പാക്കിസ്ഥാൻ ഓഹരി വിപണിയിലെ (പിഎസ്എക്സ്) പ്രധാന സൂചികയായ കെഎസ്ഇ-100 തുടർച്ചയായ മൂന്നാം നാളിലും ചോരപ്പുഴയായി. ഇന്നു രാവിലെ പത്തരയോടെ തന്നെ സൂചിക 2,700 പോയിന്റ് കൂപ്പുകുത്തി. ഫെബ്രുവരി 20ന് 6,700 പോയിന്റും ഇന്നലെ 5,400 പോയിന്റും ഇടിഞ്ഞശേഷമാണ് ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ സൂചിക വീണുടഞ്ഞത്.
ഇറാനും യുഎസും തമ്മിലെ യുദ്ധഭീതി നിഴലിക്കുന്നതും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷവും ഓഹരികളെ വിൽപനസമ്മർദത്തിൽ മുക്കി. ഇതിനുപുറമേ പാക്കിസ്ഥാന് നിത്യച്ചെലവിനുള്ള സാമ്പത്തികപ്പാക്കേജ് അനുവദിച്ച രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അവലോകനം നടത്താനൊരുങ്ങുന്നതും വിപണിയെ ഉലച്ചു.
പാക്കിസ്ഥാനിലെ പ്രധാന ഓഹരികളായ ഹാസ്കോൾ പെട്രോളിയം, ബാങ്ക് ഓഫ് പഞ്ചാബ്, വേൾഡ്കോൾ ടെലികോം എന്നിവ 7% വരെ ഇടിഞ്ഞ് നഷ്ടത്തെ നയിക്കുകയാണ്. പാക്കിസ്ഥാൻ ഓയിൽഫീൽഡ് ലിമിറ്റഡ് ഉൾപ്പെടെ പല കമ്പനികളുടെയും പ്രവർത്തനഫലം മോശമായതും ലാഭം ഇടിഞ്ഞതുമെല്ലാം ഓഹരി വിപണിയുടെ വീഴ്ചയ്ക്ക് കാരണമായി.
ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായാൽ അത് പാക്കിസ്ഥാനിൽ ഇന്ധനവില കത്തിക്കയറാൻ വഴിയൊരുക്കും. നിലവിൽതന്നെ കുത്തനെ ഉയർന്നുനിൽക്കുന്ന പെട്രോൾ, ഡീസൽ വിലയും പണപ്പെരുപ്പവും പാക്കിസ്ഥാനികളെ വലയ്ക്കുന്നുണ്ട്. ഐഎംഎഫിന്റെ അവലോകനം പാക്കിസ്ഥാന് സാമ്പത്തിക പാക്കേജിന്റെ അടുത്ത ഗഡുക്കൾ കിട്ടാൻ ഏറെ നിർണായകവുമാണ് എന്നിരിക്കേയാണ് ഓഹരികളുടെ വീഴ്ച. ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT Go AD-FREE English Summary:
Why did Pakistan\“s KSE-100 plunge 2,700 points for third day? Why is the Pakistan Stock Market witnessing a massive “bloodbath“ for the third consecutive day? |