കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലെ പാത്തി തകർന്ന് മഴവെള്ളം മുഴുവൻ ഗാലറിയിൽ. കോടിക്കണക്കിനു രൂപ ചെലവിട്ട് കലൂർ സ്റ്റേഡിയം നവീകരിച്ചെങ്കിലും മേൽക്കൂരയിൽ ഒന്നും ചെയ്തില്ല. മേൽക്കൂരയുടെ ബലക്ഷയമാണ് ചോർച്ചയ്ക്കു കാരണം. മേൽക്കൂരയിലെ ഷീറ്റുകൾ തമ്മിൽ ചേരുന്ന ഭാഗത്തെ പാത്തി സ്ഥാനംതെറ്റിയതാണു വലിയ ചോർച്ചയ്ക്കു കാരണമായത്. മേൽക്കൂര താങ്ങി നിർത്തിയിരിക്കുന്ന ഇരുമ്പു ചട്ടക്കൂട് ദ്രവിച്ച് ബലക്ഷയം വന്നതിനാലാണ് ഇതു സംഭവിച്ചത്.
2009ലാണു കലൂർ സ്റ്റേഡിയത്തിൽ മേൽക്കൂര നിർമിച്ചത്. 3 വർഷം കൂടുമ്പോൾ ഇരുമ്പു ചട്ടക്കൂട് പെയിന്റടിക്കണം. എന്നാൽ ഇതുവരെ സ്ട്രക്ചറിനു പെയ്ന്റടിച്ചിട്ടില്ല. സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കു മുകളിൽ സോളർ പാനലുകൾ സ്ഥാപിക്കാൻ മേൽക്കൂര പരിശോധിച്ചപ്പോഴാണു ബലക്ഷയം ശ്രദ്ധയിൽപെട്ടത്. മേൽക്കൂരയിലെ വലിയൊരു ഭാഗം സ്ട്രക്ചർ തുരുമ്പെടുത്തെന്നും മാറ്റി സ്ഥാപിക്കണമെന്നും ഐഐടി റിപ്പോർട്ടുണ്ടായിരുന്നു. അത് ഇതുവരെ നടത്തിയിട്ടില്ല.
സ്റ്റേഡിയം ആദ്യം കേരള ക്രിക്കറ്റ് അസോസിയേഷനും പിന്നീട് കേരള ഫുട്ബോൾ അസോസിയേഷനും പിന്നീട് ബ്ലാസ്റ്റേഴ്സിനും പാട്ടത്തിനു നൽകിയെങ്കിലും സ്റ്റേഡിയം പരിപാലനം സംബന്ധിച്ചു വ്യക്തമായ കരാറുണ്ടാക്കിയിട്ടില്ല. ഇതുമൂലം ജിസിഡിഎ സ്റ്റേഡിയം നവീകരണം നടത്തുന്നതിന് ഓഡിറ്റ് ഒബ്ജക്‌ഷനുമുണ്ട്. മേൽക്കൂര നിർമിക്കുമ്പോൾ തന്നെ അതിന്റെ ഇരുമ്പു പൈപ്പുകൾ മാസങ്ങളോളം വെള്ളത്തിൽ കിടന്നു പൈപ്പിന്റെ ഉള്ളിൽ തുരുമ്പെടുത്തിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ തെക്ക് – പടിഞ്ഞാറ് ഭാഗത്താണ് മേൽക്കൂരയ്ക്കു തകരാർ. ഇവിടെയാണ് ഉപ്പ് കാറ്റ് ഏറ്റവും കൂടുതൽ അടിക്കുന്നത്. മേൽക്കൂരയിലെ വെള്ളം പാത്തികളിലൂടെ ഒഴുകി സ്റ്റേഡിയത്തിലെ 4 വാട്ടർ ടാങ്കുകളിൽ വീഴണം.
ഈ വെള്ളമാണു ടർഫ് നനയ്ക്കാനും ടോയ്‌ലറ്റുകളിലും ഉപയോഗിക്കുന്നത്. എന്നാൽ പാത്തികൾ ഉറപ്പിച്ച ഭാഗത്തെ ഇരുമ്പ് പൈപ്പ് തകരാറിലായപ്പോൾ പാത്തികൾ സ്ഥാനം മാറിയതാവാം ചോർച്ചയ്ക്കിടയാക്കിയതെന്നു കരുതുന്നു. ഫിഫ ടൂർണമെന്റ് നടന്നപ്പോഴും അർജന്റീന ടീമിന്റെ വരവു പ്രമാണിച്ചും സ്റ്റേഡിയത്തിൽ നവീകരണ പ്രവൃത്തികൾ നടന്നെങ്കിലും മേൽക്കൂരയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ADVERTISEMENT Go AD-FREE English Summary:
Kaloor Stadium roof leak has caused the gallery to flood after a gutter collapsed due to a corroded and weakened iron framework. Reports indicate a long history of neglect and a lack of clear maintenance responsibility are to blame for the structural failure. |
|