ വിരലുകൾ കഷ്ടിച്ചാണ് അനങ്ങുന്നത്–അത് ചർമത്തിന്റെ നിറത്തിനു ചേരുന്ന രീതിയിലുള്ള കൃത്രിമക്കാലായിരുന്നു. അൻപത്തിനാലുകാരനായ ടി.എൻ. വിമലാസിരി സൈന്യത്തിൽ പ്രവർത്തിച്ചയാളാണ്. 1998ൽ ‘ഓപ്പറേഷൻ ജയസിഖുരുയി’ക്കിടെ എൽടിടിഇയുടെ കുഴിബോംബ് പൊട്ടിയാണ് അദ്ദേഹത്തിനു പരുക്കേറ്റത്. ഇപ്പോൾ അദ്ദേഹം ചെറിയ പെൻഷനും തന്റെ പഴക്കടയിൽനിന്നുള്ള തുച്ഛമായ വരുമാനവും കൊണ്ടാണു ജീവിക്കുന്നത്. 1998-ലെ ‘ഓപ്പറേഷൻ ജയസിഖുരുയി’ക്കിടെ പരുക്കേറ്റ സൈനികൻ ടി.എൻ. വിമലാസിരി. ചെറിയ പെൻഷനും പഴക്കച്ചവടക്കടയിലെ വരുമാനവും ആശ്രയിച്ചാണ് ജീവിതം.
പല സിംഹള പുരുഷന്മാരും ദേശാഭിമാനംകൊണ്ടു സൈന്യത്തിൽ ചേർന്നവരാണ്, എന്നാൽ മറ്റു പലരും തങ്ങളുടെ കുടുംബം പോറ്റാനാണു സൈന്യത്തിൽ ചേർന്നത്. യുദ്ധത്തെ അതിജീവിക്കാൻ ഭാഗ്യം ലഭിച്ച ആയിരക്കണക്കിന് ആളുകൾ ഇന്ന് പരുക്കേറ്റ വിമുക്തഭടന്മാരായി ജീവിക്കുന്നു.‘രണവീരു’വെന്നാണ് അവരെ വിളിക്കുന്നത്. രാജ്യത്തുടനീളം സർക്കാർ നിർമിച്ച ‘രണവീരുഗമ’യെന്നു പേരുള്ള ഒട്ടേറെ അധിവാസകേന്ദ്രങ്ങൾ അവർക്ക് താമസ സൗകര്യം ഒരുക്കുന്നു. കുരുനെഗലയിലെ ഇബ്ബാഗമുവയ്ക്ക് അടുത്തുള്ള അത്തരമൊരു അധിവാസകേന്ദ്രം ഞാൻ സന്ദർശിച്ചു.
ഗജബ റെജിമെന്റിലെ മുൻ സൈനികനായിരുന്ന ഏകനായകെ ബണ്ഡാരയ്ക്ക് 1991ലാണ് കുഴിബോംബ് സ്ഫോടനത്തിൽ പരുക്കേറ്റത്. ഇപ്പോൾ അദ്ദേഹം ഓട്ടോറിക്ഷ ഓടിക്കുന്നു. ഒപ്പം ‘രണവീരു വെൽഫെയർ സൊസൈറ്റി’യുടെ അധ്യക്ഷനായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ വഴികളിലൂടെയുള്ള നടത്തം നമ്മെ ഒരേസമയം വേട്ടയാടുകയും പ്രചോദനം പകരുകയും ചെയ്യും. രണ്ടു കൈകളും നഷ്ടപ്പെട്ട ഒരു സൈനികൻ അപ്പോൾ വീണൊരു തേങ്ങ തന്റെ കൈമുട്ടുകൾക്കിടയിൽ വച്ച് ഓടിപ്പോകുന്നത് ഞാൻ കണ്ടു. ഗജബ റെജിമെന്റിലെ തന്നെ മറ്റൊരു സൈനികനായ എം.ജി. ദയാനന്ദയ്ക്ക് വിൽപത്തു വനത്തിൽവച്ച് ഒരു കുഴിബോംബ് സ്ഫോടനത്തിലാണ് കാലു നഷ്ടപ്പെട്ടത്. ‘കുഴിബോംബുകൾ നീക്കം ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്; അത് അടുത്ത തലമുറയുടെ അപകടം കുറയ്ക്കും’ അദ്ദേഹം പറഞ്ഞു. ‘പക്ഷേ, സാമ്പത്തിക പ്രതിസന്ധി കാരണം ഞങ്ങളുടെ പെൻഷൻ മൂല്യം കുറഞ്ഞു, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ചെയ്തു’. പെൻഷൻ വർധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന പല രണവീരുക്കളുടെയും നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചു.
പരുക്കേറ്റവരുടെ ഭാര്യമാരും മക്കളും സുംബ ക്ലാസിനായി കമ്യൂണിറ്റി സെന്ററിൽ ഒത്തുകൂടിയിരുന്നു, കഥകൾ പങ്കുവയ്ക്കാൻ ബണ്ഡാര ഒരു ഡസനോളം സൈനികരെ അവിടെ എത്തിച്ചിരുന്നു. ‘ഐപികെഎഫ് പാലാലി വിട്ടതിനു ശേഷമുള്ള രണ്ടാം ഈഴം യുദ്ധത്തിലെ ആദ്യ ഇര ഞാനായിരുന്നു’ പാലാലി വിമാനത്താവളത്തിൽ വച്ച് ഒരു മോർട്ടാർ ഷെൽ സ്ഫോടനത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ പ്രസന്ന കുറുപ്പു പറഞ്ഞു. ‘എന്റെ ആശങ്ക ഇപ്പോൾ എന്റെ അംഗപരിമിതിയല്ല, മറിച്ച് ഈ രാജ്യത്ത് അംഗപരിമിതർക്കായി ശക്തമായ നയങ്ങൾ ഇല്ലാത്തതാണ്’. ശ്രീലങ്കയിലെ മുൻനിര നിരായുധീകരണ പ്രചാരകരിൽ ഒരാളായ അദ്ദേഹം അംഗപരിമിതർ നടത്തുന്ന ‘റിഹാബ് ലങ്ക’യുടെ അധ്യക്ഷൻ കൂടിയാണ്. അംഗപരിമിതർക്ക് വീൽചെയറുകൾ നിർമിക്കാൻ പരിശീലനം നൽകുകയെന്നത് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
1980കൾ മുതൽ ശ്രീലങ്കയിൽ 22,000 പേർ കുഴിബോംബിന് ഇരകളായിട്ടുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. വിവരങ്ങൾ പൂർണമല്ലാത്തതിനാൽ യഥാർഥ സംഖ്യ ഇതിലും കൂടുതലായിരിക്കാം. സംഘർഷത്തിന്റെ നിലനിൽക്കുന്ന പൈതൃകമായി ഈ കുഴിബോംബുകൾ തുടരുന്നു. സൈനികരെന്നോ പൗരൻമാരെന്നോ മൃഗങ്ങളെന്നോ അവ വേർതിരിക്കുന്നില്ല. ആനക്കുട്ടിയായിരിക്കെ സാമയുടെ മുന്നിലെ വലതുകാൽ സ്ഫോടനത്തിൽ തെറിച്ചുപോയിരുന്നു. പിന്നാവല ആന സംരക്ഷണ കേന്ദ്രത്തിലാണ് പിന്നീട് ആ പിടിയാന കഴിഞ്ഞത്.
കൊളംബോയിലെ ഗോൾ ഫേസ് ഗ്രീൻ വർഷങ്ങളായി ഒട്ടേറെ കൊടുങ്കാറ്റുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അത് ‘അരഗലയ’ ജനാധിപത്യ പ്രസ്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ നിരോധിച്ചിരിക്കുകയാണ്. എങ്കിലും വിരമിച്ച സൈനികരുടെ ഒരു സംഘം അധ്യക്ഷന്റെ ഓഫിസിനു മുന്നിൽ ഇരിപ്പുണ്ടായിരുന്നു. ചിലർ വീൽചെയറിലായിരുന്നു, മറ്റു ചിലർ തങ്ങളുടെ കൃത്രിമക്കാലുകൾ നടപ്പാതയിൽ വച്ചിരുന്നു. മെച്ചപ്പെട്ട ജീവിതം ആവശ്യപ്പെടുന്ന, കുഴിബോംബ് ഇരകളായിരുന്നു അവരിൽ പലരും. എല്ലാ വർഷവും മേയ് 18ന് മരിച്ചവർക്കും കാണാതായവർക്കുമായി മുല്ലൈവൈക്കൽ അനുസ്മരണ ദിനത്തിൽ തമിഴർ വടക്കും കിഴക്കും ഒത്തുകൂടുന്നു. അത്തരം പരിപാടികളിൽ പങ്കെടുക്കാൻ പലരും വലിയ സാഹസികത കാട്ടുന്നു. ജാഫ്നയിൽ, ഇന്ത്യയ്ക്കെതിരായ പ്രതിഷേധത്തിൽ എൽടിടിഇ നേതാവ് തിലീപൻ നിരാഹാരം കിടന്നു മരിച്ച സ്ഥലത്ത് വികാരനിർഭരമായ ഗാനങ്ങൾ മുഴങ്ങിക്കേൾക്കാം. സൈന്യം അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്തെങ്കിലും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആളുകൾ ഒത്തുകൂടിയപ്പോൾ ചുവപ്പും മഞ്ഞയും കൊടികൾ ഗർവോടെ പാറിപ്പറന്നു. അവരിൽ പലർക്കും പരുക്കിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശിവ എന്ന സ്കൂൾ അധ്യാപകൻ എന്റെ അടുത്തേക്കുവന്ന് പതുക്കെ പറഞ്ഞു: ‘ഇന്ത്യ ഞങ്ങളെ ചതിച്ചു’. ADVERTISEMENT GO AD-FREE
ഇന്നു ജാഫ്നയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇന്ത്യൻ കൾചറൽ സെന്ററാണ്. കുഴിബോംബുകൾ നീക്കം ചെയ്തുകഴിഞ്ഞാൽ വിനോദസഞ്ചാരവും വികസനവും തിരിച്ചുവന്നേക്കാം. അപ്പോൾ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ കൂടുതൽ കെട്ടിടങ്ങൾ തമ്മിൽ മത്സരിക്കും. ഇരകളുടെ പ്രശ്നങ്ങൾ അധികൃതർ അതീവ പ്രാധാന്യത്തോടെ തൽക്കാലം കൈകാര്യം ചെയ്യേണ്ടതുണ്ട്. വിശ്വാസവും പ്രത്യയശാസ്ത്രവും നയിക്കുന്ന പുതിയ യുദ്ധങ്ങൾക്കു ലോകം സാക്ഷ്യം വഹിക്കുമ്പോൾ, ശ്രീലങ്കയിലെ ഈ വിസ്മരിക്കപ്പെട്ട യുദ്ധം ഒരു മുന്നറിയിപ്പായി നിൽക്കുന്നു–നമ്മൾ ഒളിപ്പിച്ചുവയ്ക്കുന്ന ആയുധങ്ങൾ സമാധാനം തിരിച്ചുവന്നതിനു ശേഷവും ഏറെക്കാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.
JUST IN
-
22 MINUTES AGO ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് വിവിധയിടങ്ങളിൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു Kottayam
-
38 MINUTES AGO Live ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ; മോദിയുടെ സന്ദർശനം നിർണായകം Latest News
-
1 HOUR 24 MINUTES AGO കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ് Latest News
VIEW MORE
English Summary:
Sri Lanka is an island where blood was spilt in a long and bitter civil war, and its soil still holds the memories of loss. A journey by The Week through its old battlefields reveals scarred landscapes, abandoned bunkers and villages slowly rebuilding from the ruins. In some regions, people continue to live with the constant fear that a landmine could explode beneath their feet at any moment, turning an ordinary day into tragedy. Beneath the surface of recovery lie searing, unending stories of suffering that remind the island—and the world—that the wounds of war do not fade easily. |
|